|    Jan 18 Wed, 2017 5:43 pm
FLASH NEWS

കേരളത്തിലെ ആന ഇടനാഴിക്ക് വനംവകുപ്പ് സംരക്ഷണം നല്‍കുന്നില്ല

Published : 15th August 2016 | Posted By: SMR

എ  ജയകുമാര്‍

ചെങ്ങന്നൂര്‍: ദേശീയ ഗജസംരക്ഷണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടതോടെ രാജ്യത്തെ ഏറ്റവുംവലിയ ആന ഇടനാഴികള്‍ക്ക് സംസ്ഥാന വനം വകുപ്പ് മതിയായ സംരക്ഷണം നല്‍കുന്നില്ല. രംഗരാജന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള രാജ്യത്തെ പത്ത് ഗജമേഖലകളില്‍ മൂന്നെണ്ണം കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍, ഇവിടെ മതിയായ സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് തയ്യാറാവാത്തത് കാട്ടാനകളുടെ ആവാസവ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.
ബ്രഹ്മഗിരി- നീലഗിരി- പൂര്‍വഘട്ടം, ആനമല-നെല്ലിയാമ്പതി, പെരിയാര്‍- അഗസ്ത്യമല എന്നിവയാണ് കേരളത്തിലെ ഗജമേഖലകള്‍. ഇവയില്‍ പലതും കേരള- തമിഴ്‌നാട്- കര്‍ണാടക വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. നിലമ്പൂര്‍, സൈലന്റ്‌വാലി മലകള്‍, കോയമ്പത്തൂര്‍ മേഖല, മുക്കൂര്‍ത്തി ദേശീയപാര്‍ക്ക് , മുക്കൂര്‍ത്തി- മുതുമല ആന ഇടനാഴി, നടുവട്ടം- ഗൂഡല്ലൂര്‍ റേഞ്ച് എന്നിവയാണ് ഇത്തരത്തില്‍ അന്തര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലകള്‍. രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നതായി 2009ല്‍ നടത്തിയ നാഷനല്‍ വൈല്‍ഡ് ലൈഫ് പോപ്പുലേഷന്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രവന്യജീവി വകുപ്പ് കാട്ടാനകളുടെ സംരക്ഷണത്തിനായി റിപോര്‍ട്ട് നല്‍കാന്‍ രംഗരാജന്‍ കമ്മിറ്റിയെ നിയോഗിച്ചത്.
രംഗരാജന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഗജസംരക്ഷണ അതോറിറ്റിയുടെ പ്രവര്‍ത്തനം രാജ്യത്താരംഭിച്ചത്. ഇതിനായി 600 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ വകയിരുത്തി. സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. അതോറിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രധാന ഇടനാഴികളില്‍ പലതും നശിപ്പിച്ചനിലയിലാണ്.
കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പ്രോജക്ട് എലിഫന്റ് റിസര്‍ച്ചിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ 88 ആന ഇടനാഴികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലും. എന്നാല്‍, ഇവയ്ക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും കമ്മിറ്റി കണ്ടെത്തി. കേരളത്തിലെ 4500 ചതുശ്രകിലോമീറ്റര്‍ ഉള്‍പ്പെടുന്ന വനമേഖലയിലാണ് സംരക്ഷിക്കേണ്ട ആന ഇടനാഴികള്‍ ഉള്ളത്. ഗജമേഖല സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനതല അതോറിറ്റി ഇതുവരെ യോഗവും ചേര്‍ന്നിട്ടില്ല. കൂടാതെ, ആന ഇടനാഴികളുള്ള മേഖലകള്‍ പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന ദേശീയ അതോറിറ്റിയുടെ നിര്‍ദേശവും സംസ്ഥാനത്ത് പാലിക്കപ്പെട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക