|    Oct 18 Wed, 2017 9:31 am
FLASH NEWS
Home   >  Kerala   >  

കേരളത്തിലെത്തുന്ന മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍

Published : 2nd August 2017 | Posted By: mi.ptk

തിരുവനന്തപുരം: അസുഖബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കേരളത്തിലേക്ക് വരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ തീരുമാനം കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കി. മഅ്ദനിയുടെ സുരക്ഷാ ചിലവിനായി ആവശ്യപ്പെട്ട ഭീമമായ തുകയില്‍ ഇളവ് നല്‍കണമെന്നും പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് വരുമ്പോളുള്ള സുരക്ഷാ ചിലവുകള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ വന്‍ തുക ആവശ്യപ്പെട്ടതോടെയാണ് മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലായത്. വിമാനടിക്കറ്റ് ചിലവ് കൂടാതെ 15 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ തുക താങ്ങാവുന്നതിലും കൂടുതലാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഒരു എസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
മൂത്ത മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനുമായി ഓഗസ്ത് ഒന്നു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കേരളത്തിലേക്കു വരുമ്പോള്‍ പോലീസ് സുരക്ഷാ ചെലവുകള്‍ മഅ്ദനി തന്നെ വഹിക്കണമെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മഅ്ദനിക്കു സര്‍ക്കാര്‍ ചെലവില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് ചിലവ് സ്വയം വഹിക്കണമെന്ന് കോടതി മഅ്ദനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തുക എത്രയെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല.
കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് നാളെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക