|    Dec 11 Tue, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ്‌

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയം ദുരിതംവിതച്ച കേരളത്തിന് പരമാവധി സഹായം നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ എംപിമാര്‍ കേന്ദ്രമന്ത്രിമാരെ കണ്ടു. കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിനു വിദേശസഹായം ലഭ്യമാക്കുന്നതിനു നിയമത്തില്‍ മാറ്റം വരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ചചെയ്യാമെന്ന് രാജ്‌നാഥ്‌സിങ് ഉറപ്പുനല്‍കി. പ്രളയ ദുരിതാശ്വാസമായി സംസ്ഥാനത്തിനു പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എംപിമാരുടെ സംഘത്തെ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമെന്നും എംപിമാരെ അദ്ദേഹം അറിയിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം മുഖ്യന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന ഉറപ്പും കേന്ദ്രത്തില്‍ നിന്നു ലഭിച്ചതായി സന്ദര്‍ശനത്തിനു ശേഷം എ കെ ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും വലിയ കൃഷിനാശം ഉണ്ടായ കുട്ടനാട്ടില്‍ കൃഷിമന്ത്രി സന്ദര്‍ശനം നടത്തണമെന്നും എംപിമാര്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങിനോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ വന്‍ കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ തുക കേരളത്തിന് അനുവദിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗം 93 കോടി രൂപ കേരളത്തിന് അനുവദിച്ചു.
അതിനിടെ, പ്രളയത്തില്‍ പാചകവാതക സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ സിലിണ്ടര്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 1,400 രൂപയുടെ എല്‍പിജി കണക്ഷന്‍ 200 രൂപയ്ക്കു ലഭ്യമാക്കും.
മറ്റുള്ളവര്‍ക്ക് 1,400 രൂപയുടെ കണക്ഷന്‍ 1,200 രൂപയ്ക്കു ലഭിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ എന്നിവരുമായും എംപിമാര്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന് അനുവദിച്ച അരി സൗജന്യമാക്കണമെന്ന് സംഘം മന്ത്രി പാസ്വാനോട് ആവശ്യപ്പെട്ടു. എ കെ ആന്റണിക്കു പുറമേ എംപിമാരായ എം കെ രാഘവന്‍, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍, ജോസ് കെ മാണി, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, പി കരുണാകരന്‍, ജോയ്‌സ് ജോര്‍ജ്. പി കെ ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss