|    Nov 21 Wed, 2018 3:25 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന് സഹായവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി/ചണ്ഡീഗഡ്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി കൂടുതല്‍ സംസ്ഥാനങ്ങള്‍. പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാരുകള്‍ കൂടി സഹായഹസ്തവുമായി മുന്നോട്ടുവന്നു.
ഡല്‍ഹി സര്‍ക്കാര്‍ 10 കോടി രൂപയും മഹാരാഷ്ട്ര സര്‍ക്കാര്‍ 20 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന സര്‍ക്കാര്‍ 25 കോടി രൂപയാണ് പ്രഖ്യാപിച്ചത്. നേരത്തേ മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് അഞ്ചുകോടി രൂപ അടിയന്തര ധനസഹായമായി അനുവദിച്ചിരുന്നു. കഴിയാവുന്ന സഹായം കേരളത്തിനു നല്‍കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എന്‍ വാസുദേവനാണ് മഹാരാഷ്ട്രയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍. ഇദ്ദേഹമാണ് സംസ്ഥാനത്തിന്റെ കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി 25 കോടി രൂപ അനുവദിക്കുന്ന കാര്യം ശനിയാഴ്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് അറിയിച്ചത്. പ്രളയംമൂലം സംസ്ഥാനത്ത് വെള്ളം മലിനമാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ ഒ മെഷീനുകള്‍ കേരളത്തിലേക്ക് അയക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തെ സഹായിക്കാന്‍ തെലങ്കാനയിലെ ജനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവര്‍ സഹായവാഗ്ദാനം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss