|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

Published : 23rd November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: പേസ് ബൗളര്‍മാര്‍ തീതുപ്പിയപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം 11 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്‌കോര്‍ ബംഗാള്‍ 147, 184, കേരളം 291, 44/1.
വിജയലക്ഷ്യം അതിവേഗം മറികടക്കാനുള്ള ശ്രമത്തില്‍ കേരളത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ ജലജ് സ്‌കസേനയുടെ വിക്കറ്റ് നഷ്ടമായി. സക്‌സേന 21 പന്തില്‍ 26 റണ്‍സെടുത്തു. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്ണുമായി രോഹന്‍ പ്രേമും പുറത്താകാതെ നിന്നു. ജയത്തോടെ ആറു പോയന്റ് നേടിയ കേരളം കരുത്തരായ തമിഴ്‌നാടും ഡല്‍ഹിയുമെല്ലാം ഉള്ള ബി ഗ്രൂപ്പില്‍ 13 പോയന്റുമായി ഒന്നാംസ്ഥാനം ഉറപ്പിച്ചു. തോറ്റെങ്കിലും ആറു പോയന്റുള്ള ബംഗാള്‍ തന്നെയാണ് ഗ്രൂപ്പില്‍ ഇപ്പോഴും രണ്ടാമത്.
33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ രണ്ടാം ഇന്നിംഗ്‌സ് 184 റണ്‍സില്‍ അവസാനിപ്പിച്ചത്. 26 റണ്‍സില്‍ രണ്ടാം വിക്കറ്റ് നഷ്ടമായ ബംഗാളിനെ ക്യാപ്റ്റന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് സുരക്ഷിത സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മനോജ് തിവാരിയെ (62) വീഴ്ത്തി സന്ദീപ് വാര്യര്‍ കേരളം കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.
തൊട്ടുപിന്നാലെ സുദീപ് ചാറ്റര്‍ജിയെയും (39) സന്ദീപ് തന്നെ മടക്കി. പൊരുതാന്‍ നോക്കിയ അനുസ്തൂപ് മജൂംദാറെ ബേസിലും വിവേക് സിംഗിനെ (25) ജലജ് സക്‌സേനയും വീഴ്ത്തിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു. ബംഗാള്‍ വാലറ്റത്തെ ബേസിലും വാര്യരും നിര്‍ദയം എറിഞ്ഞുവീഴ്ത്തുകയായിരുന്നു. സന്ദീപ് വാരിയരും ബേസില്‍ തമ്പിയും രണ്ടിന്നിങ്‌സുകളില്‍ നിന്നുമായി ഏഴു വിക്കറ്റ് വീതം പങ്കിട്ടു. ജലജ് സക്‌സേനയാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss