|    Nov 14 Wed, 2018 6:38 am
FLASH NEWS
Home   >  Editpage  >  Editorial  >  

കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന് ഭീഷണി

Published : 11th November 2017 | Posted By: fsq

 

അഭിമാനകരമായ രീതിയില്‍ സംസ്ഥാനത്തു നടന്നുപോന്ന ഭക്ഷ്യ പൊതുവിതരണ സംവിധാനം അടുത്തകാലത്തായി കുത്തഴിഞ്ഞ നിലയിലാണ്. ഏതാനും മാസം മുമ്പ് റേഷന്‍ വിതരണത്തില്‍ സ്തംഭനം നേരിട്ടു. ആഘോഷവേളകളില്‍ റേഷന്‍വിഭവങ്ങളുടെ ലഭ്യത താരതമ്യേന കുറഞ്ഞു. ഏറെ കാത്തിരിപ്പിനുശേഷം വളരെ വൈകിയാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വരുത്തിയ ഭേദഗതികളും ബന്ധപ്പെട്ട അധികൃതരുടെ കെടുകാര്യസ്ഥതയും ഉപഭോക്താവിനു നല്‍കുന്നത് കണ്ണീരു മാത്രമാണ്. ഏതാനും ദിവസങ്ങളായി റേഷന്‍ വ്യാപാരികള്‍ സമരത്തിലായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് വേതന പാക്കേജിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്്. റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് 16,000 രൂപ പ്രതിമാസം കമ്മീഷന്‍ ലഭിക്കുന്ന 349.5 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എന്നാല്‍, ഈ വേതനം നല്‍കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ പിങ്ക് കാര്‍ഡ് ഉടമകളായ 29,06,709 പേരെ ഒറ്റയടിക്ക് സൗജന്യ പട്ടികയില്‍ നിന്നു പുറത്താക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പാക്കേജ് നടപ്പാക്കുന്നതോടെ അരിക്കും ഗോതമ്പിനും കിലോ ഒന്നിന് ഒരു രൂപ വര്‍ധിക്കും. ഈ തുക കാര്‍ഡ് ഉടമകളില്‍ നിന്നാണ് ഈടാക്കുക. പാക്കേജ് നടപ്പാക്കണമെന്നത് ദീര്‍ഘകാലമായി റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. അതിന് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ, അത് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിത്തന്നെ വേണോ എന്ന ചോദ്യം തീര്‍ത്തും പ്രസക്തമാണ്. മുന്‍ഗണന അഥവാ പിങ്ക് റേഷന്‍ കാര്‍ഡ് വിഭാഗത്തിലെ ഓരോ വ്യക്തിക്കും സൗജന്യമായി ലഭിച്ചുപോന്ന നാലുകിലോ അരിക്കും ഒരുകിലോ ഗോതമ്പിനും കൂടി ഇനി അഞ്ചു രൂപ നല്‍കണം. നീല കാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും സബ്‌സിഡി ഒന്നും ലഭിക്കാത്ത വെള്ള കാര്‍ഡ് ഉടമകളും ഓരോ കിലോ അരിക്കും ഗോതമ്പിനും ഒരുരൂപ വീതം നല്‍കണം. ഇതോടെ സംസ്ഥാനത്ത് സൗജന്യ റേഷന്‍ അര്‍ഹതയുള്ളവരുടെ, അഥവാ അന്ത്യോദയ അന്നയോജന എന്ന മഞ്ഞ കാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം 5,95,800 മാത്രമായി ചുരുങ്ങും. ഈ വിഭാഗത്തിനു മാത്രം കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും തുടര്‍ന്നും സൗജന്യമായി ലഭിക്കും. ദരിദ്രലക്ഷങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ നിയമത്തില്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് ഒന്നിനു പിറകെ ഒന്നായി ഉണ്ടാവുന്നത്. ദാരിദ്ര്യരേഖ താഴ്ത്തി വരച്ച് കൂടുതല്‍പേരെ രേഖാപരമായി തട്ടിനീക്കി പട്ടിണി ഉന്മൂലനം ചെയ്യുന്ന രീതി ക്രൂരതയാണ്. കേരളത്തിലെ പൊതുവിതരണ സംവിധാനം ക്രമേണ തകര്‍ക്കുന്നതിനുള്ള നീക്കം നടക്കുന്നുവെന്ന സംശയം അസ്ഥാനത്തല്ല. അത് ഒരുനിലയ്ക്കും അനുവദിക്കാവുന്ന കാര്യമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss