|    Jan 19 Thu, 2017 4:23 pm
FLASH NEWS

കേരളത്തില്‍ എന്തിന് എടിഎസ്?

Published : 5th September 2016 | Posted By: SMR

കേരളത്തിലും ആന്റിടെററിസം സ്‌ക്വാഡ് രൂപീകരിക്കാന്‍ പോവുന്നുവെന്ന വാര്‍ത്തയ്ക്കു വലിയ പ്രാധാന്യം ലഭിച്ചതായി കണ്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്.
മഹാരാഷ്ട്രയില്‍ എടിഎസ് രൂപീകരിക്കാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. 2003 ജൂലൈയില്‍ മുംബൈയിലെ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഗവണ്‍മെന്റ് ആന്റിടെററിസം സ്‌ക്വാഡിനു രൂപം നല്‍കുന്നത്. 54 പേര്‍ക്ക് ജീവഹാനി നേരിട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 2004ല്‍ മഹാരാഷ്ട്ര അസംബ്ലിയുടെ അംഗീകാരത്തോടെയാണ് എടിഎസ് നിലവില്‍ വന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്ന ദേശവിരുദ്ധശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുക എന്നതായിരുന്നു ലക്ഷ്യം. യുപിയിലും രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ അതിനു പകരമുള്ളത് സ്‌പെഷ്യല്‍ സെല്ലാണ്. അമേരിക്ക ഭീകരതയ്‌ക്കെതിരേ ആഗോളയുദ്ധം പ്രഖ്യാപിച്ചപ്പോഴാണ് ഇത്തരം സ്‌ക്വാഡുകള്‍ രൂപീകരിക്കപ്പെട്ടത്.
കേരളത്തില്‍ അത്തരമൊരു ഏജന്‍സിയുടെ രൂപീകരണം അനിവാര്യമാക്കുന്ന എന്തു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു വ്യക്തമാക്കേണ്ടത് സംസ്ഥാന ഭരണകൂടമാണ്. കേരളത്തില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന ക്രമസമാധാനപ്രശ്‌നങ്ങളും തെരുവുപട്ടികള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങളുമാണ് ജനങ്ങള്‍ക്ക് അനുഭവവേദ്യമായി നിലനില്‍ക്കുന്ന രണ്ടു ഭീഷണികള്‍. ആദ്യം പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ നിയമപരവും നിയമബാഹ്യവുമായ പരിരക്ഷ അനുഭവിക്കുന്നവരായതിനാല്‍ ഒരു അന്വേഷണത്തിന്റെയും പരിധിയില്‍ വരാനിടയില്ല. പിന്നെ ജനങ്ങള്‍ക്കറിയാത്ത ഏതു ഭീഷണിയാണ് കേരളത്തില്‍ വന്നുഭവിച്ചിരിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുമെന്നു കരുതാം.
ആന്റിടെററിസം സ്‌ക്വാഡുകള്‍ പിടികൂടി ദീര്‍ഘകാലം ജയിലിലിടുന്നവരുടെ പേരുവിവരം പരിശോധിച്ചാല്‍ തന്നെ മതി ഏതു സമുദായത്തില്‍ പെട്ടവരാണ് ‘ഭീകരരെ’ന്നു തിരിച്ചറിയാന്‍. രാഷ്ട്രസുരക്ഷയെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു മറയാക്കുന്ന ഭീഷണമായ ഒരു സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങളോടെ ട്യൂണ്‍ ചെയ്യപ്പെട്ടതാണ് എടിഎസ് അടക്കമുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെന്ന വിമര്‍ശനം അസ്ഥാനത്തല്ല. നമ്മുടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സേവനമനുഷ്ഠിച്ചിരുന്നതും ആഘോഷപൂര്‍വം രാജ്യത്തു കൊണ്ടാടപ്പെട്ടതുമായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ധാരാളം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മുന്‍വിധികളെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടുനീങ്ങുന്ന അന്വേഷണങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള ജനവിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ കാരണമായെന്നത് ഒരു വസ്തുതയാണ്. മഹാരാഷ്ട്രയില്‍ എടിഎസ് മുസ്‌ലിം ചെറുപ്പക്കാരെ അകാരണമായി പിടികൂടുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ശരത് പവാറിനു വിളിച്ചുപറയേണ്ടിവന്നത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലേക്കു നമ്മുടെ സംസ്ഥാനത്തെയും വലിച്ചിഴയ്ക്കണമോ എന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് ഉചിതമായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക