|    Jun 21 Thu, 2018 3:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളത്തിന് പുതിയൊരു ബദല്‍

Published : 25th January 2016 | Posted By: SMR

ജി ബി മോഹന്‍ തമ്പി

അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന ഈ വിഴുപ്പുഭാണ്ഡവുമായിട്ടാണ് സുധീരന്‍ ജനരക്ഷായാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിക്കു ഭരണത്തുടര്‍ച്ച ലഭിക്കുമെന്നുതന്നെ അദ്ദേഹവും വിശ്വസിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ ഇടതുമുന്നണിക്കു ലഭിച്ചിട്ടുണ്ടെങ്കിലും വോട്ടിന്റെ കാര്യത്തില്‍ നേരിയ വ്യത്യാസമേയുള്ളൂ- കഷ്ടിച്ച് ഒരു ശതമാനം. സാധാരണഗതിയില്‍ ഇത്രയും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായ ഗവണ്‍മെന്റിന്റെ പരാജയം കേരളത്തെപ്പോലൊരു സംസ്ഥാനത്തില്‍ സുനിശ്ചിതമാവുകയാണു വേണ്ടത്. പക്ഷേ, അത്രയും ദൃഢമായ ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ടെന്നു പറയാന്‍ സാധ്യമല്ല. ആരു മുഖ്യമന്ത്രിയായാലും മാര്‍ക്‌സിസ്റ്റ് മുന്നണി അധികാരത്തില്‍ വരണം എന്നാണ് ഇടതുപക്ഷാനുയായികള്‍ ആഗ്രഹിക്കുന്നത്. പശ്ചിമബംഗാളില്‍ ഒരു തിരിച്ചുവരവ് പ്രവചനാതീതമായിരിക്കെ കേരളത്തില്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം അത്യന്തം ദുര്‍ബലമാവും. ബഹുജന സ്വീകാര്യത കൂടുതല്‍ വിഎസിനാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹം നയിക്കട്ടെ, പ്രായക്കുറവും കാര്യക്ഷമതയും പിണറായി വിജയനാണ്. അതുകൊണ്ട് മുഖ്യമന്ത്രി അദ്ദേഹം ആവട്ടെ. ഇങ്ങനെയാണ് അധ്വാനവിഭജനം എന്നൊരു ധാരണ പരന്നിട്ടുണ്ട്.
യഥാര്‍ഥ പ്രശ്‌നം ആരു മുഖ്യമന്ത്രിയാവണമെന്നതല്ല, അധികാരത്തില്‍ വന്നാല്‍ പരിവര്‍ത്തനോന്മുഖമായ ഒരു ബദല്‍ പരിപാടി നടപ്പില്‍വരുത്തി ഇന്നത്തെ ദുര്‍ദശയില്‍നിന്നു കേരള ജനതയെ മോചിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ് മുന്നണിയുടെ നേതൃത്വത്തിനു കഴിയുമോ എന്നുള്ളതാണ്. അതിനുവേണ്ട കരുത്താര്‍ജിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈയിടെ കൊല്‍ക്കത്തയില്‍ നടന്ന പ്ലീനത്തില്‍നിന്ന് ഊര്‍ജം ലഭിച്ചിട്ടുണ്ടോ?
അതറിയാന്‍ കുറേ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തന്നെ ഉണ്ടായ പ്രധാന സംഭവം പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും കസേരകള്‍ പരസ്പരം വച്ചുമാറിയതു മാത്രമാണെന്നു ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഗൗരവമുള്ള വിമര്‍ശനവും സ്വയംവിമര്‍ശനവും അവിടെയുണ്ടായി. പാര്‍ട്ടി സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമായി. അംഗങ്ങളുടെ രാഷ്ട്രീയനിലവാരം താണതാണെന്നും ബഹുജനസംഘടനകള്‍ നിഷ്‌ക്രിയമാവുന്നുവെന്നും യുവാക്കള്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്നും പാര്‍ലമെന്ററി വ്യാമോഹമുള്ള ധാരാളം സഖാക്കളുണ്ടെന്നും സംസര്‍ഗദോഷംകൊണ്ടു ചീത്തപ്പേരു കേള്‍പ്പിക്കുന്നു എന്നും പല വിമര്‍ശനങ്ങളും ഉയര്‍ന്നതായി കേള്‍ക്കുന്നു. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ ഇടതുപക്ഷ പ്രതിച്ഛായക്കു കൂടുതല്‍ മങ്ങലേല്‍ക്കും.
ബിജെപിയുടെ ജനവിരോധനയങ്ങള്‍ക്ക് ഇടതുപക്ഷത്തിനു മാത്രമേ ഒരു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമാണെങ്കിലും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിയോ ലിബറല്‍ നയങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവാത്തിടത്തോളം കാലം അവരുടെ പ്രതിപക്ഷത്തിന് ‘അഡ്ജസ്റ്റ്‌മെന്റ്’ മൂല്യം മാത്രമേ ഉണ്ടാവുകയുള്ളൂ. മുലായംസിങ്, മായാവതി, ജയലളിത, മമത ബാനര്‍ജി തുടങ്ങിയ നേതാക്കന്മാര്‍ക്കു പ്രാദേശികമായി സ്വാധീനതയുണ്ടെങ്കിലും അഴിമതിക്കേസുകളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപി മടിക്കുകയില്ല.
മാര്‍ക്‌സിസ്റ്റ് നേതൃത്വം ഇതിനുവേണ്ടി എടുത്തിട്ടുള്ള ഗൗരവമുള്ള ഒരു മുന്‍കൈ ആയി കേരള പഠന കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളെ കണക്കാക്കാം. കേരളത്തിന് ഒരു പുതിയ വികസനമോഡല്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍, അതു നടപ്പില്‍വരുത്താന്‍ അവര്‍ക്കു സാധിക്കും. ഉദാഹരണത്തിന് വിദ്യാഭ്യാസമേഖലയും ആരോഗ്യരക്ഷയും എടുക്കുക. രണ്ടും ഏകദേശം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സമത്വവും നീതിയും എന്ന തത്ത്വം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളുടെയും കോളജുകളുടെയും സ്ഥിതി ശോചനീയമായി മാറിയിരിക്കുന്നു. പ്രൈവറ്റ് സ്ഥാപനങ്ങളാവട്ടെ, അവ എയ്ഡഡ് ആയാലും സ്വാശ്രയമായാലും വെറും കച്ചവടകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അക്കാദമിക് നിലവാരം താണു സര്‍വകലാശാലകള്‍ ചാന്‍സലറുടെ ഇടപെടലുകള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ പിടിപ്പുകേടുകള്‍ കാണിക്കുന്നു. അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി വ്യാവസായിക മാതൃകയില്‍, വിദേശ സര്‍വകലാശാലകളുടെ ബിരുദത്തിനു വേണ്ട സ്ഥാപനങ്ങള്‍ നടത്താന്‍ പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍ അനുവദിച്ചുകൊടുക്കുന്നു. കേന്ദ്രഗവണ്‍മെന്റാണെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള ചെലവു കുറയ്ക്കുകയാണ്. ഗവേഷണ പരിശ്രമങ്ങളെല്ലാം നിരുല്‍സാഹപ്പെടുത്തുന്ന നയങ്ങള്‍ യുജിസിയും സ്വീകരിച്ചിരിക്കുന്നു. സര്‍വകലാശാലകള്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി ഒരു സമാന്തര ബദല്‍ വിദ്യാഭ്യാസപ്രസ്ഥാനം തന്നെ വേണ്ടിവരും.
അതുപോലെത്തന്നെ ആരോഗ്യരക്ഷയുടെ കാര്യത്തിലും വാണിജ്യവല്‍ക്കരണം ആപല്‍ക്കരമായ വിധത്തില്‍ പുരോഗമിക്കുകയാണ്. ചുരുങ്ങിയ ചെലവില്‍ ഫലപ്രദമായ ചികില്‍സ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരിക്കണം ഒരു യഥാര്‍ഥ ജനാധിപത്യ ഗവണ്‍മെന്റിന്റെ നയം. പക്ഷേ, ഇപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്ന പേരിലുള്ള ആശുപത്രികളില്‍ പണക്കാര്‍ക്കു മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. സര്‍ക്കാര്‍ ആശുപത്രികളാണെങ്കില്‍ നരകകവാടങ്ങളായിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ ആശുപത്രികളിലെ ദയനീയ സ്ഥിതിയെക്കുറിച്ച് റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ, അവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനു കഴിവില്ല. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ആശുപത്രി മാനേജ്‌മെന്റുകള്‍, ധാര്‍മികബോധമില്ലാത്ത ഡോക്ടര്‍മാര്‍ എന്നിവരുടെ സാമ്പത്തിക ലാഭത്തിനു വേണ്ടി മാത്രമാണ് ഇന്നത്തെ ആരോഗ്യരക്ഷാ നയങ്ങള്‍ പ്രയോജനപ്പെടുന്നത്.
ഇവിടെയും ഒരു സമാന്തര ആരോഗ്യരക്ഷാ സംവിധാനത്തെക്കുറിച്ച് ഇടതുപക്ഷം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ജനസേവന തല്‍പരരായ നിരവധി ഡോക്ടര്‍മാര്‍ നമുക്കുണ്ട്. ചെലവു കുറഞ്ഞ മരുന്നുകള്‍ ഉണ്ടാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ശുദ്ധമായ കുടിവെള്ളവും മായംചേര്‍ക്കാത്ത ഭക്ഷണസാധനങ്ങളും കീടനാശിനിയില്ലാത്ത പച്ചക്കറികളും കിട്ടിയാല്‍ത്തന്നെ പകുതി രോഗങ്ങളും മാറും. ബദല്‍ ചികില്‍സാ സമ്പ്രദായങ്ങള്‍ (ആയുര്‍വേദം, സിദ്ധവൈദ്യം, ഹോമിയോപ്പതി, പ്രകൃതി ചികില്‍സ) പ്രോല്‍സാഹനമര്‍ഹിക്കുന്നു. ഇവയും വാണിജ്യവല്‍ക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മണ്ണ്, ജലം, വായു, താപം, ആകാശം എന്നീ പഞ്ചഭൂതങ്ങളാണ് പ്രകൃതിചികില്‍സയ്ക്കു വേണ്ടത് എന്നു പറയുകയും അതിനു ദിവസവും 5,000 രൂപ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന കേന്ദ്രങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. പുതിയ കേരള മോഡലിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നവര്‍ സമാന്തര ആരോഗ്യരക്ഷാ പ്രസ്ഥാനവും കെട്ടിപ്പടുക്കേണ്ടതുണ്ട്.
പക്ഷേ, ഇതിന്റെയെല്ലാം പിന്നില്‍ ഒരു രാഷ്ട്രീയ പ്രശ്‌നമുണ്ട്. ബിജെപിക്കെതിരായ സമരമുന്നണിയില്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിനു സ്വതന്ത്രവും നിര്‍ണായകവുമായ ഒരു സ്ഥാനം ഇപ്പോള്‍ ഇല്ല എന്നതാണത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സാമൂഹികമായി പുരോഗമനപരമായ നയങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. പ്രത്യേകിച്ച് രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ കാലം മുതല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ക്രോസ്‌റോഡ്‌സ് എന്നൊരു വാരികയുണ്ടായിരുന്നു. കോണ്‍ഗ്രസ്സുമായി സഹകരിച്ച് പിന്തിരിപ്പന്‍ ശക്തികളെ നേരിടണോ അതോ കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ഒരു ബദലുണ്ടാക്കണോ എന്ന പ്രശ്‌നം പാര്‍ട്ടിനേതൃത്വത്തില്‍ എപ്പോഴും ചര്‍ച്ച ചെയ്തിരുന്നു.
1964ലെ പാര്‍ട്ടി പിളര്‍പ്പിനു പ്രധാന കാരണം ഇതായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞു. ഇപ്പോഴും പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ ക്രോസ്‌റോഡ്‌സ് തന്നെയാണ് എന്നു പ്ലീനത്തിനു ശേഷവും നാം മനസ്സിലാക്കുന്നു. പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മമത ബാനര്‍ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പുസഖ്യം വേണമെന്ന് അവിടത്തെ സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായപ്പെടുന്നവരുണ്ടെന്നു പത്രവാര്‍ത്തയുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് മുഖ്യശത്രു. അപ്പോള്‍ ആര്‍എസ്പി, ജെഡിയു മുതലായ പാര്‍ട്ടികളെപ്പോലെ സംസ്ഥാനങ്ങളില്‍ ഒരു നയം, കേന്ദ്രത്തില്‍ മറ്റൊരു നയം, പല സംസ്ഥാനങ്ങളില്‍ പലതരം കൂട്ടുകെട്ടുകള്‍- ഈ സ്ഥിതിയുണ്ടായാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്‌കിറ്റ്‌സോഫ്രീനിയ എന്ന രോഗം പിടിപെട്ടതുപോലെ തോന്നും.

(അവസാനിച്ചു.)

(കടപ്പാട്: ജനശക്തി, ജനുവരി 2016)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss