|    Jun 21 Thu, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിലെ പ്രധാന നദികള്‍ നാശത്തിന്റെ വക്കില്‍; മലിനീകരണവും മണല്‍കടത്തും പ്രധാന ഭീഷണി

Published : 20th February 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: പെരിയാറും പമ്പയും ചാലക്കുടിപ്പുഴയുമടക്കം കേരളത്തിലെ പ്രധാന നദികള്‍ നാശത്തിന്റെ വക്കിലെന്ന് റിപോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക കാന്‍വാസിലെ പ്രധാന ചിത്രങ്ങളായ 44 നദികളാണ് മണല്‍വാരലും നഗരവല്‍കരണവും കുമിഞ്ഞുകൂടുന്ന മാലിന്യവും മൂലം നീരൊഴുക്കു കുറഞ്ഞിരിക്കുന്നത്.
നീരൊഴുക്കിന്റെ കുറവ്, മലിനീകരണം, മണല്‍ഖനനം, ഓരുവെള്ളത്തിന്റെ കയറ്റം, വനനശീകരണം, അണക്കെട്ടുകള്‍, നദീതീര കൈയേറ്റം, ഇടത്തോടുകളുടെ നാശം, തണ്ണീര്‍തടങ്ങളുടെ നാശം തുടങ്ങി നിരവധി ഘടകങ്ങളാണ് നദികളെ നാശോന്മുഖമാക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ നദികളില്‍ കനത്ത പാരിസ്ഥിതികാഘാതം ഏല്‍പ്പിച്ചുകൊണ്ട് നീരൊഴുക്കു കുറയുകയാണ്. പെരിയാറില്‍ മഴക്കാലത്ത് 1400 മുതല്‍ 2000 വരെ ക്യൂബിക്‌സ് ജലം ഒഴുകുന്നത് വേനലാവുന്നതോടെ 4 മുതല്‍ 17 വരെ ക്യൂമെക്‌സ് ആയി കുറയുന്നു. ഇത് പ്രതിവര്‍ഷം കുറഞ്ഞുവരുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വൃഷ്ടിപ്രദേശങ്ങളിലെ വനനശീകരണമാണ് നദികളിലെ നീരൊഴുക്ക് വേനല്‍കാലങ്ങളില്‍ അനിയന്ത്രിതമായി കുറയാനിടയാക്കുന്നത്.
മലിനീകരണമാണ് നദികളെ തകര്‍ത്തുകൊണ്ടിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഓരോ ദിവസവും നദീതീരങ്ങളിലെ വ്യവസായശാലകളില്‍ നിന്ന് ടണ്‍ കണക്കിനു മാലിന്യമാണ് നദികളിലെത്തുന്നത്. നഗരങ്ങളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യത്തിനു പുറമെയാണിത്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന നദികള്‍ വന്‍തോതില്‍ മലിനീകരണ ഭീഷണി നേരിടുന്നുണ്ട്. ഓരോ വര്‍ഷവും തീര്‍ത്ഥാടക ലക്ഷങ്ങളെത്തുന്ന ശബരിമലയില്‍ ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതിക്കും പമ്പാനദിക്കും ഗുരുതരമായ ആഘാതമാണ് ഏല്‍ക്കേണ്ടിവരുന്നത്.
ഈ വര്‍ഷം മണ്ഡലകാലം ആരംഭിച്ചതു മുതല്‍ പമ്പാ നദിയില്‍ കോളിഫോം ബാക്ടീരിയ വര്‍ധിച്ചുവരുന്നതായി ശാസ്ത്രീയ പരിശോധനകള്‍ തെളിയിക്കുന്നു. കൊച്ചുപമ്പയിലെ ജലത്തില്‍ 2015 ഓക്ടോബര്‍ 19നു നടത്തിയ ജല ഗുണനിലവാര പരിശോധനയില്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലര്‍ന്ന കോളിഫോം ബാക്ടീരിയ 170 എംപിഎന്‍ മാത്രമായിരുന്നു. തീര്‍ത്ഥാടനം ആരംഭിച്ച ശേഷം നവംബര്‍ 19നു നടത്തിയ പരിശോധനയില്‍ ഇത് 34,000 ആയി വര്‍ധിച്ചു. അന്നേദിവസം പമ്പയില്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 1,20,000 എംപിഎന്‍ ആയിരുന്നു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. ഞുണങ്ങാറില്‍ ഇത് 3,50,000 ആയിരുന്നെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട്.
നദികളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന തരത്തിലാണ് മണല്‍ഖനനം നടക്കുന്നത്. നദികളില്‍ ഓരോ ദിവസവും വന്നുചേരുന്ന മണലിന്റെ എത്രയോ ഇരട്ടിയാണ് ഇവിടെനിന്നു കടത്തുന്നത്. പെരിയാറില്‍ ദിനംപ്രതി 2800 ടണ്‍ മണല്‍ വന്നുചേരുമ്പോള്‍ 55,000 ടണ്‍ മണലാണ് അനുമതിയോടു കൂടിയും അല്ലാതെയും പെരിയാറില്‍ നിന്നു കടത്തുന്നത്. സ്വാഭാവികമായ നീരൊഴുക്കിനു തടസ്സമായി നിര്‍മിക്കുന്ന ഭീമന്‍ അണക്കെട്ടുകളും നദികളുടെ നാശത്തിനു കാരണമായി. കൃത്രിമമായി നിര്‍മിക്കപ്പെടുന്ന അണക്കെട്ടുകള്‍ അമൂല്യ ജൈവസമ്പത്തുള്ള വനങ്ങളെ മുക്കിക്കളഞ്ഞു. 14 അണക്കെട്ടുകളാണ് പെരിയാറിലെ ജലലഭ്യതയെ ദോഷകരമായി ബാധിക്കുന്നത്. പെരിയാര്‍ നദിയില്‍ ഇടുക്കി അണക്കെട്ടു വന്നശേഷം വൈദ്യുതി ഉല്‍പാദനത്തിനു ശേഷമുള്ള 38 ടിഎംസി ജലം മുവാറ്റുപഴയിലേക്കാണ് ഒഴുക്കുന്നത്. ഇതിനിടെയാണ് ചാലക്കുടിപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെ നശിപ്പിക്കുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അരങ്ങൊരുങ്ങുന്നത്.
വനനശീകരണവും തണ്ണീര്‍തടങ്ങള്‍ കൈയേറുന്നതുമെല്ലാം നദികളുടെ നാശത്തിനു കാരണമാവുന്നു. 1980ലെ വനനിയമം കര്‍ശനമായി നടപ്പാക്കിയതോടെ വൃഷ്ടിപ്രദേശങ്ങളിലെ വനനശീകരണം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും മണല്‍ഖനനവും മലിനീകരണവും നദികളെ ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നദികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലില്ലെങ്കില്‍ ശുദ്ധജല ക്ഷാമമടക്കം ഗുരുതരമായ പാരിസ്ഥിതികാഘാതമായിരിക്കും നാം നേരിടേണ്ടിവരുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss