|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

Published : 13th August 2018 | Posted By: kasim kzm

കൊച്ചി: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം സമര്‍പ്പിച്ചു. പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8,316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനുമുള്ള യഥാര്‍ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.
അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാവുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. 14ല്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു.
ആഗസ്ത് ഒമ്പതു മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ മാത്രം 38 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചുപേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss