|    Mar 27 Mon, 2017 2:24 am
FLASH NEWS

കേരളത്തില്‍ തൈറോയ്ഡ് കാന്‍സര്‍ വര്‍ധിക്കുന്നു; രോഗനിര്‍ണയം സാധ്യമാവുമ്പോഴും വെല്ലുവിളികള്‍ അവശേഷിക്കുന്നു

Published : 26th September 2016 | Posted By: SMR

കൊച്ചി: കേരളത്തില്‍ തൈറോയ്ഡ് കാന്‍സര്‍  വളരെയേറെ വര്‍ധിച്ചുവരുകയാണെന്നു പഠനങ്ങ ള്‍ തെളിയിക്കുന്നു.  പരിശീലനം സിദ്ധിച്ചവരുടെയും വൈദഗ്ധ്യമുള്ളവരുടെയും അഭാവമാണ് രോഗനിര്‍ണയത്തി ല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2013-14 വര്‍ഷങ്ങളില്‍ 2,480 തൈറോയ്ഡ് കാന്‍സര്‍ കേസുകള്‍ കണ്ടെത്തിയതില്‍ 1,064 എണ്ണവും പുതുതായി നിര്‍ണയിക്കപ്പെട്ടവയാണ്. കേരളത്തില്‍ വരുംനാളുകളില്‍ 2,862 സ്ത്രീകളിലെങ്കിലും പുതുതായി തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്തപ്പെടുമെന്നാണു സൂചനയെന്ന് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്ക ല്‍ സയന്‍സസിലെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് പിഇടിസിടി വിഭാഗം മേധാവിയും ക്ലിനിക്കല്‍ പ്രഫസറുമായ ഡോ. പി ഷണ്‍മുഖസുന്ദരം പറയുന്നു.
2012 മുതല്‍ 2014 വരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ത്രീകളുടെ ജനസംഖ്യയും അവരിലെ കാന്‍സര്‍ബാധിതരുടെ എണ്ണവും അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. കേരളത്തില്‍ ഒരുവര്‍ഷം 8,586 പേരില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള തൈറോയ്ഡ് കാന്‍സറുകള്‍ ചികില്‍സയും പ്രത്യേക പരിചരണവും ആവശ്യമുള്ളവയാണ്. രോഗനിര്‍ണയം, കൈകാര്യം, ചികില്‍സ എന്നിവയിലെല്ലാം വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്.   സംസ്ഥാനത്ത് തൈറോയ്ഡില്‍ പ്രത്യേക പരിശീലനം ലഭിച്ച സൈറ്റോപതോളജിസ്റ്റുകളുടെ കുറവും മറ്റൊരു വെല്ലുവിളിയാണ്. തൈറോയ്ഡ് കാന്‍സര്‍ രോഗികളെ നേരത്തേ കണ്ടെത്താനും സമയത്ത് ചികില്‍സിക്കാനും സാധിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാനാവും. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഗ്രന്ഥികളിലാണ് കാന്‍സര്‍ ഉണ്ടാവുന്നത്. ശരീരപരിണാമത്തിന്റെ സാധാരണമായ നിയന്ത്രണങ്ങള്‍ക്ക് ഈ ഹോ ര്‍മോണുകള്‍ അത്യന്താപേക്ഷിതമാണ്. തൈറോയ്ഡ് മുഴയിലെ തടിപ്പും ഭക്ഷണം കഴിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടും തൊണ്ടയ്ക്കും കഴുത്തിനുമുള്ള വേദനയും തൊണ്ടമുഴകളില്‍നിന്നുള്ള പഴുപ്പും നിരന്തരമായ ചുമയും ശബ്ദവ്യതിയാനവും എല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ചെറുത്, ഇടത്തരം, അതീവഗുരുതരം എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് തൈറോയ്ഡ് കാന്‍സര്‍ കൈകാര്യം ചെയ്യുന്നത്.
തൈറോയ്ഡ് കാന്‍സറിന്റെ സ്റ്റാന്റേര്‍ഡ് ടെസ്റ്റായി പരിഗണിക്കപ്പെടുന്നത് ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി ആണ്. രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഗ്രൂപ്പിനെ ആശ്രയിച്ചാണ് ചികില്‍സ നല്‍കുന്നത്. കുറഞ്ഞ അപകടസാധ്യത മാത്രമാണുള്ളതെങ്കില്‍ കാഠിന്യം കുറഞ്ഞ ചികില്‍സയും ഇടത്തരം, ഗുരുതര പ്രശ്‌നസാധ്യതയുള്ളവര്‍ക്ക് ശസ്ത്രക്രിയയും റേഡിയോ ആക്ടീവ് അയഡിന്‍ ഡോസുകളും ഉള്‍പ്പെടെയുള്ള കാഠിന്യമേറിയ ചികില്‍സയുമാണ് നല്‍കുക. തൈറോയ്ഡ് കാന്‍സറിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക