|    Jul 18 Wed, 2018 3:01 am
FLASH NEWS

കേരളത്തിലെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമശ്ശേരിയില്‍ തുടക്കം: സ്പീക്കര്‍

Published : 6th August 2017 | Posted By: fsq

 

കളമശ്ശേരി: രണ്ടാം വിദ്യാഭ്യാസ വിപ്ലവമാണ് കേരളം ആവശ്യപ്പെടുന്നതെന്നും നിലവാരമില്ലാത്ത വിദ്യാലയങ്ങളും ഇടിമുറികളും അടച്ചുപൂട്ടണമെന്നും സര്‍ഗാത്മകതയുടെ കേന്ദ്രങ്ങളാണ് വിദ്യാലയങ്ങളെന്നും ഇതിന് പ്രോല്‍സാഹനം നല്‍കുന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുസാറ്റ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. രണ്ടാം വിദ്യാഭ്യാസ വിപ്ലവം ഉണര്‍വ് അക്ഷയ വിദ്യാഭ്യാസ പദ്ധതിയിലൂടെ കളമശ്ശേരി നിയോജക മണ്ഡലം നേരത്തേ തന്നെ ഏറ്റെടുത്ത് കഴിഞ്ഞതായും അതിന്റെ ഭാഗമാണ് പ്രതിഭാ സംഗമത്തിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു. യാന്ത്രികമായ പഠനംകൊണ്ടോ മാര്‍ക്കുകള്‍ വാങ്ങുന്നതുകൊണ്ടോ ഒരു വിദ്യാര്‍ഥി പ്രതിഭയാവുന്നില്ലെന്നും ലഭ്യമാവുന്ന വിവരങ്ങളില്‍ നടത്തുന്ന വിഭവങ്ങളിലാണ് വിജ്ഞാനമെന്നും സര്‍ഗാത്മകതയെ ഉയര്‍ത്തിയെടുത്ത് പഠിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരം രൂപപ്പെടുത്തുന്നതുപോലെയാണ് സര്‍ഗാത്മകത(ക്രിയേറ്റിവിറ്റി)രൂപപ്പെടുത്തുന്നത്. ഇതിന് ഉണര്‍ത്തലാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍വ് എന്നത്‌കൊണ്ട് സര്‍ഗാത്മകതയെ രൂപപ്പെടുത്തല്‍ എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലസ്ടു കഴിഞ്ഞാല്‍ 766 ഓളം പ്രഫഷണല്‍കോഴ്‌സുകള്‍ നിലവിലുള്ളപ്പോള്‍ എന്‍ജിനീയറിങ്, ഡോക്ടര്‍ കോഴ്‌സുകളിലേക്കു മാത്രം ലക്ഷ്യംവച്ച് നീങ്ങുന്നത് ശരിയല്ലായെന്നും മറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ നാം തയ്യാറാവണമെന്നും സ്പീക്കര്‍ വിദ്യാര്‍ഥി സമൂഹത്തെ ഓര്‍മിപ്പിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഭാ സംഗമമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍വ് അക്ഷയ വിദ്യാഭ്യാസ പദ്ധതിയുടെ വിജയം സംസ്ഥാന സര്‍ക്കാര്‍ നോക്കികാണുകയാണെന്നും ഇത് സംസ്ഥാനത്ത് മൊത്തം നടപ്പാക്കുന്നതിനെക്കുറിച്ച് പഠനവിധേയമാക്കികൊണ്ടിരിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്തി അതില്‍ ആത്മവിശ്വാസം ഉയര്‍ത്തി മുന്നോട്ട് നീങ്ങണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത പറഞ്ഞു. 10,12 ക്ലാസുകളില്‍ കഴിഞ്ഞ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്് നേടിയ 584 പ്രതിഭകളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. പ്രതിഭകള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കളമശ്ശേരി നിയോജകമണ്ഡലത്തില്‍ ഉണര്‍വ് അക്ഷയ വിദ്യാഭ്യാസ പദ്ധതി എഴ് വര്‍ഷം പിന്നിട്ടു. ജനപങ്കാളിത്തത്തോടെ നടത്തിവരുന്നു ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50 കോടി രൂപ ചെലവിട്ട് പ്രത്യേക പദ്ധതിയാണ് നടപ്പാക്കിയത്. കൂടാതെ മദ്യത്തിനും മയക്കുമരുന്നിനും പിടിയില്‍പ്പെടാതിരിക്കാന്‍ ലഹരിമുക്ത വിദ്യാലയമെന്ന പദ്ധതിയും മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പഠനചെലവ് വഹിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. പ്രതിഭാസംഗമത്തില്‍ കുട്ടികളോടൊപ്പം നൂറുകണക്കിനു മാതാപിതാക്കളും അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ വിദ്യാലയങ്ങളിലെ കൂട്ടുകാരികള്‍ അവതരിപ്പിച്ച കലാപരിപാടികളും പ്രതിഭാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പതാക ഉയര്‍ത്തല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗം റസിയ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി കെ അബ്ദുള്‍ അസീസ്, എന്‍സിപി നേതാവ് ജോണ്‍സണ്‍, കളമശ്ശേരി നഗരസഭ വികസനകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബീന ജബ്ബാര്‍, കളമശ്ശേരി നഗരസഭ പ്രതിപക്ഷനേതാവ് ഹെന്നി ബേബി, വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ സംഗമത്തില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി എ സന്തോഷ് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ഉണര്‍വ് ജനറല്‍ കണ്‍വീനറും ജില്ലാ കലക്ടറുമായ കെ മുഹമ്മദ് വൈ സഫീറുല്ല, ഡിഇഒ ഡി വത്സലകുമാരി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss