|    Dec 14 Thu, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തില്‍ ത്രിവല്‍സര ബിഎസ്‌സി എംഎല്‍ടിക്ക് ഇനി അംഗീകാരമില്ല

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലെ 2012നു ശേഷമുള്ള ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍ടി) കോഴ്‌സുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേരളത്തില്‍ നാലു വര്‍ഷത്തെ കോഴ്‌സാണ് ബിഎസ്‌സി എംഎല്‍ടി. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ ചെന്ന് മൂന്നു വര്‍ഷ കോഴ്‌സ് പഠിച്ച് കേരളത്തിലെത്തുന്നവര്‍ നാലു വര്‍ഷത്തെ കോഴ്‌സ് പഠിച്ച മിടുക്കരായ വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ നേടിയെടുക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.
ആരോഗ്യ സര്‍വകലാശാലയ്ക്ക് തൃശൂരിലെ ആസ്ഥാനത്ത് 46 കോടി രൂപ ചെലവിട്ട് അക്കാദമിക് ബ്ലോക്ക് നിര്‍മിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. സര്‍വകലാശാലയുടെ അധ്യാപകേതര ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിന് ഉപസമിതി രൂപീകരിക്കാനും തീരുമാനമായി. എംജി സര്‍വകലാശാല നടത്തിക്കൊണ്ടിരിക്കുന്ന പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്ന കാര്യത്തില്‍ അന്തിമതീരുമാനവും കൗണ്‍സില്‍ കൈക്കൊണ്ടു. ഈ കോഴ്‌സുകള്‍ ഏറ്റെടുക്കണമെന്ന എംജി സര്‍വകലാശാലയുടെ സമ്മര്‍ദനീക്കങ്ങള്‍ ഇതോടെ വിഫലമായി.
ആശുപത്രി പ്രവര്‍ത്തനം നിലച്ച കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരെ മറ്റു മെഡിക്കല്‍ കോളജുകളിലേക്കു മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം തേടാനും തീരുമാനിച്ചു. ഇടുക്കി മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പരീക്ഷ എഴുതുന്നതിന് അനുമതി നല്‍കാനും തീരുമാനമായി. ആരോഗ്യ സര്‍വകലാശാലയുടെ ഫിനാന്‍സ് ഓഫിസറായി കാലിക്കറ്റ് സര്‍വകലാശാലാ ഫിനാന്‍സ് ഓഫിസര്‍ രാജേഷിനെ നിയമിക്കും. കൊച്ചിയിലെ ഇന്ദിരാഗാന്ധി കോളജിലെ നഴ്‌സിങിന് അംഗീകാരം സംബന്ധിച്ച മുന്‍ തീരുമാനത്തിനെതിരായ പരാതികള്‍ കൗണ്‍സില്‍ തള്ളി. അംഗീകാരം നല്‍കേണ്ടതില്ലെന്ന മുന്‍ തീരുമാനം ശരിവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക