|    Nov 24 Fri, 2017 6:25 pm
FLASH NEWS

കേരളത്തിലെ ഡയറ്റുകള്‍ക്കുള്ള സാമ്പത്തിക സഹായം അട്ടിമറിക്കുന്നു

Published : 10th August 2017 | Posted By: fsq

 

സി കെ ശശിചാത്തയില്‍

ആനക്കര: ഡിപിഐ ഓഫിസിലെ ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പുകേട് കേരളത്തിലെ ഡയറ്റുകള്‍ക്കുള്ള സാമ്പത്തിക സഹായം അട്ടിമറിക്കുന്നു. ഓരോ വര്‍ഷവും വിവിധ പദ്ധതികള്‍ക്കായി വരുന്ന തുകയാണ് യഥാസമയം നോക്കാതിരിക്കുകയും കാലാവധി തീരുന്നതിന്റെ അവസാനത്തില്‍ ഡയറ്റുകള്‍ക്കായി നീക്കി വയ്ക്കുകയും ചെയ്ത് പദ്ധതി നടപ്പാക്കാന്‍ പറ്റാതെ ഈ തുകയുടെ 90 ശതമാനവും പാഴാക്കി കളയുകയാണ്. കുറച്ചു കാലമായി ഓരോ വര്‍ഷവും ഇതാണ്  തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഡയറ്റുകള്‍ക്ക് ആവശ്യത്തിന് ന്യൂസ് പേപ്പറുകള്‍,വീക്കിലികള്‍, ടെലിഫോണ്‍,വൈദ്യുതി ബില്ലുകള്‍ അടക്കമുള്ളവക്ക് പോലും പണം ലഭിക്കാത്തതിനാല്‍ ഡയറ്റുകളുടെ പ്രവര്‍ത്തനം പലയിടത്തും മുരടിച്ച മട്ടാണ്. ഫണ്ടുകള്‍ പാഴാക്കിക കളയുന്നത് മൂലം ഇപ്പോള്‍ കേന്ദ്ര സഹായം വരുന്നത് നിലച്ചിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ സഹായം നേരത്തെ തന്നെ ഡയറ്റുകള്‍ക്ക് ലഭിക്കുന്നില്ല. ഡിപിഐ പ്ലാനിങ് വിഭാഗം കേന്ദ്ര സഹായം വരുന്നതു യഥാസമയം ഡയറ്റുകള്‍ക്ക് നല്‍കാതിരിക്കുന്നത് മൂലമാണ് ഡയറ്റുകളുടെ പദ്ധതികള്‍ പാഴാവാന്‍ കാരണം. 201516 വര്‍ഷത്തില്‍ ഒരു രൂപ പോലും കേരളത്തിലെ ഡയറ്റുകള്‍ക്ക് ലഭിച്ചിട്ടില്ല. 201617 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് ആദിവാസിമേഖലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരമുയര്‍ത്തുന്നതിനായി ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.എന്നാല്‍ മാര്‍ച്ച് 20നാണ് ഈ ഡയറ്റുകള്‍ക്ക് തുക ലഭിക്കുന്നത്. അതിനാല്‍ പദ്ധതി നടപ്പാക്കാന്‍ പറ്റാതെ മുടങ്ങുകയായിരുന്നു. ഇന്നലെ കോട്ടയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള അനുമതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദിവാസികള്‍ കൂടുതലുള്ള മേഖലകളിലെ ഡയറ്റുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഡയറ്റുകളുടെ 201718 വര്‍ഷത്തെ പ്രവര്‍ത്തനാവശ്യമായി ഓരോ ഡയറ്റുകള്‍ക്കുമായി  12 ലക്ഷം വീതം തുകയും അനുവദിച്ചുട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തില്‍ ഓരോ ഡയറ്റുകള്‍ക്കും കംപ്യൂട്ടര്‍ അടക്കമുള്ള അനുബന്ധ സാധനങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ച 9 ലക്ഷം രൂപയും ചെലവഴിക്കാന്‍ സമയം അനുവദിക്കാതെ പാഴാക്കി കളയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക