|    May 24 Wed, 2017 7:15 pm
FLASH NEWS

കേരളത്തിലെ ദലിത് നേതാക്കള്‍ക്ക് എന്തു പറ്റി?

Published : 11th September 2016 | Posted By: SMR

slug-enikku-thonnunnathuകബീര്‍ പോരുവഴി, കൊല്ലം

ഭരണഘടനപ്രകാരം രാജ്യത്ത് അയിത്തവും ഉച്ചനീചത്വവും പാടില്ലെങ്കിലും അതെല്ലാം പഴയ നാട്ടുരാജ്യങ്ങളെ ഓര്‍മിപ്പിക്കുംവിധം ഇവിടെ നടമാടുന്നു. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ കാരണം തങ്ങള്‍ നേടിയ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപുരോഗതി, ഇവയൊന്നും ലഭ്യമാവാത്ത രാജ്യത്തെ ദലിത് ജനകോടികള്‍ക്കു ലഭ്യമാക്കാന്‍ പരിശ്രമിക്കുകയെന്ന ഉത്തരവാദിത്തം കേരളത്തിലെ ദലിത് നേതാക്കള്‍ വിസ്മരിച്ച മട്ടാണ്. ദലിത് സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന ഒട്ടനവധി സംഭവങ്ങള്‍ കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗത്തും ഉണ്ടായപ്പോഴൊന്നും ദലിത് സംഘടനകളും നേതാക്കളും ജീവിച്ചിരിക്കുന്നതായി പൊതുസമൂഹത്തിന് തോന്നിയിട്ടില്ല.
രോഹിത് വെമുല ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യം, ചത്ത കന്നുകാലികളെ തോലുരിച്ചശേഷം മറവുചെയ്യുന്ന ദലിത് യുവാക്കളെ മര്‍ദിച്ച സംഭവം, പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയ ദലിത് വിദ്യാര്‍ഥികളുടെ നേരെയുള്ള പരാക്രമം- അങ്ങനെ പലതും നാട്ടിലുണ്ടായി. ഇത്തരം പീഡനങ്ങള്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇതൊന്നും കേരളത്തിലെ ദലിത് നേതാക്കളും ദലിത് സംഘടനക്കാരും കാണുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ മക്കളെ വളര്‍ത്താന്‍വേണ്ടി ഓട്ടോറിക്ഷാ തൊഴിലാളിയായി മാറിയ ചിത്രലേഖ കണ്ണൂര്‍ ജില്ലക്കാരിയായ ദലിത് പെണ്‍കുട്ടിയാണ്. ഈ പെണ്‍കുട്ടിയെ സഖാക്കള്‍ പലപ്രാവശ്യം മര്‍ദിച്ചു. ഓട്ടോറിക്ഷ കത്തിച്ചു. നീതിതേടി അവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തി. ദലിത് വിദ്യാര്‍ഥിയെ കേരള യൂനിവേഴ്‌സിറ്റി കാംപസില്‍ വച്ച് തല്ലിച്ചതച്ചു. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പൊതുവിദ്യാലയത്തില്‍ പട്ടികജാതി വിദ്യാര്‍ഥിയോടൊപ്പം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കില്ലെന്ന് ശാഠ്യം പിടിച്ച ചില രക്ഷിതാക്കള്‍ മറ്റു സ്‌കൂളിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍ ഒരു പൊതുവിദ്യാലയത്തില്‍ പട്ടികജാതിക്കാരോടൊപ്പം കുട്ടികളെ ഒരേ ബെഞ്ചില്‍ ഇരുത്താന്‍ തയ്യാറാവാതെ മറ്റു സ്‌കൂളിലേക്ക് മാറ്റിയതാണ് മറ്റൊരു സംഭവം.
കേരളത്തിലെ 30ല്‍പ്പരം പ്രമുഖ ക്ഷേത്രങ്ങളില്‍ ദലിതുകള്‍ക്ക് ഇന്നും അകക്ഷേത്രത്തിലേക്കു പ്രവേശനമില്ല. ഒറ്റ ക്ഷേത്രങ്ങളിലും പൂജാരിയായി ദലിതരില്ല. ചില വഴികളില്‍ക്കൂടി അവര്‍ക്ക് സഞ്ചരിക്കാനാവുന്നില്ല. ഇതിലൊന്നും കമ്മ്യൂണിസ്റ്റ് എന്നോ കോണ്‍ഗ്രസ് എന്നോ ബിജെപി-ആര്‍എസ്എസ് എന്നോ വ്യത്യാസമില്ല.
മുസ്‌ലിംകളെ നിശ്ശബ്ദമാക്കി പട്ടികജാതിക്കാരെയും പിന്നാക്ക ഹിന്ദുക്കളെയും അടിമയാക്കാനും യുഡിഎഫ് ഭരണതലത്തില്‍ പിടിമുറുക്കാനും വേണ്ടി നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിച്ച് ഉത്തേജിപ്പിക്കാന്‍ പടപ്പുറപ്പാട് നടത്തിയവരുടെ ലക്ഷ്യം മനസ്സിലാക്കാതെ മേത്തന്‍ വിരോധത്തിന്റെ പുകമറയില്‍ സ്വജനതയുടെ അസ്തിത്വം ഒറ്റിക്കൊടുത്തവരാണ് ചില ദലിത് നേതാക്കള്‍. എന്‍എസ്എസിന്റെ സ്ഥാപനങ്ങളില്‍ ഒരൊറ്റ ദലിതനും ജോലി നല്‍കിയിട്ടില്ല. ദലിതര്‍ക്കാണെങ്കില്‍ സ്ഥാപനങ്ങളുമില്ല.
സ്വന്തമായി ഭൂമിയില്ലാതെ തലചായ്ക്കാന്‍ തെരുവോരങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ദലിതുകളുള്ള ഈ നാട്ടില്‍ 5600ല്‍പ്പരം ഏക്കര്‍ റവന്യൂഭൂമി സ്വസമുദായത്തിനും 1000ല്‍പ്പരം ഏക്കര്‍ മറ്റു സമ്പന്നസമുദായങ്ങള്‍ക്കുമായി പതിച്ചുനല്‍കിയപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിയോട് അടുത്തുനിന്നവരാണ് ദലിത് നേതാക്കള്‍.
നാടിന്റെ സമ്പത്തും മറ്റു പ്രകൃതിവിഭവങ്ങളും സ്വസമുദായത്തിന് മാത്രമായി ഉപയോഗപ്പെടുത്താന്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിക്കാന്‍ പടപ്പുറപ്പാട് നടത്തിയപ്പോള്‍, അതിലെ ചതിക്കുഴി തിരിച്ചറിയാന്‍ ദലിത് നേതാക്കള്‍ക്കായിട്ടില്ല. പലപ്പോഴും അവര്‍ ഏതു ദശാസന്ധിയിലും ആശ്രയിക്കാവുന്ന, ഒരിക്കലും ജാതീയമായി ഇകഴ്ത്താത്ത ഒരുവിഭാഗത്തെ ശത്രുപക്ഷത്തു നിര്‍ത്തി യുദ്ധമുഖം തീര്‍ക്കുന്നതിന്റെ യുക്തിയില്ലായ്മ സമൂഹം തിരിച്ചറിഞ്ഞാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും അവര്‍ തന്നെയായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day