|    Apr 21 Sat, 2018 9:54 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കേരളത്തിലെ രുചിപ്പുരകള്‍

Published : 19th December 2016 | Posted By: SMR

slug-vettum-thiruthum‘വെട്ടും തിരുത്തും’ സ്ഥിരമായി വായിക്കുന്ന ഒരാള്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം ഒരാവശ്യം ഉന്നയിക്കുന്നു. മറ്റൊന്നുമല്ല; താങ്കളുടെ യാത്രകളില്‍ കേരളത്തില്‍ അനുഭവിച്ച നല്ല ഭക്ഷണങ്ങള്‍, അവ ലഭിക്കുന്ന സ്ഥലങ്ങള്‍ ഒന്നു വെളിവാക്കാമോ?
വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നാണ് വാടാനപ്പള്ളിയില്‍ നിന്നു സ്വാദിഖ് പറയുന്നത്. കേരളത്തിലെ 14 ജില്ലയും എനിക്ക് ഹൃദിസ്ഥം. പക്ഷേ, ഏതേത് മൂലകളിലിന്ന് വിഷപ്പറ്റില്ലാത്ത നല്ല ഭക്ഷണം ഉപഭോക്താവിന്റെ കീശ പിഴിയാതെ, പരസ്യമേളങ്ങളില്ലാതെ വിറ്റഴിക്കുന്നുണ്ട്. സംശയം വേണ്ടത്ര…
കാസര്‍കോട്ടെ ബദ്‌രിയ ഹോട്ടലാണ് എന്റെ പ്രഥമ സെലക്ഷന്‍. സുബ്ഹി നമസ്‌കാരം കഴിഞ്ഞാല്‍ ബദ്‌രിയയില്‍ ചൂട് വെള്ളയപ്പവും പാലും പഞ്ചസാരയും. നാവില്‍ വച്ചാല്‍ അലിയുന്ന ആ പ്രഭാതഭക്ഷണത്തിനു പകരംവയ്ക്കാന്‍ മറ്റൊന്നും കാണുന്നില്ല. കണ്ണൂരും തലശ്ശേരിയും ഭക്ഷണപ്രിയരുടെ നാവില്‍ കളിയാടുന്ന പേരുകളാണ്. പക്ഷേ, എന്നെ കൊതിപ്പിച്ചിട്ടുള്ളത് മാഹി-പള്ളൂരിലെ ഒരു ഭോജനശാലയാണ്. കല്ലുമ്മക്കായ, പുഴമല്‍സ്യങ്ങളൊക്കെ  നാടന്‍ശൈലിയില്‍ പള്ളൂരില്‍ കിട്ടുന്നതുപോലെ മലബാറിലൊരിടത്തുമില്ല.
കോഴിക്കോടന്‍ രുചികള്‍ ലോകത്തെവിടെ ചെന്നാലും സഞ്ചാരികള്‍ പ്രശംസിക്കാറുണ്ട്. 25 വര്‍ഷം മുമ്പുള്ള കോഴിക്കോടന്‍ രുചികള്‍ ഇന്ന് എങ്ങോ മറഞ്ഞു. പക്ഷേ, നവീന സമ്പ്രദായങ്ങള്‍ പലതും പരസ്യ ലഹളകളോടെ വിശക്കുന്നവനു മുമ്പില്‍ പത്രാസ് കാട്ടുന്നെങ്കിലും ബീച്ചിനടുത്ത ബോംബെ, ചെറൂട്ടി റോഡിലെ റഹ്മത്ത്, നഗരത്തിലെ സാഗര്‍ ഹോട്ടലുകള്‍ ബിരിയാണിയും ചോറും വിളമ്പുന്നതില്‍ പുലര്‍ത്തുന്ന കൈമിടുക്ക് കൊതിപ്പിക്കും. സസ്യഭക്ഷണ പ്രിയര്‍ക്ക് ‘ഇന്ത്യന്‍ കോഫി ഹൗസ്’ തന്നെയാണ് കേരളത്തിലെവിടെയും മുന്നില്‍; കോഫി ഹൗസുകാര്‍ കോഴി വിളമ്പുന്നതാണ് അസഹ്യം. മലപ്പുറം പ്രിയപ്പെട്ട സ്ഥലമാണെങ്കിലും നല്ല ചായ കടുപ്പത്തില്‍ കിട്ടാത്ത സ്ഥലമെന്ന ദുഷ്‌പ്പേര് മലപ്പുറത്തിനുണ്ട്. തീറ്റയ്‌ക്കോ? പെരിന്തല്‍മണ്ണയിലെ പേര് ഓര്‍മയില്ലാത്ത പച്ചമാങ്ങയിട്ട മീന്‍കറി തരുന്ന ഭോജനശാലകളാണ് ഒന്നാംസ്ഥാനത്ത്. വനിതാ മെസ് എന്ന പേരിലുള്ള ചിലതെങ്കിലും രുചികരമായി ഇലയില്‍ ഊണ്‍ വിളമ്പാറുണ്ട്. അരീക്കാട്-നിലമ്പൂര്‍ യാത്രയ്ക്കിടെ നെയിംബോര്‍ഡ് പോലുമില്ലാത്ത ഒരു സാധു ഹോട്ടല്‍ ഞാനൊരിക്കലും മറക്കില്ല. പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയും ലക്കിടിയിലെ സ്വാമിയാര്‍ ഹോട്ടലിലെ ഭാരതപ്പുഴക്കരയില്‍ നട്ടുനനച്ച പച്ചക്കറി മുറിച്ചിട്ട സാമ്പാറും പച്ചമോരും കൊച്ചു പപ്പടവും സുഭിക്ഷമായ ഊണിന് കെങ്കേമം. തൃശൂരില്‍ നല്ല ഭക്ഷണം ഉള്‍പ്രദേശങ്ങളിലാണ്. ചാലക്കുടിക്കടുത്ത് ആതിരപ്പിള്ളി വെള്ളച്ചാട്ടം വഴിയില്‍ കിളുന്ത് ഏലക്കായ അച്ചാറും ചൂടുള്ള ഇഡ്ഡലിയും മറക്കാനാവാത്ത വിഭവമാണ്. ആതിരപ്പിള്ളി എസ്റ്റേറ്റുകള്‍ക്കുള്ളില്‍ ഒരു നാടക ക്യാംപുമായി നാലു നാള്‍ പാര്‍ത്തപ്പോള്‍ കാട്ടരുവിയിലെ മല്‍സ്യം തോര്‍ത്തുമുണ്ടിനാല്‍ കോരിയിട്ട് ഉണക്കച്ചുള്ളികള്‍ കൂട്ടി കത്തിച്ച് ചുട്ടെടുത്തതും ഏതോ പച്ചില ഞെരടി നീരൊഴിച്ചതും നല്‍കിയ രുചിയും അതു പകര്‍ന്നുതന്ന ജോണി മിഖായേല്‍ എന്ന ശില്‍പിയുടെ വേര്‍പാടും ഇതിനൊന്നിച്ച് വേദനയോടെ ഓര്‍ക്കുന്നു.
എറണാകുളത്തെത്തിയാല്‍ ഫോര്‍ട്ട് കൊച്ചി തന്നെയാണ് ഭക്ഷണത്തിനു കെങ്കേമം. പിടയ്ക്കുന്ന തിരുത മല്‍സ്യം, കനലടുപ്പിനു മുകളിലെ ചട്ടിയില്‍ വീണാലും കണ്ണുകളില്‍ ദൈന്യം പേറുന്ന ചെമ്മീന്‍കുഞ്ഞുങ്ങള്‍… തീര്‍ന്നില്ല; ഫോര്‍ട്ട് കൊച്ചി കുന്നുംപുറത്ത് നനുനനുത്തതും തേങ്ങാപ്പാലില്‍ കുതിര്‍ന്നതുമായ അരിപ്പത്തിരിയും ആട്ടിന്‍കുടല്‍ കുരുമുളകിട്ടതും… വികെഎന്‍ ഭക്ഷണപ്രിയനാണെന്ന് ഞാന്‍ ആദ്യമറിഞ്ഞത് ഫോര്‍ട്ട് കൊച്ചി യാത്രയിലാണ്. ചെമ്മീന്‍ പൊരിച്ചെടുത്ത് എളിയില്‍ തിരുകിയായിരുന്നു സര്‍ ചാത്തു അവര്‍കളുടെ ലഹരി പ്രബന്ധങ്ങള്‍. കോട്ടയത്ത് നായേഴ്‌സ് ഹോട്ടലുകളിലെ ഉഴുന്നരച്ച ദോശ; ഉച്ചനേരത്തെ ചൂടന്‍ പരിപ്പുവട, കരിമ്പുങ്കാലയിലെ കുടമ്പുളിയില്‍ കുളിച്ച കരിമീന്‍ ഭോജ്യങ്ങള്‍. ഒളശ്ശയില്‍ എന്‍ എന്‍ പിള്ള ജീവിച്ചിരുന്ന കാലത്ത് സാറിനൊപ്പം പോയ ചില നാടന്‍ കറി ഷാപ്പുകള്‍… മീന്‍പീരയ്ക്കും കപ്പപ്പുഴുക്കിനും പ്രസിദ്ധമായിരുന്നു. ഇന്നതൊക്കെ ഉണ്ടോ എന്തോ? ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡില്‍ ഒരു നസ്രാണിച്ചേടത്തി വക ചോറ്റുകട മറക്കാവതല്ല.
ഇത്തിരി ബീഫ്, കുറച്ച് മീന്‍ വറ്റിച്ചത്, മോരു കാച്ചിയതടക്കം നെല്ലുകുത്തരിയുടെ ചോറ്. അടുത്തിടെ അമ്മച്ചിയെ അന്വേഷിച്ചു. ആ അമ്മച്ചി മരിച്ചുപോയത്രേ. കോട്ടയം-ചങ്ങനാശ്ശേരി ഭക്ഷണശാലകള്‍ എഴുതുമ്പോള്‍ മലയാളിയുടെ ഭക്ഷണശീലങ്ങള്‍ക്ക് തനിമയാര്‍ന്ന മണവും എരിവും പുളിയും നല്‍കിയ അന്നക്കൊച്ചമ്മയെ സ്മരിക്കാതെ വയ്യ. എട്ടാമത്തെ മോതിരത്തില്‍ കെ എം മാത്യു ഈ പാചക വൈദഗ്ധ്യത്തെ പരാമര്‍ശിച്ചിട്ടില്ല. എന്തായിരിക്കാം കാരണം. ആന്ധ്രയിലെ പോലാവരത്തും മധുരയുടെ രുചിക്കൂട്ടും ചിക്മഗളൂരിലെ പ്രത്യേക സ്വാദുകളും മഹാരാഷ്ട്രയിലെ ഇറച്ചി-പനീര്‍ വിഭവങ്ങളും അനുഭവിച്ച് പഠിച്ചറിഞ്ഞ് കേരളത്തിനൊരു പാചക സാഹിത്യം തന്നെ സൃഷ്ടിച്ച് പാചകകല ജനകീയമാക്കിയ മിസിസ് കെ എം മാത്യുവിനെ (അന്നമ്മ) നന്ദിപൂര്‍വം സ്മരിക്കട്ടെ. കൊല്ലത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലും പലഹാരങ്ങള്‍ക്കാണ് ഊണിനും പ്രാതലിനും വിളമ്പുന്ന വിഭവങ്ങളേക്കാള്‍ പ്രാധാന്യം. ചക്കച്ചുള വറുത്തതിന് ആറന്മുളയും കൊട്ടാരക്കര ഗണപതിയെ അനുസ്മരിപ്പിക്കുന്ന തൊട്ടാല്‍ അലിയുന്ന ഉണ്ണിയപ്പവും- ആറന്മുള വള്ളസദ്യയുടെ കരിമ്പിന്‍ കഷണവും ഉണക്ക മല്‍സ്യവും അടങ്ങുന്ന രുചി മറക്കുന്നില്ല. ബാലരാമപുരത്തെ ‘ആട്’ വിഭവങ്ങള്‍ മാത്രം കിട്ടുന്ന ഹോട്ടല്‍ പരാമര്‍ശിക്കുമ്പോള്‍ ബ്രെയിന്‍ റോസ്റ്റാണ് മുഖ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss