|    Oct 17 Tue, 2017 9:16 am
Home   >  Todays Paper  >  Page 5  >  

കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്: ജെയ്റ്റ്‌ലി

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് മാത്രമെന്ന് കേന്ദ്ര ധനകാര്യ- പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകള്‍ ഭീകരരെപ്പോലും അമ്പരിപ്പിക്കുന്നതാണ്. രാജേഷിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. രാഷ്ട്രീയ എതിരാളികള്‍ ക്രൂരവും പ്രാകൃതവുമായി കൊലചെയ്യപ്പെടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാന്‍ കഴിയില്ല. സമാധാന ശ്രമങ്ങളുമായി ബിജെപി കേന്ദ്ര, സംസ്ഥാന ഘടകങ്ങള്‍ സഹകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ബിജെപി- എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടന്നതെങ്കില്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുകയും പാര്‍ലമെന്റ് സ്തംഭിക്കുകയും രാജ്യത്തിനകത്തും പുറത്തും കാംപയിന്‍ നടത്തുകയും ചെയ്യും. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. താനിവിടെ എത്തിയത് ആക്രമണങ്ങളിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അക്രമത്തിനിരയായ എല്‍ഡിഎഫ് പ്രവര്‍ത്തകരെ കാണുന്നതില്‍ തടസ്സമില്ല. എന്നാല്‍, ചുരുങ്ങിയ സമയം ഇത് അനുവദിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. തന്റെ കേരളാ സന്ദര്‍ശനം സംബന്ധിച്ച് സര്‍ക്കാരിന് രേഖാമൂലമുള്ള റിപോര്‍ട്ട് നല്‍കില്ല. എന്നാല്‍, പ്രധാനമന്ത്രിയുമായി  ചര്‍ച്ച നടത്തും.  ഇന്നലെ തിരുവനന്തപുരത്തെത്തിയ അരുണ്‍ ജെയ്റ്റ്‌ലി   രാജേഷിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. തുടര്‍ന്ന് ശ്രീകാര്യം കല്ലന്‍പള്ളിയില്‍ നടന്ന അനുസ്മരണ യോഗത്തിലും പങ്കെടുത്ത ശേഷം  വൈകീട്ട് മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക