|    Aug 23 Wed, 2017 12:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിലെ കൊലപാതക രാഷ്ട്രീയം : ലോക്‌സഭയില്‍ സിപിഎം- ബിജെപി വാഗ്വാദം

Published : 4th August 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ ആരോപണങ്ങളില്‍ പിടിച്ചു നില്‍ക്കാനായി ബിജെപി ഉന്നയിച്ച കേരളത്തിലെ രാഷ്ട്രീയ കൊലപാതക വിഷയം ലോക്‌സഭയില്‍ ബിജെപി-സിപിഎം വാക്‌പോരിന് ഇടയാക്കി. ഇടത് – ബിജെപി എംപിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടു. സിപിഎമ്മിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ബിജെപി എംപിമാര്‍ക്കു കൂടുതല്‍ സമയം അനുവദിച്ച സ്പീക്കര്‍ സുമിത്ര മഹാജന്‍ മറുപടി നല്‍കാന്‍ സിപിഎം അംഗങ്ങള്‍ക്ക് സമയം അനുവദിക്കാത്തത് രംഗം കൂടുതല്‍ വഷളാക്കി.  പ്രതിപക്ഷ അംഗങ്ങളെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തില്‍ സമാധാന ശ്രമങ്ങള്‍ നടക്കുമ്പോഴും അതിനെ അട്ടിമറിക്കുന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വം സ്വീകരിക്കുന്നതെന്നും ഇടത് എംപിമാര്‍ ആരോപിച്ചു.    കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം ജനറല്‍ സെക്രട്ടറിയുടെയും പേരുകള്‍ സഭയില്‍ പരാമര്‍ശിച്ചതിനെ സിപിഎമ്മിലെ പി കരുണാകരന്‍ ശക്തമായി അപലപിച്ചു. പിണറായി വിജയനെയും സീതാറാം യെച്ചൂരിയേയും ബിജെപി എംപിമാര്‍ ഭീകരര്‍ എന്നാണു വിശേഷിപ്പിച്ചത്. സഭയിലില്ലാത്ത വരുടെ പേരില്‍ സഭയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ബിജെപി എംപിമാര്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നു കരുണാകരന്‍ ആവശ്യപ്പെട്ടു. ഇതോടെ, ബിജെപി എംപിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനെതിരേ സിപിഎം അംഗങ്ങളും ശബ്ദം ഉയര്‍ത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. സിപിഎം എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിമാര്‍ വിഷയം ഏറ്റെടുത്ത് പ്രത്യാക്രമണത്തിന് ഒരുങ്ങിയതോടെ ബഹളത്തില്‍ മുങ്ങിയ സഭ ഇരുപതു മിനിറ്റ് നേരത്തേക്കു നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴും സിപിഎം അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കു നീങ്ങി. വിഷയം വീണ്ടും ഉന്നയിക്കാന്‍ ഇടത് എംപിമാര്‍ ശ്രമിച്ചപ്പോള്‍ ഇരുപക്ഷത്തെയും എംപിമാര്‍ ഈ വിഷയത്തില്‍ സംസാരിച്ചു കഴിഞ്ഞെന്നും ഇത് സഭാ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക