|    Apr 27 Fri, 2018 12:23 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കേരളത്തില്‍ നടക്കാത്ത മൂന്നാംബദല്‍ മോഹം

Published : 28th October 2015 | Posted By: SMR

കാനം രാജേന്ദ്രന്‍

കേരളത്തില്‍ ഇന്ന് രാഷ്ട്രീയരംഗത്ത് അതിവേഗത്തിലുള്ള ഒരു പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനു നിദാനം ഇരുമുന്നണികളും നടത്തുന്ന ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷത്തോടുള്ള കടുത്ത അവഗണനയും ആണെന്ന വാദമുയര്‍ത്തി മൂന്നാംബദല്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വര്‍ഗവും ജാതിയും രണ്ടും നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യം. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിേവചനങ്ങള്‍ക്കെതിരേ കമ്മ്യൂണിസ്റ്റുകള്‍ പോരാടിയിട്ടുണ്ട്. വര്‍ഗപരമായ ഐക്യത്തിന് ജാതിവിഭജനം തടസ്സമാവാന്‍ പാടില്ല. പിന്നാക്ക വിഭാഗങ്ങളുടെയും ദലിതരുടെയും ഇടയില്‍ മെല്ലെ മെല്ലെ ജാതിവിവേചനം രൂപംകൊള്ളുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
1903 മെയ് 15നാണ് ശ്രീനാരായണ ധര്‍മ പരിപാലന യോഗം പ്രവര്‍ത്തനം ആരംഭിച്ചത്. അയിത്തസംസ്‌കാരം ഇല്ലായ്മ ചെയ്യുന്നതിനും ഈഴവരുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ഒരു സ്വജാതി സംഘടനയായിട്ടാണ് തുടക്കമെങ്കിലും യോഗത്തെ ജാതിമതാതീത സംഘടനയായി വളര്‍ത്തിക്കൊണ്ടുവരുകയും സമൂഹത്തെ സര്‍വതോന്മുഖമായ പുരോഗതിയിലേക്ക് നയിക്കുകയുമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ലക്ഷ്യം.
1928ല്‍ ടി കെ മാധവന്റെയും 1933ല്‍ സി കേശവന്റെയും നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം കിടയറ്റ ഈഴവ സംഘടനയായി വളര്‍ച്ചപ്രാപിച്ചു. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മ പരിപാലന യോഗം അതിന്റെ ചരിത്രത്തോടുപോലും കൂറു പുലര്‍ത്തുന്നില്ല എന്ന യാഥാര്‍ഥ്യം മലയാളികള്‍ തിരിച്ചറിയേണ്ടതുണ്ട്. ബിജെപിയെയും സംഘപരിവാരത്തിനെയും വെള്ളപൂശാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സവര്‍ണ ഫാഷിസ്റ്റ് ശക്തികളെ ന്യായീകരിക്കാന്‍ അധിക ജോലിയെടുക്കുന്നവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയ വേളയില്‍ ബിജെപി സ്വീകരിച്ച നിലപാട് മറന്നുപോയോ? പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനോട് ബിജെപി കാട്ടിയ അലര്‍ജി ഇന്നത്തെ എസ്എന്‍ഡിപി നേതാക്കള്‍ ഓര്‍ക്കുന്നില്ലേ? ഹിന്ദുമത വിശ്വാസികളെ ഒന്നടങ്കം അണിനിരത്താന്‍ ബിജെപി ഹിന്ദുരാഷ്ട്രവാദം പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായിരുന്ന സംവിധാനങ്ങളില്‍ ഊറ്റംകൊള്ളുന്നവരാണവര്‍. അവരുടെ സങ്കല്‍പ്പത്തിലുള്ള ഹിന്ദു ആരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് സംവരണ വിഷയത്തില്‍ ബിജെപി എന്നും പ്രകടിപ്പിച്ചിട്ടുള്ളത്. സംവരണമേ വേണ്ട എന്ന ആര്‍എസ്എസ് മേധാവിയുടെ നിലപാടിനോട് എസ്എന്‍ഡിപി അടക്കമുള്ള സാമുദായിക സംഘടനകളുടെ നിലപാട് എന്താണ്?
മുന്നാക്ക ജാതിക്കാരെന്നു പറയപ്പെടുന്നവര്‍ക്കിടയിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം അനുവദിക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. 1981 മുതല്‍ ഈ ആവശ്യം സിപിഐ ഉന്നയിക്കുന്നുണ്ട്. സംവരണം അട്ടിമറിക്കാനുള്ള ഏതു നീക്കവും പരാജയപ്പെടുത്തേണ്ടതുണ്ട്.
എയ്ഡഡ് മേഖലയില്‍ കേവലം അഞ്ചു ശതമാനം സ്‌കൂളുകളേ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനും സ്വന്തമായുള്ളൂ എന്ന വാദം വെള്ളാപ്പള്ളി ഉയര്‍ത്തുന്നു. കേരളത്തിന്റെ പല ദിക്കുകളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വന്‍ സംരംഭമായി പടര്‍ന്നുനില്‍ക്കുന്നതിനു പിന്നില്‍ മുന്‍ഗാമികളുടെ നിസ്വാര്‍ഥ സേവനമാണെന്ന് ഇന്ന് എസ്എന്‍ഡിപി നേതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.
1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും 1970ലെ അച്യുതമേനോന്‍ ഗവണ്‍മെന്റും കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ സാമ്പത്തികരംഗത്ത് കൃഷിക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത നേട്ടങ്ങളേക്കാള്‍ ഒട്ടും കുറയാത്ത നേട്ടം സാമൂഹികരംഗത്ത് അവര്‍ക്ക് നേടിക്കൊടുത്തിട്ടുണ്ടെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരുകാലത്ത് പാട്ടക്കുടിയാന്മാരും കുടികിടപ്പുകാരും എല്ലാ അര്‍ഥത്തിലും ജന്മിമാരുടെ അടിമകളായിരുന്നു. കുടിയാന്മാരിലും കുടികിടപ്പുകാരിലും ബഹുഭൂരിപക്ഷവും അവര്‍ണ ജാതിക്കാരായിരുന്നു. ജന്മികള്‍ സവര്‍ണ ജാതിക്കാരും. ഈ സാഹചര്യത്തില്‍ സാമ്പത്തിക ചൂഷണത്തോടൊപ്പം ജാതീയമായ അനാചാരവും തങ്ങളെ ആശ്രയിച്ചു കഴിയുന്ന പാവപ്പെട്ടവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ജന്മിത്വം അവര്‍ക്ക് അധികാരം നല്‍കിയിരുന്നു. സാമൂഹികമായ പല അനാചാരങ്ങള്‍ക്കും അറുതിവന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ്.

(സിപിഐ സംസ്ഥാന സെക്രട്ടറിയാണ്
ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss