|    Apr 25 Wed, 2018 10:15 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കേരളത്തില്‍ ഒരു ഭരണകൂടമുണ്ടോ?

Published : 5th May 2016 | Posted By: SMR

കേരളത്തിലെ ഭരണകൂടത്തെ സംബന്ധിച്ച് ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന സംഭവങ്ങളാണ് പെരുമ്പാവൂരിലെ ദലിത് യുവതിയുടെ ക്രൂരപീഡനവും കൊലപാതകവും അതേത്തുടര്‍ന്നുണ്ടായ അന്വേഷണപാളിച്ചകളും വെളിപ്പെടുത്തുന്നത്. ഏപ്രില്‍ 28ന് പട്ടാപ്പകല്‍ കൊല നടന്നുകഴിഞ്ഞ ശേഷവും ഇത് അധികൃതരുടെ ശ്രദ്ധയില്‍ വരുന്നതും പോലിസ് നടപടികള്‍ സ്വീകരിക്കുന്നതും ദിവസങ്ങള്‍ക്കു ശേഷമാണ്. സോഷ്യല്‍ മീഡിയകളില്‍ കൊല്ലപ്പെട്ട യുവതിയുടെ സഹപാഠികള്‍ നല്‍കിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരുകയും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്ത സാഹചര്യത്തില്‍ മാത്രമാണ് ഭരണകൂടം തങ്ങളുടെ അലസനിദ്രയില്‍നിന്ന് സടകുടഞ്ഞെഴുന്നേറ്റത്.
ആഭ്യന്തരമന്ത്രിയും മറ്റു രാഷ്ട്രീയനേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടും ചൂടിലാണ് എന്നത് വീഴ്ചയ്ക്കു ന്യായീകരണമായി പറയാവുന്നതല്ല. നിയമവിദ്യാര്‍ഥിയായ ജിഷയുടെ കൊലപാതകം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പ്രതിപക്ഷം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്നതിലും കാര്യമില്ല. കാരണം, പോലിസിന്റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അലംഭാവമാണ്. ഇത് ഒരിക്കലും ഒരു സംസ്‌കൃതസമൂഹത്തിനു വച്ചുപൊറുപ്പിക്കാവുന്നതല്ല.
ജിഷയും മാതാവ് രാജേശ്വരിയും പെരുമ്പാവൂരിലെ ഒറ്റപ്പെട്ട കുടിലില്‍ കഴിഞ്ഞുവന്ന വേളയില്‍ പലതരത്തിലുള്ള സാമൂഹിക പീഡനങ്ങളും അനുഭവിക്കേണ്ടിവരുകയുണ്ടായി എന്ന യാഥാര്‍ഥ്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഒരു ദലിത് കുടുംബത്തെ എങ്ങനെയാണ് സമൂഹം ഒറ്റപ്പെടുത്തി തകര്‍ത്തുകളഞ്ഞത് എന്നതിന്റെ ഭയാനകമായ വിവരങ്ങളാണ് ജിഷയുടെയും കുടുംബത്തിന്റെയും ദുരന്തകഥയില്‍ തെളിഞ്ഞുവരുന്നത്. സാമൂഹിക പീഡനങ്ങള്‍ക്ക് അറുതിവരുത്താനും നീതിക്കായി പൊരുതാനുമാണ് ഈ ദലിത് യുവതി നിയമപഠനം തന്നെ തിരഞ്ഞെടുത്തത് എന്നതില്‍നിന്ന് എത്ര തീവ്രവും കഠിനവുമാണ് ഈ സാമൂഹിക പീഡനത്തിന്റെ ആഘാതമെന്ന് തിരിച്ചറിയാന്‍ കഴിയും.
പക്ഷേ, പഠനംപോലും പൂര്‍ത്തിയാക്കാനോ അടച്ചുറപ്പുള്ള ഒരു വീട്ടില്‍ അന്തിയുറങ്ങാനോ സ്ത്രീകള്‍ മാത്രമായി കഴിഞ്ഞുകൂടുന്ന ഈ കുടുംബത്തിന് സാധ്യമായില്ല. പുറമ്പോക്കിലെ ഒറ്റമുറിയുള്ള കട്ടവീട്ടില്‍ ബലമുള്ള ഒരു വാതിലിന്റെ സുരക്ഷപോലുമില്ലാതെയാണ് അവര്‍ കഴിഞ്ഞുവന്നത്. മുന്‍ അവസരങ്ങളില്‍ പലതരത്തിലുള്ള കടന്നുകയറ്റങ്ങളും പീഡനങ്ങളും ഉണ്ടായപ്പോള്‍ പോലിസില്‍ നല്‍കിയ പരാതികള്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയായിരുന്നു.
കൊലയ്ക്കുശേഷം പോലും ദലിത് സമൂഹത്തിന്റെ നേരെയുള്ള അതിക്രമം എന്ന നിലയില്‍ നിയമം അനുശാസിക്കുന്ന അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജില്ലാ കലക്ടറെയും ബന്ധപ്പെട്ട റവന്യൂ അധികൃതരെയും വിവരമറിയിക്കാന്‍പോലും പോലിസ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. ഈ ഗുരുതരമായ കൃത്യവിലോപം അന്വേഷണവിധേയമാക്കേണ്ടതാണ്. ജിഷയുടെ കൊലയ്ക്ക് ഉത്തരവാദികളായവരെ നീതിപീഠത്തിനു മുമ്പില്‍ ഹാജരാക്കേണ്ടതും അനിവാര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss