|    Oct 20 Sat, 2018 8:17 pm
FLASH NEWS

കേരളത്തിലെ രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് : എം എ യൂസഫലി

Published : 15th September 2017 | Posted By: fsq

 

കൊച്ചി: ലോകത്തിലെ ഏത് രാഷ്ട്രീയ നേതാവിനെയും ലോകനേതാക്കളെയും അഭിമുഖീകരിച്ച് ധൈര്യപൂര്‍വം സംസാരിക്കുവാനുള്ള കഴിവ് ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കേരളത്തിലെ രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യുവാനാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അതിന് സാധിച്ചാല്‍ ഏത് നേതാക്കളെയും എളുപ്പം വരുതിയിലാക്കാമെന്നും യൂസഫലി പറഞ്ഞു. പ്രഫ. കെ വി തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് എറണാകുളം സെന്റ്. തെരേസാസ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംവാദം “മീറ്റ് ദ അച്ചിവേഴ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം എ യൂസഫലി. സെന്റ്. പോള്‍സ് കോളജിലെ ജാക്‌സണ്‍ ജോയി എന്ന വിദ്യാര്‍ഥിയാണ് ഇത് സംബന്ധിച്ച ചോദ്യം യൂസഫലിയോട് ചോദിച്ചത്. വേദിയിലിരുന്ന പ്രഫ. കെ വി തോമസും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൂറ് കണക്കിന് വിദ്യാര്‍ഥികളും കൈയടികളോടെയാണ് യൂസഫലിയുടെ നര്‍മം നിറഞ്ഞ മറുപടിയെ സ്വീകരിച്ചത്. ചോദ്യം ഉന്നയിച്ച ജാക്‌സണ് സമ്മാനമായി 10,000 രൂപയും നല്‍കുവാനും അദ്ദേഹം മറന്നില്ല. ജില്ലയിലെ തിരഞ്ഞെടുത്ത കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് എം എ യൂസഫലിയുമായി നേരിട്ട് സംവദിക്കുവാനുള്ള അവസരം പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഒരുക്കിയത്. കിട്ടിയ അവസരം മുതലെടുത്ത് വിദ്യാര്‍ഥികള്‍ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി വളഞ്ഞെങ്കിലും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയും അവരെ പ്രോല്‍സാഹിപ്പിച്ചും യൂസഫലി താരമായി. തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളജില്‍ നിന്നുള്ള ശ്രീക്കുട്ടിക്ക് പറയുവാനുള്ളത് താന്‍ പഠിക്കുന്ന കോളജിന്റെ ശോച്യാവസ്ഥയെ കുറിച്ചാണ്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലെന്നും എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോയെന്നുമായിരുന്നു ശ്രീകുട്ടിക്ക് അറിയേണ്ടത്. ആവശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ ഉടന്‍ തന്നെ സഹായം കോളജില്‍ എത്തിക്കുമെന്ന് യൂസഫലിയുടെ മറുപടിയില്‍ ശ്രീക്കുട്ടിയും മറ്റ് കുട്ടികളും ഹാപ്പി. സാധാരണക്കാരനില്‍ ലോകമറിയുന്ന ബിസിനസുകാരനായതിന്റെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. കഠിനധ്വാനവും എന്തും ഏറ്റെടുക്കുവാനുമുള്ള ചങ്കൂറ്റമാണ് തന്നെ വളര്‍ത്തിയതെന്നായിരുന്നു മറുപടി. സത്യസന്ധതയും വിശ്വാസ്യതയും കാത്ത് സംരക്ഷിക്കുവാനും ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ആത്മീയമായും അറിവ് നേടുവാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ഒരുമണിക്കൂര്‍ നീണ്ട് നിന്ന സംവാദ പരിപാടിയില്‍ ജീവിതത്തില്‍ കടന്നുവന്ന വഴികളെകുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചും അദേഹം മനസ് തുറന്നു. ഇറാഖ് യുദ്ധകാലത്ത് കപ്പലില്‍ ചരക്കുമായി പോയതും ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിലയ്ക്ക് വാങ്ങിയതിലൂടെ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിതനായതും ലുലുവിന്റെ തുടക്കവുമെല്ലാം യൂസഫലി വിദ്യാര്‍ഥികളോട് പങ്കുവച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മോഡറേറ്ററായിരുന്നു. സെന്റ്. തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ സജിമോള്‍ അഗസ്റ്റിന്‍ പരിപാടിയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss