|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് വിദേശ സഹായംകേന്ദ്ര നയത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തം

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം ശക്തമാവുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനും മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേരളം പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ വന്‍തുക ആവശ്യമായി വരും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അടിയന്തര സഹായം പോലും കേരളത്തിന് അപര്യാപ്തമാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്തും പുനരധിവാസത്തിന് ആവശ്യമായ ഭീമമായ ചെലവ് കണക്കിലെടുത്തും നയത്തില്‍ മാറ്റം വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശധനസഹായം സ്വീകരിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം 14 വര്‍ഷമായി തുടരുന്ന നയങ്ങളാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. മുന്‍സര്‍ക്കാരുകള്‍ പാലിച്ച നയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ ഇത് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു സഹായം സ്വീകരിക്കേണ്ട എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ അക്കാര്യം മന്ത്രിസഭയും മറ്റും വിശദമായി ചര്‍ച്ച ചെയ്ത് മാറ്റം വരുത്താനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് കണ്ണന്താനം ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചര്‍ച്ച ചെയ്തുവെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നത്. പ്രളയക്കെടുതിയില്‍ യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി രൂപ കേന്ദ്രം നിരസിക്കുകയാണെങ്കില്‍ ദുരന്ത നിവാരണത്തിനുള്ള ഇടക്കാല ആശ്വാസമായി സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തം ഒരു സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ മിഥ്യാഭിമാനത്തില്‍ അടയിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നു സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി.ദുരന്തങ്ങള്‍ വരുമ്പോള്‍ സഹായ വാഗ്ദാനങ്ങള്‍ സ്വാഭാവികമാണ്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യ മുമ്പ് സഹായം നല്‍കിയിട്ടുണ്ട്. പാകിസ്താനു പോലും ഇത്തരത്തില്‍ രാജ്യം സഹായഹസ്തം നീട്ടിയിട്ടുണ്ട്. അതുകൊണ്ട് അതുപോലുള്ള ഇന്നത്തെ സാഹചര്യത്തില്‍ യുഎന്‍ സഹായവും യുഎഇയുടെ വാഗ്ദാനവും സ്വീകരിക്കാം- സൂധാകര്‍ റെഡ്ഡി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss