|    Jan 20 Fri, 2017 5:07 am
FLASH NEWS

കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാവില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍; ഈ മാസവും അടുത്ത മാസവും ശക്തമായ മഴയ്ക്കു സാധ്യത

Published : 6th September 2016 | Posted By: SMR

കൊച്ചി: കോരിച്ചൊരിയുന്ന മഴയില്ലാതെ വെയിലുദിച്ചുനിന്ന കര്‍ക്കിടകം കടന്നുപോയെങ്കിലും വരാനിരിക്കുന്ന വേനലില്‍ കടുത്ത വരള്‍ച്ച ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ വിഭാഗം. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 30 ശതമാനം മഴയുടെ കുറവ് ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത് കനത്ത മഴയ്ക്ക് സഹായകമാവാറുണ്ട്.
എന്നാല്‍, ഇക്കുറി ഇത് കുറവായിരുന്നു. എങ്കിലും ഈമാസവും അടുത്ത മാസവും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ തുടര്‍ച്ചായി വരുംമാസങ്ങളില്‍ കേരളത്തിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കണക്കുകൂട്ടുന്നത്. മാത്രമല്ല ജൂണ്‍ മാസത്തിനു മുമ്പുതന്നെ പെയ്ത പ്രീ മണ്‍സൂണ്‍ മഴ ഇനിയങ്ങോട്ട് കടുത്ത വരള്‍ച്ചയുണ്ടാവാന്‍ സാധ്യതയില്ലാത്ത രീതിയില്‍ കേരളത്തില്‍ ലഭിച്ചുകഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ അത്രയും കഠിനമായ വരള്‍ച്ചയും ചൂടും ഉണ്ടാവില്ലെന്നാണ് ഇവരുടെ അഭിപ്രായം. സപ്തംബര്‍ മാസത്തോടെ ഡാമുകളിലും മറ്റും ജലം നിറയുമെന്നാണ് കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്ത് അവസാനം വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പെയ്ത മഴയില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും കുറവു—ണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ 979.1 മില്ലീലിറ്ററും, കണ്ണൂരില്‍ 1654.1, എറണാകുളത്ത് 1369.5, ഇടുക്കിയില്‍ 1302.1, കാസര്‍കോട് 1860.6, കൊല്ലത്ത് 835.7, കോട്ടയത്ത് 1158.8, കോഴിക്കോട് 1703.2, മലപ്പുറത്ത് 1123.5, പാലക്കാട് 96.5, പത്തനംതിട്ടയില്‍ 905.5, തിരുവനന്തപുരത്ത് 538.5, തൃശൂരില്‍ 1104.8, വയനാട് 895.8 മില്ലീലിറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചിരിക്കുന്നത്.
ഇതില്‍ വയനാട് ജില്ലയിലാണ് സാധാരണ നിലയില്‍ ലഭിക്കേണ്ടിയിരുന്നതിനെക്കാള്‍ വലിയ കുറവണ്ടായത്. 59 ശതമാനത്തോളം പോരായ്മയാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ഇക്കാലയളവില്‍ കേരളത്തില്‍ ആകെ ലഭിച്ച മഴ 1166.7 മില്ലീ ലിറ്ററാണ്. ലക്ഷദ്വീപില്‍ 609.9 മില്ലീലിറ്ററും. എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേതില്‍ നിന്നും മഴ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇവയ്‌ക്കൊക്കെ പരിഹാരമായി മാറുന്നതാവും ഈമാസം ലഭിക്കുന്ന മഴയെന്ന നിരീക്ഷണമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പ്രകാരം കേരളത്തില്‍ 46.3 മില്ലീലിറ്റര്‍ മഴയാണ് ലഭിച്ചത്. കണക്കുകള്‍ പ്രകാരം ലഭിക്കേണ്ടിയിരുന്ന മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ 53 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ആവശ്യത്തിന് വേണ്ടതിനെക്കാള്‍ വലിയ അപര്യാപ്തതയായാണ് കാലാവസ്ഥാ വിഭാഗം ഇതിനെ കണക്കാക്കുന്നത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴയുടെ കാര്യത്തില്‍ വരും മാസങ്ങളില്‍ കുറവുണ്ടായാലും കേരളം കൊടുംവരള്‍ച്ചയിലേ—ക്ക് പോവില്ലെന്നുത—ന്നെയാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക