|    Dec 10 Mon, 2018 9:55 am
FLASH NEWS

കേരളത്തില്‍ ക്രമസമാധാനം ഭദ്രം: പിണറായി

Published : 27th May 2018 | Posted By: kasim kzm

തൃശൂര്‍: ക്രമസമാധാനം ഏറ്റവും ഭദ്രമായിരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക നായകന്മാരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കുറവാണ്. ക്രിമിനല്‍ പ്രവൃത്തികള്‍ ആരുചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. കേസന്വേഷങ്ങളില്‍ വീഴ്ചയുണ്ടെന്നു പരാതിയില്ല. ഇതു കോടതികള്‍ പോലും അംഗീകരിച്ച കാര്യമാണ്. ക്രമസമാധാനം പാലിക്കുകയെന്നത് പ്രധാനമായകാര്യമാണ്. അതു തകരാതിരിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാരുടെ ക്ഷേമപെന്‍ഷനുകളില്‍ കാലാനുസൃതമായ വര്‍ധനവുണ്ടാകും. അവരുടെ ആശ്രി തര്‍ക്കും പെന്‍ഷനുകള്‍ ഉറപ്പുവരുത്തും. അക്കാദമി അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ പക്ഷ പാതിത്വമില്ല. അംഗീകരിക്കപ്പെടേണ്ടവര്‍ അംഗീകരിക്കപ്പെടും. ഇതുവരെ നിശ്ചയിച്ച അവാര്‍ഡുകളുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയുണ്ടായിട്ടില്ല. ജില്ലകള്‍ തോറും സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സമുച്ചയം നിര്‍മിക്കുന്നതിനായി സ്ഥലം ലഭിക്കുന്ന കാര്യത്തില്‍ പ്രശ്‌ന ങ്ങളുണ്ടായിരുന്നത് പരിഹരിക്കപ്പെട്ടിട്ടുണ്ട്.
നാടക പ്രവര്‍ത്തകരെ സാംസ്‌കാരിക രംഗത്തുനിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത സര്‍ക്കാരിനില്ല. നാടകത്തിന് എല്ലാ സമയത്തും സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍യിട്ടുള്ളത്. തൃശൂരിലെ വിവിധ അക്കാദമികളുടെ ഏകോപനം പ്രായോഗികമാണെങ്കില്‍ അതു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, എംപി വീരേന്ദ്രകുമാര്‍ എംപി, കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, പുരുഷന്‍ കടലുണ്ടി എംഎല്‍എ, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, എം കെ സാനു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സെക്രട്ടറി ഡോ. കെ പി മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, എസ് രമേശന്‍, വി ടി മുരളി, പി കെ ഗോപി, വി കെ ശ്രീരാമന്‍, ടി ഡി രാമകൃഷ്ണന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ദേവകി നിലയങ്ങോട്, സിസ്റ്റര്‍ ജെസ്മി, സി എസ് ചന്ദ്രിക, എം പി സുരേന്ദ്രന്‍, ജോണ്‍ പോള്‍, തനുജ ഭട്ടതിരിപ്പാട്, എം എന്‍ വിനയകുമാര്‍, ജി കുമാരവര്‍മ, മുണ്ടൂര്‍ സേതുമാധവന്‍, പ്രിയനന്ദനന്‍, വേണുജി, ആലങ്കോട് ലീലാകൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ  തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss