|    Jun 18 Mon, 2018 11:02 pm
Home   >  Todays Paper  >  page 12  >  

കേരളത്തിലെ കാട്ടുതീ: ഈ വര്‍ഷം കത്തിനശിച്ചത് 5163.56 ഏക്കര്‍ വനഭൂമി

Published : 7th November 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍    

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം കത്തിനശിച്ചത് 5163 ഏക്കര്‍ വനഭൂമിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കടുത്ത വേനലിനെ തുടര്‍ന്ന് സ്വാഭാവികമായുണ്ടാവുന്ന കാട്ടുതീക്കു പുറമേ മനുഷ്യ ഇടപെടലും കാട്ടുതീ—ക്ക് കാരണമായിട്ടുണ്ടെന്നു രേഖകള്‍ വ്യക്തമാക്കുന്നു. വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ ഉള്‍പ്പെടെയുള്ള പാലക്കാട് മേഖലയിലാണ് ഈ വര്‍ഷം ഏറ്റവുമധികം വനഭൂമി കത്തിനശിച്ചത്. 1423.568 ഏക്കര്‍ വനമേഖലയാണ് പാലക്കാട് കാട്ടുതീ വിഴുങ്ങിയത്.
പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലെ 1207.258 ഏക്കറും വൈല്‍ഡ്‌ലൈഫ് സര്‍ക്കിളില്‍പ്പെട്ട 387.485 ഏക്കറും ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളാണ് കാട്ടുതീ നാശത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. 1207.258 ഏക്കര്‍ വനമാണ് ഇവിടെ കത്തിയമര്‍ന്നത്. ഹൈറേഞ്ച് സര്‍ക്കിളില്‍ 863.450 ഏക്കറും ഫീല്‍ഡ് ഡയറക്ടര്‍-പ്രൊജക്ട് ടൈഗര്‍ എന്നിവയിലായി 252.541 ഏക്കറും ഉള്‍പ്പെടെ 1115.991 ഏക്കര്‍ വനഭൂമിയാണ് കോട്ടയം സര്‍ക്കിളില്‍ കാട്ടുതീക്ക് ഇരയായത്. കണ്ണൂര്‍ നോര്‍തേണ്‍ സര്‍ക്കിളില്‍ 964.253 ഏക്കര്‍ സ്ഥലത്ത് കാട്ടുതീ പടര്‍ന്നപ്പോള്‍ കൊല്ലം സതേണ്‍ സര്‍ക്കിളില്‍ 452.847 ഏക്കര്‍ സ്ഥലത്തും കാട്ടുതീയുണ്ടായി. അതേസമയം, തലസ്ഥാനത്തെ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കില്‍ കാട്ടുതീ നാശംവിതച്ചിട്ടില്ലെന്നും വനംമന്ത്രി കെ രാജു നിയമസഭയില്‍ രേഖാമൂലം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വേനല്‍ കടുക്കുമ്പോള്‍ മുളകള്‍, പരസ്പരം  ഉരസുമ്പോള്‍ തീ പടരുന്ന മരങ്ങള്‍  തുടങ്ങിയവയില്‍ നിന്നുള്ള അഗ്നിബാധ സാധ്യത കുറവാണെന്ന് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാണ്.
വനമേഖലയില്‍ അതിക്രമിച്ചു കയറി മനപ്പൂര്‍വം തീയിടുന്ന സംഭവങ്ങളുണ്ട്ഇതുതന്നെയാണ് ഇത്രയധികം വനമേഖലയില്‍ തീപടരാനുള്ള പ്രധാന കാരണമായി പറയുന്നത്. 2794633.3696 ഏക്കര്‍ വനമേഖലയാണ് കേരളത്തിലുള്ളത്. ഇതില്‍ 16,583 കിലോമീറ്റര്‍ വനാതിര്‍ത്തിമേഖലയാണ്. ഉള്‍വനങ്ങളില്‍ തീ പടരുന്നുണ്ടെങ്കിലും വനാതിര്‍ത്തിപ്രദേശങ്ങളാണ് അഗ്നിക്കിരയായതില്‍ ഏറെയും.
കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുപറയുമ്പോഴാണ് ഇത്രയധികം വനമേഖല അഗ്നിക്കിരയായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംരക്ഷിത വനമേഖലകളില്‍പ്പോലും കാട്ടുതീ പടരുന്നത് പുറത്തുനിന്നുള്ള ഇടപെടലാണ് സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും വേനലിനു മുമ്പ് തയ്യാറാക്കുന്ന ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ക്കനുസൃതമായാണ് കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നത്. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വേനലിനു മുമ്പ് കുറ്റിക്കാടുകളും പുല്ലുകളും ചെത്തി ഫയര്‍ലൈന്‍ തയ്യാറാക്കിയാണ് ശാസ്ത്രീയമായ രീതിയില്‍ കാട്ടുതീ പ്രതിരോധിക്കുന്നത്. കൂടാതെ ഫയര്‍ ഗ്യാങ്, വാച്ചര്‍മാര്‍ എന്നിവരുടെ പങ്കാളിത്ത വനപരിപാലനവും നടന്നുവരുന്നുണ്ട്.
ഈ സാഹചര്യങ്ങളൊക്കെ മറികടന്ന് കാട്ടുതീ ഉയരുന്നതിനു കാരണം മനുഷ്യരുടെ ഇടപെടലാണെന്ന് വ്യക്തമാണ്. വനം കൈയേറ്റവും തീയിടല്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങളും തടയുന്നതിന് അത്യാധുനിക സംവിധാനത്തോടെയുള്ള കൂടുതല്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്.
കൂടാതെ 2002-03 മുതല്‍ പങ്കാളിത്ത വനപരിപാലനവും നടത്തിവരുന്നുണ്ട്. 400 വനസംരക്ഷണസമിതികളും 190 ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളും കാട്ടുതീ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതെ—ല്ലാം മറികടന്ന് തീപടരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചതന്നെയാണ് തുറന്നുകാട്ടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss