|    Nov 23 Thu, 2017 3:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിലെ സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദ നിരക്ക് ഉയരുന്നുവെന്ന് വിദഗ്ധര്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദ നിരക്ക് ഉയരുന്നതായി അര്‍ബുദ ചികില്‍സാ വിദഗ്ധര്‍. അന്തരീക്ഷ മലിനീകരണവും പാസീവ് സ്‌മോക്കിങുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജയപ്രകാശ് മാധവന്‍ പറഞ്ഞു.
2015-16ല്‍ വിപിഎസ് ലോക്‌ഷോര്‍ ഹോസ്പിറ്റലില്‍ 142 അഡ്മിഷനുകള്‍ ശ്വാസകോശാര്‍ബുദത്തിന് മാത്രം ഉണ്ടായെന്ന് പ്രശസ്ത അര്‍ബുദ ചികില്‍സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരനും ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശാര്‍ബുദ ബാധിതരില്‍ 67 ശതമാനം പുരുഷന്‍മാരാണ്. ചെറുപ്പക്കാരില്‍ അഞ്ചു ശതമാനം പേരിലും രോഗം കാണുന്നുണ്ട്.
ചികില്‍സിച്ച് പൂര്‍ണമായും സുഖപ്പെടാന്‍ ഏറെ പ്രയാസമുള്ള രോഗമാണ് ശ്വാസകോശാര്‍ബുദം. പുകയില ഉല്‍പന്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് ഇതിനെതിരേയുള്ള പ്രധാന മുന്‍കരുതല്‍. മലിനമായ അന്തരീക്ഷവും രോഗത്തിന് കാരണമാവുന്നുണ്ടെന്ന് ഡോ. ഗംഗാധരന്‍ പറഞ്ഞു.
ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ രജിസ്ട്രീസിന്റെ (ഐഎസിആര്‍) കാന്‍സര്‍ സര്‍വൈലന്‍സ് പദ്ധതിയായ ഗ്ലോബോകാന്‍ റിപോര്‍ട്ടനുസരിച്ച് ബ്രെസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമാണ് ശ്വാസകോശാര്‍ബുദം. പുരുഷന്‍മാരില്‍ കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സര്‍ ഇനമാണിത്.
ഇന്ത്യയില്‍ ഒരു വര്‍ഷം 63,000 പുതിയ ശ്വാസകോശാര്‍ബുദങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. പുതുതായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സറുകളില്‍ 6.9 ശതമാനമാണിത്. കാന്‍സര്‍മൂലമുള്ള മരണങ്ങളില്‍ 9.3 ശതമാനം ശ്വാസകോശാര്‍ബുദം മൂലമുള്ളവയാണ്. 90 ശതമാനം ശ്വാസകോശാര്‍ബുദവും പുകയില ഉപയോഗം മൂലമാണുണ്ടാവുന്നത്. അതേസമയം, ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷമലിനീകരണം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ജെനിറ്റിക് കാരണങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
രോഗം നേരത്തേ കണ്ടുപിടിക്കപ്പെടാത്തതാണ് പലപ്പോഴും മരണകാരണമാവുന്നത്. സാധാരണഗതിയില്‍ ഇത് ടിബിയാണെന്ന് തെറ്റായി രോഗനിര്‍ണയം നടത്താറാണ് പതിവ്. ഒടുവില്‍ അര്‍ബുദചികില്‍സയ്ക്ക് എത്തുമ്പോഴേക്കും ഏറെവൈകിപ്പോയിരിക്കും. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ഭാരം കുറയല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാവുക എന്നതാണ് ശ്വാസകോശാര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക