|    Nov 19 Mon, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയാവാന്‍ ഹെയ്ദി സാദിയ

Published : 3rd August 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പ്രതിബന്ധങ്ങളെ പൊരുതിത്തോല്‍പ്പിച്ച് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയാവാന്‍ ഒരുങ്ങുകയാണു പൊന്നാനിക്കാരിയായ ഹെയ്ദിസാദിയ എന്ന പെണ്‍കുട്ടി. മനസ്സും ശരീരവുംകൊണ്ട് മാറ്റങ്ങള്‍ക്കു തയ്യാറായവളാണ് ഇവള്‍. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെയും കാഴ്ചപ്പാടുകളെയും തോല്‍പിച്ച് മാതൃകയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് ഹെയ്ദി സാദിയ. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി ജയിച്ച ഹെയ്ദി മാധ്യമ പ്രവര്‍ത്തകയാവാന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം പുതിയ ബാച്ചില്‍ ഇലക്‌ട്രോണിക് ജേണലിസം പഠിക്കുന്നു. പൊന്നാനി ടൗണ്‍ ജുമാ മസ്ജിദിനു സമീപം പടിഞ്ഞാറകം വീട്ടില്‍ ഷാഹുലിന്റെയും ജമീലയുടെയും മകനായി ജനിച്ച നയാന്‍ 10 വയസ്സുള്ളപ്പോഴാണു ഹോര്‍മോണ്‍ മാറ്റം തിരിച്ചറിഞ്ഞത്. 10ല്‍ പഠിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ഒടുവില്‍ 18ാം വയസ്സില്‍ നാടുവിട്ടു. പിന്നീടങ്ങോട്ട് ശസ്ത്രക്രിയക്ക് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ബാംഗ്ലൂരിലും ഡല്‍ഹിയിലുമായി കുറേ നാളുകള്‍. പൂര്‍ണമായും സ്ത്രീയായി പരിവര്‍ത്തനം ചെയ്‌തെന്നു ബോധ്യപ്പെട്ട ശേഷം തിരിച്ച് നാട്ടിലേക്കെത്തി.
കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയുടെ ഭാരവാഹികളായ രഞ്ജുരഞ്ജിമാര്‍, സൂര്യ ഇഷാന്‍, ഹരിണി ചന്ദന തുടങ്ങിയവരാണു തന്റെ രണ്ടാം ജന്മത്തിന് എല്ലാ പിന്തുണയും നല്‍കിയതെന്ന് ഹെയ്ദി പറയുന്നു.
എറണാകുളം സെന്റ്—തെരേസാസ് കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷമാണ് ജേണലിസം പഠിക്കാനായി തലസ്ഥാനത്തേക്കു വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പരിഗണനയും വാങ്ങിക്കാതെ പൊതുവിഭാഗത്തില്‍ അപേക്ഷിച്ച് എന്‍ട്രന്‍സ് പരീക്ഷയില്‍ 18ാം റാങ്ക് നേടിയാണ് 21 വയസ്സുള്ള ഹെയ്ദി പ്രവേശനം നേടിയത്. സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് തലയുയര്‍ത്തി തന്നെ ജീവിക്കണം. ഹെയ്ദിയുടെ വാക്കുകള്‍ക്ക് ഉറച്ച തീരുമാനത്തിന്റെ കരുത്തുണ്ട്. താനുള്‍പ്പെടുന്ന വിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും ക്ഷേമവും നന്‍മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തനം സഹായകമാവുമെന്ന് ഈ പെണ്‍കുട്ടി വിശ്വസിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss