|    Oct 19 Thu, 2017 3:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിലേക്ക് വരില്ല, സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല: ഗീത ഗോപിനാഥ്

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് പ്രഫ. ഗീത ഗോപിനാഥ്. കേരളത്തിലേക്കു വരുകയോ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ലെന്നും പ്രഫ. ഗീത ഗോപിനാഥ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതു വിവാദമായതിനെത്തുടര്‍ന്നാണ് കേംബ്രിഡ്ജില്‍നിന്നു പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അവര്‍ നിലപാടു വ്യക്തമാക്കിയത്. പ്രതിഫലം കൂടാതെയാണ് താന്‍ ഈ പദവി വഹിക്കുന്നത്. ഹാവഡ് സര്‍വകലാശാലയില്‍ തുടര്‍ന്നുകൊണ്ട് അധ്യാപനവും ഗവേഷണവും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന, ദേശീയ- അന്തര്‍ദേശീയ- സംസ്ഥാന തലങ്ങളില്‍ ഉണ്ടാവുന്ന ഏതെങ്കിലും സംഭവങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നതാണ് ഒന്നാമത്തെ ദൗത്യം.
ലോകത്തിന്റെ ഏത് കോണിലിരുന്നും ഇവയോടു പ്രതികരിക്കും. ധനകാര്യം, മാനേജ്‌മെന്റ്, തൊഴില്‍, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പലഭാഗത്തുമുള്ള വിദഗ്ധരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതില്‍ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം. തന്റെ ജോലിയുടെയും താമസത്തിന്റെയും സ്വഭാവമനുസരിച്ച് സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് കൂടെക്കൂടെ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം ഉദ്ദേശിക്കുന്നില്ല.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സൂചകങ്ങളില്‍ മുന്‍നിരയിലുള്ള കേരളം തന്റെയും ജന്മനാടാണ്.അതേസമയം, ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് തന്റെ ഭാഗ്യമെന്ന് മുഖ്യമന്ത്രി  പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക