|    Jul 22 Sun, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് വര്‍ധിച്ചു

Published : 11th September 2017 | Posted By: fsq

 

എന്‍ എ ശിഹാബ്

തിരുവനന്തപുരം: 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കൂടുന്നതായി ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കിലാണ് പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതായി കാണിക്കുന്നത്. 2014നെ അപേക്ഷിച്ച് 2016ല്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കുറവാണ്. എന്നാല്‍, 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് കൂടുകയാണു ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടിവരുന്നതു കണക്കിലെടുത്ത് സാമൂഹിക സുരക്ഷാ വകുപ്പിന്റെ കീഴില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വിടരും മുമ്പേ കൊഴിയുന്ന മൊട്ടുകള്‍ എന്ന പേരില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണു പദ്ധതി. ഒറ്റപ്പെടല്‍ സ്വഭാവമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും വേണ്ട പരിഗണന നല്‍കുന്നതിനും പരിശീലനം നേടിയ കൗണ്‍സലര്‍മാരുണ്ടാവും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ പൈലറ്റ് പദ്ധതിക്ക് അടുത്ത മാസം ആദ്യം തുടക്കമാവും. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം മുതല്‍ ശാരീരിക പീഡനങ്ങള്‍ വരെ ആത്മഹത്യയുടെ കാരണങ്ങളാണെന്നു മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  അതേസമയം, കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നതില്‍ 75 ശതമാനവും പുരുഷന്മാരാണ്. ആത്മഹത്യ ചെയ്യുന്നതില്‍ 75 ശതമാനം പേരും വിവാഹിതരുമാണ്. സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ കാര്യത്തില്‍ കേരളത്തിന് എട്ടാംസ്ഥാനമാണ്. നേരത്തേ ആത്മഹത്യയുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. 15നും 45നും ഇടയിലുള്ള പുരുഷന്മാരുടെ ഇടയിലാണ് ആത്മഹത്യാനിരക്ക് കൂടുതല്‍. അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാളും കേരളത്തില്‍ ആത്മഹത്യകള്‍ കുറയുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും സംസ്ഥാനത്ത് കുറഞ്ഞ നിരക്കാണു രേഖപ്പെടുത്തുന്നത്. 2003ല്‍ ഒരുലക്ഷത്തില്‍ 28.9 ആയിരുന്നു നിരക്കെങ്കില്‍ ഇപ്പോള്‍ 21.6 ആയി. കേരളത്തിലെ ആത്മഹത്യകളില്‍ 36.5 ശതമാനം കുടുംബപ്രശ്‌നങ്ങള്‍ മൂലവും 24.1 ശതമാനം മാനസിക, ശാരീരിക രോഗങ്ങള്‍ മൂലവുമാണെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ റിപോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ കുടുംബിനികളാണു കൂടുതലും ആത്മഹത്യ ചെയ്യുന്നത്. മൂന്നു വര്‍ഷം മുമ്പു വരെ കുടുംബ ആത്മഹത്യകളുടെ കാര്യത്തില്‍ കേരളമായിരുന്നു മുമ്പില്‍. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ലോകത്താകെ ഒരുകോടിപേരെങ്കിലും ജീവനൊടുക്കുന്നുണ്ട്.ഓരോ മിനിറ്റിലും രണ്ട് ആത്മഹത്യ. ഓരോ ആത്മഹത്യ നടക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങളുമുണ്ട്. 2015ല്‍ കേരളത്തില്‍ ആകെ ആത്മഹത്യ ചെയ്തത് 7,692 പേരാണ്. ഇന്ത്യയിലെ മൊത്തം ആത്മഹത്യാനിരക്കിന്റെ 21.6 ശതമാനമാണിത്. രാജ്യത്ത് ഓരോ മണിക്കൂറിലും ഓരോ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss