|    Nov 22 Thu, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിലെ പ്രളയം: ഒരുകോടി നല്‍കുമെന്ന് ഡിഎംകെ; എം എ യൂസുഫലി അഞ്ചുകോടി നല്‍കും

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് ദുരിതജീവിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കൂടുതല്‍പേര്‍ രംഗത്ത്. ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു.
പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രമുഖ വ്യവസായി എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപ നല്‍കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഒരു മാസത്തെ ശമ്പളത്തുകയായ 90,512 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കി. പ്രകൃതിദുരന്തത്തിന്റെ ഇരകളായവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നഭ്യര്‍ഥിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 25 ലക്ഷം രൂപയുടെ ധനസഹായം തമിഴ് നടന്‍ കമല്‍ ഹാസന്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. നടന്‍മാരായ സൂര്യ, കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ചു. താരസംഘടനയായ എഎംഎംഎ 10 ലക്ഷവും നല്‍കി. എല്ലാവരും കഴിയാവുന്നവിധം സഹായിക്കണമെന്ന് നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.
ആര്‍ത്തലച്ചുവരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തുപിടിക്കാമെന്നു മഞ്ജുവാര്യര്‍ കുറിച്ചു.’ഡൂ ഫോര്‍ കേരള’എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. ദുല്‍ഖര്‍സല്‍മാനും ഡു ഫോര്‍ കേരള എന്ന ഹാഷ്ടാഗോടെയാണ് അഭ്യര്‍ഥന നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss