|    Oct 22 Sun, 2017 6:43 am
Home   >  Todays Paper  >  Page 5  >  

കേരളത്തിന് വന്‍തോതില്‍ സഹായം ലഭ്യമാക്കും: കേന്ദ്രമന്ത്രി

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷികോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി വിജ്ഞാന വ്യാപന, കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഉദാരമായ സഹായം നല്‍കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്.
2014-15 കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്ര കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ അനുവദിച്ചപ്പോള്‍ 2015-16ല്‍ ഇത് 24 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക വിദ്യാഭ്യാസത്തിനുള്ള വിഹിതം 1.60 കോടി രൂപയില്‍ നിന്ന് 8 കോടിയാക്കി ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര കൃഷിവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തില്‍ (സിടിസിആര്‍ഐ) കൃഷിക്കാര്‍ക്കുള്ള സഹായകേന്ദ്രത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൃഷിവകുപ്പ്, കേന്ദ്രസര്‍ക്കാരിന്റെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളുമായി സഹകരിച്ച് വിജ്ഞാന വ്യാപന മേഖലയില്‍ കേന്ദ്രവിഹിതം പരമാവധി വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.
സൂക്ഷ്മ ജലസേചനം, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധന എന്നിവയിലൂടെ കാര്‍ഷികോല്‍പാദനം കൂട്ടാനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷികരംഗത്തെ പുരോഗതിയിലൂടെ മാത്രമേ രാജ്യം ലക്ഷ്യമിട്ട വളര്‍ച്ച കൈവരിക്കാനാകൂവെന്നും കേന്ദ്ര കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സിടിസിആര്‍ഐ ആക്ടിങ് ഡയറക്ടര്‍ ഡോ. ജെയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക