|    Dec 12 Wed, 2018 7:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിലെ പ്രളയം ബാല്യകാലത്തെ ഓര്‍മിപ്പിച്ചെന്ന്് ശംഭവി സിങ്‌

Published : 21st November 2018 | Posted By: kasim kzm

കൊച്ചി: കേരളത്തിലെ പ്രളയത്തെക്കുറിച്ച് പറയുമ്പോള്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ശംഭവി സിങിന്റെ മനസ്സിലെത്തുന്നത് ബാല്യത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ബിഹാറില്‍ വച്ച് ഇരയായതിന്റെ ഓര്‍മകളാണ്. ഡിസംബര്‍ 12 നു തുടങ്ങുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാംലക്കത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയായ ശംഭവി ആലങ്കാരികമല്ലാത്ത പ്രതിഷ്ഠാപനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
സോണ്‍ നദി പട്‌നയിലെ തങ്ങളുടെ പ്രദേശത്തെയാകെ വിഴുങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വീടിനു മുകളില്‍ കയറിനിന്നുവെന്ന് ശംഭവി സിങ് പറഞ്ഞു. നിരാശ മൂത്ത ആ നിമിഷങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കയറിയ ഹെലികോപ്റ്ററിനുനേരെ കറുത്ത തുണി വീശി. നിറങ്ങള്‍ക്ക് മനസ്സിലെ വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് അന്നാണു മനസ്സിലായത്. ആ ദുരന്തത്തിനുശേഷം തന്റെ ഭാവന മുഴുവന്‍ ഇരുണ്ടുപോയി എന്നും ശംഭവി പറയുന്നു. അതുകൊണ്ടുതന്നെ ആദ്യകാല സൃഷ്ടികളെല്ലാം ഇരുണ്ട നിറത്തിലുള്ളവയാണെന്നും 52കാരിയായ അവര്‍ പറഞ്ഞു.
പട്‌ന സ്വദേശിയായ ശംഭവി ഡല്‍ഹി കോളജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ബിരുദമെടുത്തത്. 2012 മുതല്‍ സ്ഥിരമായി കൊച്ചി ബിനാലെയ്‌ക്കെത്തിയിരുന്നു. നാലാം പതിപ്പു തുടങ്ങാന്‍ ഇനിയും മൂന്നാഴ്ചയുണ്ടെങ്കിലും ശംഭവി ഇപ്പോ ള്‍ തന്നെ കൊച്ചിയിലുണ്ട്. കലയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷമാണ് കൊച്ചിയിലുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബിനാലെയിലെ പങ്കാളിത്ത ആര്‍ട്ടിസ്റ്റായതിന്റെ ആവേശം ഇനിയും അടക്കാനായിട്ടില്ലെന്ന് ശംഭവി പറഞ്ഞു. കലാകാരന്മാരുടെ തീര്‍ത്ഥാടനകേന്ദ്രമാണ് കൊച്ചി മുസിരിസ് ബിനാലെ. കലാകാരന്‍മാര്‍ക്കിടയില്‍ ഇന്ത്യയിലെ ഈ ഏക ബിനാലെയോട് പ്രത്യേക ബഹുമാനമുണ്ട്. ഇന്ത്യയിലെ സമകാലീന കലാലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് കേരളം. ദേശീയപ്രാധാന്യമുള്ള നിരവധി സമകാലീന കലാലയങ്ങള്‍ ഇവിടെയുണ്ട്. കേരളത്തില്‍ ബിനാലെ വമ്പിച്ച വിജയമായതില്‍ അദ്ഭുതമില്ലെന്നും അവര്‍ പറഞ്ഞു.
കലാസൃഷ്ടിക്കായി ദീര്‍ഘമായി സമയം ചെലവഴിക്കുന്നതാണ് തന്റെ രീതിയെന്ന് ശംഭവി പറഞ്ഞു. സമയമെടുത്തു ചെയ്യുന്ന സൃഷ്ടികള്‍ക്ക് മികവു കൂടുമെന്നാണ് അവരുടെ പക്ഷം. ഒരുദശകമെടുത്ത തയ്യാറാക്കിയ കലാസൃഷ്ടിയാണ് കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. മാത്തി മാ (ഭൂമാതാവ്) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഗ്രാമീണജീവിതത്തോടും കര്‍ഷകരോടും പ്രത്യേക സ്‌നേഹമാണ് ശംഭവിക്ക്.
കഴിഞ്ഞ 20 വര്‍ഷമായി ശംഭവിയുടെ സൃഷ്ടികള്‍ താന്‍ ശ്രദ്ധിച്ചുവരുകയാണെന്ന് കൊച്ചി മുസിരിസ് ബിനാലെ നാലാംലക്കത്തിന്റെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. കൃഷി പശ്ചാത്തലമാക്കിയവയാണ് അവരുടെ സൃഷ്ടികള്‍. പലതരത്തിലുള്ള ഇരുമ്പ് ഷീറ്റുകളി ല്‍ യന്ത്രസഹായമില്ലാതെയാണ് പ്രതിഷ്ഠാപനങ്ങള്‍ തയ്യാറാക്കുന്നതെന്ന് അനിത ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss