|    Jun 18 Mon, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിലെ യാഥാര്‍ഥ്യം പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണം: മുഖ്യമന്ത്രി

Published : 2nd October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ യാഥാര്‍ഥ്യം പറയാന്‍ പത്രപ്രവര്‍ത്തകരുടെ പ്രതിപക്ഷബോധം തടസ്സമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയവാദികള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരേ സംഘടിത ചെറുത്തുനില്‍പ് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും പ്രതിപക്ഷത്തു നില്‍ക്കേണ്ടവരല്ല. സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അംഗീകരിക്കാന്‍ തയ്യാറാവണം. കേരളം ജീവിക്കാന്‍ പറ്റാത്ത ഇടമാണെന്നും കൊലക്കളമാണെന്നും ജനാധിപത്യമില്ലെന്നുമുള്ള പ്രചാരണമുണ്ട്. ഇതു മാധ്യമധര്‍മമല്ല. കേരളം ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭീകരതയുടെയും നാടാണ് എന്ന പ്രചാരണമാണ് ചിലര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോട് ചേര്‍ത്തുവയ്ക്കാന്‍ ആര്‍എസ്എസ് തലവന്‍ ശ്രമിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി അവര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണെന്നു പറഞ്ഞതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി വ്യക്തമാക്കണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്.സ്വാതന്ത്ര്യപ്പോരാട്ടത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും സാമ്രാജ്യത്വസേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആര്‍എസ്എസിന്റെ മേധാവി കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗോസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കില്‍, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണെന്ന് ആര്‍എസ്എസിനെ ഓര്‍മിപ്പിക്കുന്നു. വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വര്‍ഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലമാക്കാന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെ ആരു വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss