|    Apr 21 Sat, 2018 5:13 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളത്തിലെന്തേ ദലിത് മൗനം?

Published : 29th January 2016 | Posted By: swapna en

sheriff
അഹ്മദ് ശരീഫ് പി

രോഹിത് വെമുല സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കൃത്യമായ പ്രതീകമായി മാറിയിരിക്കുകയാണ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി കാംപസ് ആവട്ടെ, അതിന്റെ സിരാകേന്ദ്രവും. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു നൂറുകണക്കിന് ദലിത് ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഹൈദരാബാദ് യൂനിവേഴ്‌സിറ്റി കാംപസിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടി ദിവസങ്ങളോളം വിപ്ലവം നടത്തിയ വിദ്യാര്‍ഥികളെപ്പോലെ, ഈജിപ്തിലെ സ്വാതന്ത്ര്യചത്വരത്തിലിരുന്ന് മുല്ലപ്പൂവിപ്ലവം നടത്തിയ വിദ്യാര്‍ഥിസഹസ്രങ്ങളെപ്പോലെ ഹൈദരാബാദ് സമരവും പതുക്കെയാണെങ്കിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായ വൈസ് ചാന്‍സലറും നിയുക്ത വിസിയും മന്ത്രി ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് അവര്‍ തെല്ലും പിറകോട്ടുപോയിട്ടില്ല. ഇങ്ങനെ ഒരു സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ വിദ്യാര്‍ഥിസമൂഹത്തിനു കഴിയുകയെന്നത് അപൂര്‍വ സംഭവമാണ്.കാരണം, ഹൈദരാബാദ് സമരം കേവലം ഒരു ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന തലം വിട്ടിരിക്കുന്നു. ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ, ഫാഷിസ്റ്റ് വാഴ്ചയുടെ മര്‍മത്തില്‍ കുത്തുന്ന വന്‍ പ്രതിഷേധജ്വാലയായിട്ടാണത് പരിണമിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫാഷിസത്തിന്റെ യഥാര്‍ഥ മുഖമാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ അഴിഞ്ഞുവീണത്. അതു മുസ്്‌ലിം ന്യൂനപക്ഷവിരുദ്ധം എന്നതിലുപരി ദലിത്-പിന്നാക്ക വിരുദ്ധമാണ്. ദലിത്-പിന്നാക്ക സമൂഹങ്ങളെ തന്നെ വരുതിയിലാക്കിക്കൊണ്ട് അവരെത്തന്നെ നേരിടുന്ന ഗൂഢശൈലിയാണതിന്റെ രീതിശാസ്ത്രം. അവരുടെ വികാരമുണര്‍ത്താനുള്ള മറ്റൊരു ഉപായമായി മുസ്‌ലിം ശത്രുത സൃഷ്ടിക്കുകയും മുസ്്‌ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുകയും കൊള്ളയടിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ എത്രയോ വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭംഗുരം തുടര്‍ന്നുവരുന്നു. എന്നിട്ടും ദലിത്-മുസ്‌ലിം ഐക്യം തകര്‍ക്കാന്‍ ഫാഷിസത്തിന് കഴിയാത്തതും പ്രസ്തുത ഐക്യം കെട്ടുറപ്പോടെ തുടരുന്നതും ഫാഷിസത്തിന്റെ നിഗൂഢ അജണ്ടകള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതുകൊണ്ടാണ്.

എന്നാല്‍, പണ്ടത്തെപ്പോലെ ഇന്ത്യന്‍ ഫാഷിസം ബ്രാഹ്മണമേധാവിത്വ പുനസ്ഥാപനത്തില്‍ തന്നെയാണ് ഊന്നിനില്‍ക്കുന്നതെന്ന് ഹൈദരാബാദ് യൂനിവേഴ്‌സിറ്റി സാക്ഷ്യംവഹിക്കുന്നു. തൊട്ടുകൂടായ്മയില്‍നിന്നും തീണ്ടിക്കൂടായ്മയില്‍നിന്നും ബ്രാഹ്മണിസമോ സംഘപരിവാരമോ ഒട്ടും പിന്നോട്ടുപോയിട്ടില്ലെന്നും രോഹിത് വെമുല സംഭവം തെളിയിക്കുന്നു. 10 ദലിത് വിദ്യാര്‍ഥികള്‍ ഇതുവരെയായി ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നെന്നും ഇവരെല്ലാം ദലിത് പീഡനത്തിന്റെ രക്തസാക്ഷികളാണെന്നുമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും വിസിയെ പുറത്താക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഹൈദരാബാദ് മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക കാംപസുകളും ഉറക്കെയുറക്കെ വിളിച്ചുപറയുന്നത് കാണാതെ പോയിക്കൂടാ. ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചുവാങ്ങിയ അതേ ഗുരുധാര്‍ഷ്ട്യം അണുമണിത്തൂക്കം വ്യത്യാസമില്ലാതെ തുടരുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. ദലിതന്‍ താമസിക്കുന്ന ഹോസ്റ്റല്‍മുറിയില്‍ കിടക്കാന്‍ തയ്യാറില്ലാത്ത പരിഷ്‌കൃത പുരോഗമനവാദിയായ വിദ്യാസമ്പന്നവര്‍ഗമാണ് ആധുനിക സവര്‍ണന്‍.

ദലിതന്‍ ഉണ്ണുന്ന കോളജ് കാന്റീനില്‍ അവര്‍ക്ക് വേറെ ഇരിപ്പിടങ്ങള്‍ വേണം. നോണ്‍ വെജ് കഴിക്കുന്ന ഒരാളും വെജിറ്റേറിയന്‍ ചൂര് അടിക്കുന്നതിനെക്കുറിച്ച് ഇന്നുവരെ പരാതി പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ ഒരു അസഹിഷ്ണുത ചരിത്രത്തില്‍ എവിടെയും കാണുകയില്ല. എന്നാല്‍, നോണ്‍ വെജ് ആഹാരത്തിന്റെ ചെറിയ ഗന്ധംപോലും ശുദ്ധ പച്ചക്കറി തീറ്റക്കാര്‍ക്ക് സഹിക്കാനാവില്ല. ഇങ്ങനെയുള്ള അസഹിഷ്ണുക്കളെ മഹാന്മാരെന്ന് വാഴ്ത്തി ചുമലിലേറ്റി നടക്കുന്നവരാണ് ഇത്രകാലവും നോണ്‍ വെജ് കൂട്ടക്കാര്‍. ഇവരുടെ സഹിഷ്ണുതയുടെ ചെലവിലാണ് പച്ചക്കറിവാദക്കാരുടെ അസഹിഷ്ണുത രാജ്യത്ത് വിളയാടുന്നത്. എഴുത്തുകാരനായ ആനന്ദ് നിരീക്ഷിച്ചപോലെ അസഹിഷ്ണുതയല്ല, സഹിഷ്ണുതയാണ് യഥാര്‍ഥ പ്രശ്‌നം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം അസഹിഷ്ണുതയുടെ എല്ലാ ക്രൗര്യങ്ങളും ക്ഷമയോടെ സഹിച്ച ബഹുഭൂരിപക്ഷം വരുന്ന നോണ്‍ വെജിറ്റേറിയന്‍സ് തന്നെയാണ് ഇന്നും തുടരുന്ന അസഹിഷ്ണുതയ്ക്ക് ഉത്തരവാദികള്‍.

ആ ഉത്തരവാദിത്തം കൂടിയ അളവില്‍ തോളിലേറ്റിയ കൂട്ടരാണ് മലയാളിസമൂഹം പൊതുവെ. വടക്കെ ഇന്ത്യയില്‍ എന്തൊക്കെ സംഭവിച്ചാലും രാജ്യം തന്നെ കീഴ്‌മേല്‍ മറിഞ്ഞാലും നമ്മുടെ സഹിഷ്ണുത നാം കൈവിടാറില്ല. അതിന്റെ ഉദാത്ത സ്വഭാവം നാം പാടിനടക്കുകയും ചെയ്യും. അതിന്റെ ഭാഗം തന്നെയാണ് കേരളത്തില്‍ ഇന്നു നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരുതരം അസ്വസ്ഥജനകമായ നിശ്ശബ്ദത. ഫാഷിസം കോമ്പല്ല് നീട്ടി വന്നുകൊണ്ടിരിക്കുമ്പോഴും മുഴുവന്‍ ഇന്ത്യന്‍ ജനതയും അതിനെതിരേ സടകുടഞ്ഞെഴുന്നേറ്റു നില്‍ക്കുമ്പോഴും കേരളം അതില്‍നിന്ന് മാറിനില്‍ക്കുന്ന ഒരു പ്രതീതി പൊതുവെയുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ഏതാണ്ട് ഇങ്ങനെയായിരുന്നു ചിത്രം. ഉത്തരേന്ത്യ മൊത്തം അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ വോട്ട് ചെയ്ത് തറപറ്റിച്ചപ്പോള്‍ കേരളം വിലങ്ങടിച്ചു നിന്നു.

കേരളത്തില്‍ കേവലം അക്കൗണ്ട് തുറക്കുകയല്ല ലക്ഷ്യം, അധികാരം കൈയാളുകതന്നെയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് കുമ്മനം രാജശേഖരന്‍ നായര്‍ കൊമ്പുകുലുക്കി നടക്കുന്ന കാലത്തും നിസ്സംഗനാണ് മലയാളി. അതൊന്നും വിന്ധ്യാപര്‍വതം കടന്ന് ഇങ്ങെത്തിച്ചേരുകയില്ലെന്നൊരു ശുഭപ്രതീക്ഷ എപ്പോഴും നമുക്കുണ്ട്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിസമരരംഗത്തുള്ളവരില്‍ നല്ലൊരു ശതമാനം മലയാളികളുണ്ടായിട്ടും കേരളത്തില്‍ സമരത്തിന്റെ പ്രകമ്പനം വേണ്ടത്രയുണ്ടായെന്ന് പറഞ്ഞുകൂടാ.

ഉള്ള പ്രതികരണങ്ങളും പ്രകടനങ്ങളുമാവട്ടെ, ഏറെയും മുസ്‌ലിം സംഘടനകളില്‍നിന്നായിരുന്നു. കെഎസ്‌യുക്കാരും കുറച്ചൊക്കെ രംഗത്തുവന്നു. എന്നാല്‍, എസ്എഫ്‌ഐയുടെ ചുവടുവയ്പുകള്‍ വളരെ ശ്രദ്ധാപൂര്‍വമായിരുന്നു. അവരുടെ ഭാഗത്തുനിന്ന് പറയത്തക്ക ഒരു രോഷപ്രകടനങ്ങളുമുണ്ടായില്ല. ”അങ്ങ് ദൂരെ ഹിമാലയസാനുക്കളില്‍ ഞങ്ങളുടെ സോദരന്റെ ചോര വീണാല്‍ ഇങ്ങിവിടെ പകരം ചോദിക്കും, കട്ടായം” എന്നൊക്കെ പണ്ട് മുദ്രാവാക്യങ്ങളുണ്ടായിരുന്നു. അങ്ങനെയൊരു മുദ്രാവാക്യംവിളിയുണ്ടായില്ലെന്നതോ പോവട്ടെ, എന്തായിരിക്കും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ പിന്തിരിപ്പിക്കുന്നത്. രോഹിത് വെമുല എസ്എഫ്‌ഐക്കാരനല്ല. എസ്എഫ്‌ഐ മടുത്ത് മതിയാക്കി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉണ്ടാക്കിയ ആളാണ്. മാത്രമല്ല, സവര്‍ണവിരോധിയും. എസ്എഫ്‌ഐക്ക് ദലിത് സ്‌നേഹം തൊട്ടുതുളുമ്പാതിരിക്കാന്‍ വേറെയും കാരണങ്ങളുണ്ടാവാം. എന്നാല്‍, ദലിത് സംഘങ്ങള്‍ക്കോ? നൂറുകണക്കിന് ദലിത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ രോഹിത് വെമുലയ്ക്കു വേണ്ടിയുള്ള ദലിത് ശബ്ദങ്ങള്‍ വളരെ നേര്‍മയായി മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണിത്? ഉത്തരേന്ത്യയിലേതുപോലെയുള്ള ദലിത് ശക്തികള്‍ കേരളത്തില്‍ ഇല്ലെന്നതു ശരി. പക്ഷേ, നിരവധി കൊച്ചുകൊച്ചു സംഘടനകള്‍ ഉണ്ടായിരുന്നു. അവരുടെ പ്രക്ഷുബ്ധമാനസങ്ങള്‍ എന്താണ് അടങ്ങിനില്‍ക്കുന്നത്? ഒരു ദലിത് റാലിയോ പ്രകടനമോ കേരളത്തിലെ നഗരങ്ങളിലുണ്ടായില്ല. ഇന്ത്യ തിളച്ചുമറിയുമ്പോഴും ദലിത് ചോര തിളയ്ക്കുമ്പോഴും മലയാളത്തിലെ ദലിത് സംഘടനകള്‍ എന്തുചെയ്യുകയാണ്. ചിലരൊക്കെ ഹൈദരാബാദില്‍ ചെന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് വിസ്മരിക്കുന്നില്ല.

പൊതുവെ ഐക്യപ്പെടാതെ ചിന്നിച്ചിതറിക്കിടക്കുന്ന മലയാളി ദലിതുകള്‍ സ്വന്തം നിലയോര്‍ത്ത് കേഴുകയാണോ? അതോ ഒരു മുന്നേറ്റത്തിനുള്ള അവസരം കാത്തിരിക്കുകയാണോ? അനൈക്യത്തിന്റെ വിഭജിക്കപ്പെട്ട അസ്തിത്വങ്ങളുടെ മുറിവുകള്‍ ഉണക്കാന്‍പറ്റിയ ഒറ്റമൂലിയായിരുന്നു രോഹിത് വെമുല. എല്ലാ ദലിത് കൂട്ടായ്മകളെയും സന്നദ്ധസംഘങ്ങളെയും സാംസ്‌കാരികസംഘടനകളെയും കോര്‍ത്തിണക്കാന്‍ പറ്റിയ ഹേതുകമായിരുന്നു ഹൈദരാബാദ് സംഭവം. മാത്രമല്ല, കോണ്‍ഗ്രസ്സിലും സിപിഎമ്മിലും ലീഗിലും മറ്റിതര രാഷ്ട്രീയസംഘടനകളിലും സജീവമായ ദലിതുകളെക്കൂടി ഒരുമിച്ചുകൂട്ടാന്‍ കഴിയുമായിരുന്ന സന്ദര്‍ഭം. ശക്തമായ പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും ഒരുങ്ങേണ്ട സന്ദര്‍ഭങ്ങളില്‍ മൗനംപാലിക്കുന്നത് ദുരന്തങ്ങളെ മാടിവിളിക്കുന്നതിനു തുല്യമാണ്. കാരണം, കേരളത്തില്‍ നല്ലൊരു വിഭാഗം ദലിതുകള്‍ സംഘപരിവാരത്തിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരക്കാരില്‍ അവബോധമുണ്ടാക്കാന്‍ പറ്റിയ സന്ദര്‍ഭംകൂടിയാണിത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ദലിതു സംഘടനകള്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ വഴിമാറി സഞ്ചരിക്കുന്ന, ഫാഷിസ്റ്റ് കെണിയിലകപ്പെട്ടുപോയ സഹോദരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുകയുള്ളൂ. അഥവാ കേരളം ഒരു രോഹിത് വെമുലയെ, ഒരു യഥാര്‍ഥ അംബേദ്കറിസ്റ്റിനെ കാത്തിരിക്കുകയാണ്.                      ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss