|    May 26 Fri, 2017 2:48 pm
FLASH NEWS

കേരളത്തിലെ 52 ശതമാനം വിദ്യാര്‍ഥികളും പഠനത്തില്‍ സജീവമല്ല

Published : 4th September 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ 52 ശതമാനം വിദ്യാര്‍ഥികളും പഠനത്തില്‍ സജീവമല്ലെന്ന് പിയേഴ്‌സണ്‍ സര്‍വേ റിപോര്‍ട്ട്. അധ്യാപകദിനത്തിനു മുന്നോടിയായിട്ടായിരുന്നു പിയേഴ്‌സണ്‍ വോയ്‌സ് ഓഫ് ടീച്ചര്‍ സര്‍വേ നടത്തിയത്. ജൂലൈ-ആഗസ്ത് മാസങ്ങളിലായി കേരളത്തിലെ 26 നഗരങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം അധ്യാപകരും പറയുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനത്തിലുള്ള സജീവ താല്‍പര്യം കുറഞ്ഞതായി കാണുന്നുവെന്നാണ്. 52 ശതമാനം വിദ്യാര്‍ഥികളും കേരളത്തി ല്‍ പഠനത്തില്‍ സജീവമായി മുഴുകുന്നില്ല എന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ അടക്കമുള്ള വ്യക്തിഗത ഗാഡ്‌ജെറ്റുകളുടെ അമിത ഉപയോഗം (37 ശതമാനം), പഠന വിഷയങ്ങളില്‍ താല്‍പര്യമില്ലായ്ക (12 ശതമാനം), പരമ്പരാഗത അധ്യാപനരീതിയിലുള്ള താല്‍പര്യക്കുറവ് (12 ശതമാനം) എന്നിവയാണ് കേരളത്തിലെ കുട്ടികളുടെ പഠനമേഖലയിലുള്ള പിന്നാക്കംപോവലിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള മൂല്യങ്ങള്‍ (57 ശതമാനം), അച്ചടക്കം (45 ശതമാനം), ചോദ്യങ്ങള്‍ ഉന്നയിക്കല്‍ (37 ശതമാനം) എന്നിവയിലും ഗണ്യമായ ഇടിവുണ്ടായതായി സര്‍വേ സൂചിപ്പിക്കുന്നു. കുട്ടികളില്‍ പഠനതാല്‍പര്യം മെച്ചപ്പെടുത്താനുള്ള മതിയായ പരിശീലനം തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം അധ്യാപകരും പറഞ്ഞു. എന്നാല്‍, അതേസമയം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍, ക്ലാസ്‌റൂം ചര്‍ച്ചകളിലുള്ള പങ്കാളിത്തം എന്നീ മേഖലകളില്‍ കുട്ടികള്‍ ഏറെ മുന്നോട്ടുപോയിട്ടു ണ്ട്.
പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ 64 ശതമാനം, ക്ലാസ്‌റൂം ചര്‍ച്ചകളിലുള്ള പങ്കാളിത്തം 47 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ദേശീയതലത്തില്‍ നടത്തിയ പഠനത്തില്‍ 55 ശതമാനം കുട്ടികള്‍ മാത്രമാണു പഠനത്തി ല്‍ സജീവമായി മുഴുകുന്നതെന്നാണ് സര്‍വേ നല്‍കുന്ന സൂചന. കുട്ടികളെ പഠനത്തില്‍ കൂടുതല്‍ സജീവമാക്കാ ന്‍ യഥാര്‍ഥ ജീവിതമാതൃകകള്‍, കഥകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ താല്‍പര്യം വിലയിരുത്താനുള്ള മെച്ചപ്പെട്ട അസസ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയാണ് സര്‍വേയി ല്‍ പങ്കെടുത്ത അധ്യാപകര്‍ നിര്‍ദേശിക്കുന്നത്.
സര്‍വേയില്‍ പഠനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തെലങ്കാനയാണ്. 68 ശതമാനം വിദ്യാര്‍ഥികളും ഇവിടെ പഠനകാര്യത്തില്‍ സജീവമാണ്. കേരളവും ഹരിയാനയുമാണ് ഏറ്റവും പിന്നിലുള്ളത്. രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നില്‍ ഹൈദരാബാദും(64 ശതമാനം), പിന്നില്‍ ചെന്നൈയും (46 ശതമാനം) ആണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day