|    Nov 21 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവ് അമിത്ഷാ: പിണറായി

Published : 9th November 2018 | Posted By: kasim kzm

തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത്ഷായാണ് തങ്ങളുടെ നേതാവെന്ന് പറയാതെ പറയുന്ന സ്ഥിതിയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തങ്ങളുടെ അജണ്ടയാണെന്നും അതില്‍ പിടിച്ച് മുന്നോട്ടുപോയാല്‍ വിശ്വാസികളെല്ലാം നമുക്കൊപ്പമാവുമെന്നും കമ്മ്യൂണിസ്റ്റുകളും സര്‍ക്കാര്‍ അനുകൂലികളും മാത്രമേ അവശേഷിക്കുകയുള്ളൂവെന്നുമുള്ള പ്രസ്താവന വ്യക്തമാക്കുന്നത്, കോണ്‍ഗ്രസ്സിനെ അടിയോടെ വാരുമെന്നാണ്. തിരിച്ചൊരു മറുപടി പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നത് തങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധിയല്ല, അമിത്ഷായാണെന്ന് വ്യക്തമാക്കുന്നതാണ്. ശബരിമലയില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനാണ് സംഘപരിവാര ശ്രമം. എങ്ങനെ ആളെ എളുപ്പത്തില്‍ കൊല്ലാമെന്ന് പരിശീലനം നേടിയ ആര്‍എസ്എസ് ക്രിമിനലുകളെ ഇതിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. 52 വയസ്സായ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി ക്രമസമാധാനം വഷളാക്കാനായിരുന്നു സംഘപരിവാര ശ്രമം. പോലിസ് സമചിത്തത പാലിച്ചതുകൊണ്ടു മാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റാലികളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും വിശ്വാസികളാണെന്നാണ് യാഥാര്‍ഥ്യം. മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും എല്ലാ വിഭാഗത്തോടും ഒരേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കടന്നപ്പളളി രാമചന്ദ്രന്‍, സ്‌കറിയാ തോമസ്, പി കെ രാജന്‍ മാസ്റ്റര്‍, അഡ്വ. വി മുരുകദാസ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss