|    Apr 25 Tue, 2017 12:31 am
FLASH NEWS

കേരളത്തിന് നാളെ 60: ധന്യമായ ചില ഓര്‍മകള്‍…

Published : 31st October 2016 | Posted By: SMR

slug-vettum-thiruthumഐക്യകേരളത്തിന് 60. എനിക്ക് രണ്ടുവയസ്സേറും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഈ അറുപതാം വയസ്സില്‍ കേരളം വാഴുന്നത്. സ്വജനപക്ഷപാതത്താല്‍ വിക്കറ്റ് ഒന്ന് വീണുകഴിഞ്ഞു. ഒരു വര്‍ഷത്തിനകം ഒന്നുരണ്ട് വിക്കറ്റുകള്‍ കൂടി വീഴുമെന്നുറപ്പ്.
ഇന്ന് മന്ത്രിവിക്കറ്റുകളാണ് വീഴുന്നതെങ്കില്‍ 1957ല്‍, വോട്ട് ചെയ്തവരെയാണു വെടിവച്ചിട്ടത്. കൊല്ലം ചന്ദനത്തോപ്പില്‍ കശുവണ്ടിത്തൊഴിലാളികള്‍ക്കു നേരെ തോക്കുയര്‍ത്തി. രാമന്‍, സുലൈമാന്‍ എന്നീ തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് തോക്കിനിരയായി. തൊഴിലാളിവിരുദ്ധമായിരുന്നു ഇഎംഎസ് സര്‍ക്കാരിന്റെ ഓരോ നീക്കവും. അഴിമതിയാരോപണങ്ങള്‍…
ബാക്കിയെല്ലാം നമുക്കറിയാവുന്നത്. നടന്‍ ശ്രീനിവാസന്‍ പറഞ്ഞതില്‍ പതിരില്ല. ഒരൊറ്റ നേതാവും നാളിതുവരെ കൊല്ലപ്പെട്ടില്ല. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും കൊല്ലപ്പെട്ടതിന് നൂറുനൂറു കഥകള്‍ വേറെയുണ്ട്.  ചാത്തുണ്ണിമാഷെപ്പോലുള്ള ധീര കമ്മ്യൂണിസ്റ്റുകള്‍ അവഗണിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകള്‍ ജനത്തെ മറന്നു. ജാതി പറഞ്ഞും കോഴ നല്‍കിയും വീമ്പിളക്കിയും ഇടതുപക്ഷ സര്‍ക്കാരുകള്‍ വന്നു. അപ്പോഴൊക്കെയും ‘ഒന്നുമില്ലാത്തവന്റെ കഞ്ഞിയില്‍ പാറ്റ വീഴ്ത്താന്‍’ കമ്മ്യൂണിസ്റ്റുകള്‍ മല്‍സരിച്ചു. നായനാര്‍ ഭരണനാളില്‍ എന്നെ ഒരാഴ്ച സബ് ജയിലില്‍ അടച്ചു.
ഈ 60 വയസ്സിനിടയ്ക്ക് കേരളത്തില്‍ ഞാനെന്തെല്ലാം കണ്ടു… കേട്ടു… ഒന്നാം ജ്ഞാനപീഠം കവി ശങ്കരക്കുറുപ്പിനു ലഭിച്ചപ്പോള്‍ 1965ലെ കേരള സാഹിത്യ അക്കാദമി സമ്മാനാര്‍ഹമായ പുസ്തകങ്ങളൊന്നും കേരളത്തിലില്ലെന്നു പ്രസ്താവിച്ചു. എന്‍ വി കൃഷ്ണവാര്യരുടെ ധൈഷണികത്വം അന്നു ശങ്കരക്കുറുപ്പിനൊപ്പം നിന്നു. കുളംകലക്കാന്‍ ശ്രമിച്ചത് മുണ്ടശ്ശേരിയടക്കം കമ്മ്യൂണിസ്റ്റ് അനുഭാവികള്‍.
ചങ്ങനാശ്ശേരി പെരുന്നയില്‍ വിസ്തൃതമായ മാവിന്‍ചുവടുകളില്‍ മാങ്ങ പെറുക്കാന്‍ ബാല്യത്തില്‍ പോവുമായിരുന്നു. അവരിലൊരാള്‍ ഇന്നു കേരളം അറിയുന്ന ഹൃദ്രോഗവിദഗ്ധന്‍ ഡോ. എസ് അബ്ദുല്‍ഖാദര്‍. ഭാരതകേസരി എന്നു വിളികേട്ട മന്നത്ത് പത്മനാഭന്‍ വടിയുമായി ഞങ്ങള്‍ കുട്ടികള്‍ക്കു നേരെ പാഞ്ഞുവരുന്നത് ഇന്നും ദൃഷ്ടിപഥത്തിലുണ്ട്. കേരളത്തിന്റെ സവര്‍ണ മനസ്സിന്, 60 വയസ്സായിട്ടും ഇന്നും മന്നത്തിന്റെ അതേ മാനസികനില തന്നെ. ഇഎംഎസ് ഓര്‍മയില്‍ തികട്ടിവരുന്നു. മണിപ്പാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിമിരശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 1980ല്‍ ‘മാതൃഭൂമി’ എന്നെയാണ് സംഗതി റിപോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ചത്. ഇഎംഎസ് ആശുപത്രി വിട്ട് ഭാര്യാസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ തൊഴാന്‍ പോവുമ്പോള്‍ സാക്ഷ്യംവഹിക്കാന്‍ ഞാനുമുണ്ട്. ഫോട്ടോഗ്രാഫര്‍ കബീര്‍ പടമെടുക്കുമ്പോള്‍ ചടയന്‍ ഗോവിന്ദന്‍ വിലക്കി. മടക്കയാത്രയില്‍ ഇംഎംഎസ് സരസനായി. ‘അമച്വര്‍ ആയതുകൊണ്ടല്ലേ… പടമെടുക്കാന്‍ മടിച്ചത്…’ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇന്നും അതൊരു പാഠമാണ്. ആരുടെയും വിലക്കിന് പത്രപ്രതിനിധി വഴങ്ങേണ്ടതില്ല. ഇഎംഎസും ഭാര്യയും കൊല്ലൂര്‍ ക്ഷേത്രനടയില്‍ നില്‍ക്കുന്ന പടം നല്‍കാത്തതിന് വിംസി എന്ന ന്യൂസ് എഡിറ്ററുടെ ശകാരം ഇതാ… ഇന്നും കാതില്‍ മുഴങ്ങുന്നു.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ആറന്മുള വള്ളംകളി സംപ്രേഷണം ചെയ്തത് നല്ലൊരു ഓര്‍മയാവുന്നതിനു പിന്നില്‍ മറ്റൊരു വലിയ ചരിത്രം. ഉപരാഷ്ട്രപതി കെ ആര്‍ നാരായണനായിരുന്നു മുഖ്യാതിഥി. ദൂരദര്‍ശന്‍ ബാഡ്ജും ധരിച്ച് ഉപരാഷ്ട്രപതിയെ വള്ളംകളിക്കു മുന്നാലെ ഇന്റര്‍വ്യൂ ചെയ്തു. ആ ബന്ധം ഏറെനാള്‍ നിലനിന്നു. കെ ആര്‍ നാരായണന്‍ ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ ഞാന്‍ താമസം പാലക്കാട് ജില്ലയിലെ കൂടല്ലൂരിനടുത്ത് മലമക്കാവില്‍. വോട്ട് ചോദിച്ചുവന്ന നാരായണന്‍ എന്റെ വാടകവീട്ടിലും കയറി. പരിചയം പുതുക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ലാദം വിവരിക്കാന്‍ വാക്കുകളില്ല. എന്റെ മേല്‍വിലാസം അദ്ദേഹം സൂക്ഷിച്ചു. രാഷ്ട്രപതി ആയിരിക്കവെ ക്ഷണം വന്നു. നിര്‍ഭാഗ്യം! യാത്ര ഒരു ചികില്‍സയുമായി ബന്ധപ്പെട്ട് മുടങ്ങി.
ദൂരദര്‍ശനില്‍ വള്ളംകളിയുടെ ആദ്യ സംപ്രേഷണമായിരുന്നു. ഇന്നത്തെ ഫഌവേഴ്‌സ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരാണ് വള്ളംകളിക്കു പശ്ചാത്തലശബ്ദം നല്‍കിയത്. കാമാറാമാന്‍ അളഗപ്പന്‍, സംവിധായകന്‍ കെ ആര്‍ സുഭാഷ് തുടങ്ങി വലിയൊരു ക്രൂ.
തൃത്താല വൈദ്യമഠം നഴ്‌സിങ് ഹോമില്‍ ആദ്യം കാല്‍കുത്തുന്നത് എന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി പത്മനാഭനെ കാണാന്‍. പക്ഷേ, ഞങ്ങള്‍ ശണ്ഠകൂടിയാണ് പിരിഞ്ഞത്. കാരണം, പപ്പേട്ടന്റെ മുന്‍ശുണ്ഠികള്‍ തന്നെ. ഈ ആഗസ്തില്‍ ഞാന്‍ കഥ തേടി പപ്പേട്ടനെ വിളിച്ചു. ഞാന്‍ പോലും മറന്ന ആ പഴയ വൈദ്യമഠം ശണ്ഠ പപ്പേട്ടന്‍ പൊടിതുടച്ചെടുത്തു.
‘നിങ്ങള്‍ അന്നെനിക്ക് ഒരു കാര്‍ഡയച്ചു… ഓര്‍മയുണ്ടോ?’
ശരിയാണ്. ശണ്ഠകൂടിയതില്‍ ക്ഷമ ചോദിച്ചു ഞാനെഴുതിയ പോസ്റ്റ് കാര്‍ഡ് പപ്പേട്ടന്‍ എന്ന ടി പത്മനാഭന്‍ ഇന്നും ഓര്‍ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കൈയിലിരുന്ന് ഫോണ്‍ വിറച്ചു.
60ാം വയസ്സില്‍ കേരളം വീണ്ടും എന്റെ മുന്നില്‍ മഹാകവി പി കുഞ്ഞിരാമന്‍ നായരെ കൈകളിലിത്തിരി കല്‍ക്കണ്ടവും കറുത്ത ഉണക്കമുന്തിരിയുമായി നിര്‍ത്തുന്നു.
സത്യത്തില്‍ ഇത്തരം സ്‌േനഹസാമീപ്യങ്ങളും മധുരിക്കും ഒാര്‍മകളുമല്ലേ ഈ 60ലും എന്റെ കേരളത്തിന്റെ ധന്യതകള്‍… ഉവ്വ്… കേരളം വളരുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day