|    Feb 23 Fri, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന് മതിയായ ഹജ്ജ് ക്വാട്ട അനുവദിക്കണം: മുഖ്യമന്ത്രി

Published : 13th August 2017 | Posted By: fsq

 

കൊച്ചി: കേരളത്തിന് മതിയായ ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കിയ ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍, അപേക്ഷകള്‍ക്ക് ആനുപാതികമായ സീറ്റുകള്‍ ഇപ്പോഴും ലഭിക്കുന്നില്ല. എണ്ണത്തിനനുസരിച്ച് ക്വാട്ട അനുവദിക്കണം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ കേരള മോഡല്‍ മാതൃകാപരമാണ്. ഇതു മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്ന് 1.25 ലക്ഷം പേരാണ് ഹജ്ജിനായി പോവുന്നത്. ഹജ്ജ് യാത്രാരേഖകളുടെ വിതരണവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സമൂഹത്തിലെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കം ദൈവനിന്ദയാണെന്നും വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാം. മതപരിവര്‍ത്തനം സ്വര്‍ഗത്തിലെത്തുന്നതിനുള്ള മാനദണ്ഡമായി ഒരു പ്രവാചകനും പറഞ്ഞിട്ടില്ല. സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ദുഷ്ടശക്തികളുടെ ശ്രമം തടയാന്‍ ജാഗ്രതപാലിക്കണം. മതഭ്രാന്ത് തടയാന്‍ മതനിരപേക്ഷവാദികളുമായി കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. മതവിശ്വാസികള്‍ കൂടുതലുള്ള നാട്ടില്‍ കുറ്റകൃത്യങ്ങളും കുറയണം. അടുത്ത തവണ ഹജ്ജ് ക്യാംപ് കരിപ്പൂരിലാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. എംപിമാരായ പ്രഫ. കെ വി തോമസ്, ഇന്നസെന്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റര്‍ ഇ ടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ വി കെ ഇബ്രാഹീംകുഞ്ഞ്, കെ വി അബ്ദുല്‍ഖാദര്‍, വി അബ്ദുറഹ്മാന്‍, റോജി എം ജോണ്‍, പി ടി എ റഹീം, അന്‍വര്‍ സാദത്ത്, പി അബ്ദുല്‍ ഹമീദ് സംസാരിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിത് മീണ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ഹുസയ്ന്‍ മടവൂര്‍, കെ കെ അബൂബക്കര്‍, സി പി കുഞ്ഞുമുഹമ്മദ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss