|    Dec 15 Sat, 2018 5:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരേ 312 കേസുകള്‍

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 312 കേസുകള്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് അമിക്കസ് ക്യൂറി. ഇന്ത്യയിലാകെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 4,122 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയെ സഹായിക്കാനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതില്‍ 2,324 കേസും നിലവിലെ ജനപ്രതിനിധികള്‍ക്ക് എതിരേയുള്ളതാണ്. മുന്‍ ജനപ്രതിനിധികള്‍ക്കെതിരായ പല കേസുകള്‍ക്കും 30 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1,991 കേസുകളില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. 992 കേസുകളുള്ള ഉത്തര്‍പ്രദേശാണ് ഒന്നാംസ്ഥാനത്ത്. 331 കേസുകളുള്ള ഒഡീഷയും 321 കേസുകളുള്ള തമിഴ്‌നാടുമാണ് യഥാക്രമം രണ്ടും മൂന്നു സ്ഥാനത്തുള്ളത്. ബിഹാറിനെയും (304 കേസുകള്‍) മഹാരാഷ്ട്രയെയും (303) പശ്ചിമ ബംഗാളിനെയും (269 കേസുകള്‍) പിന്നിലാക്കിയാണ് കേരളം നാലാംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
നവംബര്‍ ഒന്നിന് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ജനപ്രതിനിധികള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകളുടെ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക കോടതികള്‍ സ്ഥാപിക്കണംന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളുടെ വിചാരണയ്ക്കു പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി സാധ്യമായ അത്രയും പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്കാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ ഇതിനായി വിനിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കേരളത്തിലും ബിഹാറിലും ഈ ഉത്തരവ് ആദ്യഘട്ടത്തില്‍ നടപ്പാക്കണം. ജീവപര്യന്തം ശിക്ഷയുള്ള കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള, പട്‌ന ഹൈക്കോടതികള്‍ നടപടിയെടുത്ത് ഈ മാസം 14ന് മുമ്പ് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കണം. കേസ് 14ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss