|    Jun 20 Wed, 2018 1:17 pm
FLASH NEWS
Home   >  Kerala   >  

കേരളത്തിന് എന്തു കൊണ്ട് ഒരു ബദല്‍ മുന്നണി സാധ്യമല്ല?

Published : 11th April 2016 | Posted By: G.A.G

IMTHIHAN-SLUG-352x300ണ്ട് പണ്ട് അതായത്, കേരളത്തിലെ പുഴകള്‍ മണല്‍-ഭൂ -നിര്‍മ്മാണ മാഫിയയകള്‍ പങ്കിട്ടെടുക്കുന്നതിനും മുമ്പ്  നടന്ന കഥയാണ്. അന്ന് കേരളത്തിലെ പുഴകള്‍ക്ക് കുറുകെ  മുട്ടിന് മുട്ടിന് പാലങ്ങള്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ പുഴകളില്‍ കടത്തുകാര്‍ എന്ന പ്രത്യേക വിഭാഗം ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊരു കടത്തുകാരന്‍ മഹാ മടിയനായിരുന്നു. അയാള്‍ ഒരിക്കലും വഞ്ചി കരയോടു പൂര്‍ണമായും അടുപ്പിക്കില്ല. എപ്പോഴും നെരിയാണിക്കു മീതെ വെളളത്തിലൂടെ ആളുകള്‍ ഇറങ്ങി നടക്കേണ്ടി വരും. കുഞ്ഞു കുട്ടി പരാധീനങ്ങളും മറ്റു ഊട്ടു റൂട്ടുകളുമായി വെളളത്തിലിറങ്ങി നടക്കാന്‍ നിര്‍ബദ്ധിതരാകുന്ന ജനങ്ങള്‍ കടത്തുകാരനെ പ്രാകും.

എങ്കിലും അയാള്‍ തന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ആളുകള്‍  വെളളത്തിലിറങ്ങി പ്രയാസപ്പെട്ട്  നടക്കുന്നത്  ആയാള്‍ ഗൂഢമായി ആസ്വദിക്കുക തന്നെയായിരുന്നു.
അങ്ങനെ കാലം കടന്നു പോയപ്പോള്‍ കടത്തുകാരന്‍ വൃദ്ധനായി. അയാള്‍ വഞ്ചി മകനു കൈമാറി. കൂട്ടത്തില്‍ ഒരപേക്ഷയും മകന്റെ മുമ്പില്‍ വെച്ചു. അച്ഛന്‍ ആളുകളെ ഒരു പാടു വെറുപ്പിച്ചിട്ടുണ്ട്. പക്ഷേ മോന്‍ അച്ഛന്റെ ചീത്തപേര് ഇല്ലാതാക്കണം. അച്ഛനെക്കുറിച്ച് ആളുകളെക്കൊണ്ട് നല്ല വാക്കു പറയിപ്പിക്കണം. മകന്‍ അച്ഛനു വാക്കു കൊടുത്തു: അക്കാര്യമോര്‍ത്ത് അച്ഛന്‍ വിഷമിക്കേണ്ട. ഈ മകന്‍ അച്ഛനു സല്‍പ്പേരുണ്ടാക്കുന്നത് മരിക്കുന്നതിനു മുമ്പേ അച്ഛനു കാണാനാകും.
കടത്തുകാരന്റെ മകന്‍ ജോലി ഏറ്റെടുത്തു. അയാള്‍ കടത്തു വഞ്ചി നിറുത്തുക മുട്ടിനു വെളളത്തിലായിരുന്നു. യാത്രക്കാര്‍ എത്ര കരഞ്ഞു പറഞ്ഞാലും ഒരടി മുമ്പോട്ടേക്ക് നീക്കില്ല. പ്രാകി കൊണ്ട് ഇറങ്ങി പോകുന്ന യാത്രക്കാര്‍ പറയും. ഹാവൂ! ഇങ്ങേരുടെ അച്ഛന്‍ എത്ര നല്ല മനുഷ്യനായിരുന്നു.
ഏറെക്കുറെ സമാനമായ അവസ്ഥയാണ് സംസ്ഥാന രാഷ്ട്രീയത്തിലും കുറേക്കാലമായി മലയാളി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഒരന്‍പതു അമ്പതഞ്ച് വയസു പ്രായമുളള കേരളീയനെ സംബന്ധിച്ചേടത്തോളം കേരളം ഇടതു വലതു മുന്നണികള്‍ക്കു കുടികിടപ്പാവകാശം കിട്ടിയതു പോലെയാണ്. അയാളുടെ ജീവിതത്തില്‍ രണ്ടാലൊരു കൂട്ടര്‍ മാറി മാറി അധികാരത്തിലിരിക്കുന്നതേ  കണ്ടിട്ടുളളൂ.

ഒരു കൂട്ടര്‍ അധികാരത്തിലേറി പകുതി ടേം പിന്നിടുമ്പോഴേക്കും ഭരണത്തില്‍ നിന്നിറങ്ങിപ്പോയവരുടെ സമസ്ത അപരാധങ്ങളും ജനം ക്ഷമിച്ച് അവരില്‍ വീണ്ടും തങ്ങളുടെ മസീഹിനെ കാണേണ്ടുന്ന അവസ്ഥ. അതു കൊണ്ടു തന്നെ എത്ര നാറിയ ഭരണമായാലും കുഴപ്പമില്ല ഗുണപരമായ യാതൊരു മാറ്റവും തങ്ങളുടെ നയ സമീപനത്തിലോ പ്രവര്‍ത്തന പരിപാടിയിലോ വരുത്താതെ തന്നെ അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചു വരാം എന്ന അഹന്ത നിറഞ്ഞ ഒരാത്മ വിശ്വാസം ഇരു മുന്നണികളെയും ഭരിക്കുന്നുമുണ്ട്.
ഇനിയൊരടി പോലും മുമ്പോട്ടു പോകാനാവാത്ത വണ്ണം അത്യന്തം രോഗാതുരവും മലീമസവുമാണ്  അരനൂറ്റുണ്ടു പിന്നിടുന്ന ഇരു മുന്നണികളുടെയും ട്രാക്ക് റെക്കോഡ്.
ഈ ഭൂമിയിലെ മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിലനില്‍പിന്നാധാരമായ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടു മുന്നണികളുടെയും വീക്ഷണത്തില്‍ ഗുണപരമായ യാതൊരു വ്യത്യാസവുമില്ല. മാമലകളുടെ  നാട്ടിലെ മലകളും കുന്നുകളും തുരന്നും ഇടിച്ചു നിരത്തിയും മണല്‍ വാരി പുഴകളെ മൃതപ്രായമാക്കിയും ഖനന മാഫിയയും കുടിവെളള സോത്രസുകളായ തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും  എന്നെന്നേക്കുമായി നശിപ്പിച്ച്  ഭൂ മാഫിയയും പ്രകൃതിയുടെ വരദാനമായി സമൃദ്ധമായ  രണ്ടു മഴക്കാലവും നാല്‍പത്തിനാലു പുഴകളുമുളള സംസ്ഥാനത്തെ ജനുവരി പിറക്കുമ്പോഴേക്കും ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ കാത്തു നില്‍ക്കുന്നവരാക്കി മാറ്റിയതിനു സംസ്ഥാനത്തെ ഇരു മുന്നണികളും  ഒരു പോലെ ഉത്തരവാദികളാണ്.
ഖനന മാഫിയയുടെ ബിനാമികളോ വേണ്ടപ്പെട്ടവരോ ആണ് പലപ്പോഴും മുന്നണികളുടെ ബാനറില്‍ സ്വതന്ത്രരായോ അല്ലാതെയോ തദ്ദേശ തലം മുതല്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വരെ  സ്ഥാനാര്‍ത്ഥികളായി എത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളള  പശ്ചിമഘട്ടത്തിലെ അത്യപൂര്‍വ്വവും അമൂല്യവുമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പരിണിത പ്രജ്ഞനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ ക്രിയാത്മകമായ ഒട്ടേറെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം  സമര്‍പ്പിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയവരോടൊപ്പമായിരുന്നു ഇരു മുന്നണികളും. കുടിയേറ്റ കര്‍ഷകന്റെ മറവില്‍ വനം കയ്യേറ്റക്കാര്‍ കേരള കോണ്‍ഗ്രസുകളുടെ ബാനറില്‍  കുടില്‍ കെട്ടി പാര്‍ക്കുന്ന വലതു മുന്നണിയില്‍ നിന്ന് മറിച്ചൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ പൂയം കുട്ടി മോഡല്‍ പ്രക്ഷോഭങ്ങള്‍ കേരളത്തിനു പരിചയപ്പെടുത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പോലുളള ബദല്‍ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുളള ഇടതു മുന്നണി  ഇടതു പ്രസ്ഥാനങ്ങള്‍ക്ക്  ഒരു നിലക്കും അനുയോജ്യമല്ലാത്ത നയം സ്വീകരിച്ചതായിരുന്നു ഖേദകരം. കിട്ടിയ തക്കത്തിന് ഗാഡ്ഗില്‍ -കസ്തൂരി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ നിലവില്‍ വന്ന മലയോര വികസന മുന്നണിയുമായി ചേര്‍ന്ന് ഇടുക്കി സീറ്റ് തരപ്പെടുത്തുന്നതിലായിരുന്നു അവരുടെ താല്‍പര്യം.
മനുഷ്യാവകാശ സംരക്ഷണം, ദലിത്-ആദിവാസി വിഭാഗങ്ങളോടുളള സമീപനം, ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രത്യേകിച്ചും മുസലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന വിഷയങ്ങളിലെ നിലപാടുകള്‍ എന്നിവയില്‍  ഇടതിന്റേയും വലതിന്റേയും സമീപനത്തില്‍ വഞ്ചനാത്മകയല്ലാതെ മറ്റൊന്നും ആത്മാര്‍തഥയുളളതയും നൈരന്തര്യവുമുളളതായിട്ടില്ല. മുത്തങ്ങയിലെ ഭൂ സമരം, ഉദയ കുമാറിന്റെ ഉരുട്ടി കൊല, മഅ്ദനി പ്രശനം,ഡി എച്ച് ആര്‍ എം കേസ് തുടങ്ങി നിരവധി വിഷങ്ങളില്‍ മുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ച സമീപനങ്ങള്‍ യഥാവിധി ജനകീയ കോടതിയിലെത്തിക്കാന്‍ കേരളത്തിലെ ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍ ആജീവനാന്ത വിലക്ക് ലഭിക്കാന്‍ മാത്രം കടുത്ത വഞ്ചനാത്മകമാണ്.
അഴിമതി-സ്വജനപക്ഷപാതിത്വം പോലുളളവയില്‍ രണ്ടു കൂട്ടരും തമ്മിലുളള വ്യത്യാസം വലതു മുന്നണിയുടേത് വ്യക്തി കേന്ദ്രീകൃതമാണെങ്കില്‍ ഇടതു മുന്നണിയുടേത് പാര്‍ട്ടി കേന്ദ്രീകൃതമാണ് എന്നതു മാത്രമാണ്.  എത്രത്തോളമെന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ അഥവാ ഭരണ മുന്നണിയില്‍ പെട്ടവര്‍ വല്ല മദ്യവ്യവസായികളില്‍ നിന്നോ അല്ലങ്കില്‍ കളളക്കടത്തുകാരനിന്നോ അനര്‍ഹമായി എന്തെങ്കിലും ഒപ്പിക്കുമ്പോള്‍ ആയതില്‍ എം എല്‍ എമാരുടെ എണ്ണത്തിന്റെ ആനുപാതിക പ്രാതിനിധ്യമനുസരിച്ച് തങ്ങള്‍ക്കും ലഭിക്കാത്തതില്‍ മാത്രമാകുന്നു പ്രതിപക്ഷത്തിന്റെ അമര്‍ഷം എന്നു വരെ തോന്നിപ്പിക്കുന്ന അങ്ങേയറ്റത്തെ നാറിയ അവസ്ഥ.
അടുത്ത കാലത്ത് നടന്ന മിക്കവാറും ഇഷ്യൂസിലും സംസ്ഥാനത്തെ ഇടതു വലതു മുന്നണികള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ യഥാത്ഥത്തില്‍ ഉണ്ടാവാറില്ല. ഒറ്റ ഉദാഹരണം മാത്രം. ബാര്‍ കോഴയില്‍ നിലവിലെ ഭരണ മുന്നണി നാറിയിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പടി വാതില്‍ക്കലെത്തിയ ഈ സമയത്ത് മദ്യ നിരോധനം തങ്ങളുടെ നയമല്ലെന്നു മുന്‍കൂറായി പ്രഖ്യാപിച്ച്  ന്യൂനപക്ഷ സമുദായാഗങ്ങളെപ്പോലുളള മദ്യ വിരുദ്ധരെ പ്രകോപിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും ധൈര്യം കാണിക്കുന്നത് ബാര്‍ മുതലാളിമാരുടെ മനം കുളിര്‍പ്പിച്ച് തിരഞ്ഞെടുപ്പ് ഫണ്ട് കരസ്ഥമാക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്.
ഈ രണ്ടു മുന്നണികളിലും ഉള്‍പ്പെടാത്തവരുടെ നിലവിലുളള മാര്‍ഗം രണ്ടു രീതിയിലാണ്. ഒന്നുകില്‍ തങ്ങളല്ലാത്തവരെ മുഴുവന്‍ ദേശസ്‌നേഹമില്ലാത്ത രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന തീവ്ര വര്‍ഗീയത മുഖമുദ്രയാക്കിയ  ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യമാണ് ഒന്നാമത്തെ മാര്‍ഗം. ബാങ്കുവിളിയുടെയും ശംഖൊലിയുടെയും  മണിയടിയുടെയും സ്വരമാധുരിയും താളാത്മകതയും ബ്രാഹ്മണ വിലാസം ഉഡുപ്പി ഹോട്ടലിലെ മസാല ദോശയും ഉഴുന്നു വടയും സാബാറും രസവും റഹമത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയും കല്ലുമക്കായ ഉലര്‍ത്തിയതും മറിയാമച്ചേടത്തിയുടെ  താറാവു സ്റ്റ്യൂവും പാലപ്പവും ഒരേ നിര്‍വൃതിയോടെ ആസ്വദിച്ചു പോരുന്ന ശരാശരി മലയാളിയെ സംബന്ധിച്ചേടത്തോളമാകട്ടെ സംഘ് പരിവാറിന്റെ ഏകാ ശിലാ കേന്ദ്രീകൃത ദേശീയത ഇപ്പോഴും അകറ്റി നിര്‍ത്തപ്പെടേണ്ടതു തന്നെയാണ്.
രണ്ടാമത്തെ മാര്‍ഗം നിലവിലുളള രാഷ്ട്രീയ രംഗത്തെ പുഴുക്കുത്തുകളേയും മുഖ്യധാരാ രാഷ്ട്ീപാര്‍ട്ടികളുടെ ഇരട്ടത്താപ്പുകളേയും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളോട് സവര്‍ണ മേല്‍ക്കോയ്മ മുച്ചൂടും അടക്കിവാഴുന്ന കക്ഷികള്‍ കാണിക്കുന്ന വഞ്ചനകളേയും തുറന്നു കാട്ടി ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയെന്നതാണ്. വിവിധ  നവ  സാമൂഹിക പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ ചെറുതെങ്കിലും വ്യവസ്ഥാപിതവും ചിട്ടയായ പ്രവര്‍ത്തനങ്ങളും വഴി  ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ഇത്തരം കക്ഷികള്‍ക്കു സാധിച്ചിട്ടുണ്ട്.
ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരാണു മുഖ്യമായും ഈ പാര്‍ട്ടികളുടെ അടിത്തറ. എന്നാല്‍ സമാനമായ രാഷ്ട്രീയ ലക്ഷ്യങ്ങളും മുദ്രാവാക്യങ്ങളും മുഴക്കുന്നവരെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഒറ്റതിരിഞ്ഞാണ് ഈ കക്ഷികള്‍ മിക്കവാറും മല്‍സര രംഗത്തിറങ്ങാറ്. പരസ്പരമുളള അങ്കവെട്ടും പലപ്പോഴും കുറവല്ല. അതാകട്ടെ സ്വതേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും അപരനോടുളള വിയോജിപ്പിനേക്കാള്‍ പൊതുസമൂഹത്തില്‍ അതുണ്ടാക്കുന്ന അനുരണനങ്ങളെക്കുറിച്ച ആശങ്കകളാണ് പരസ്പരം സഹകരിക്കുന്നതില്‍ നിന്ന് ഈ കക്ഷികളെ തടയുന്നത്. മുന്നണി രാഷ്ട്രീയം കൊടിക്കുത്തി വാഴുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ ബഹളമയമായ തെരുവുകളില്‍ ഉപദേശ പ്രസംഗം നടത്തുന്ന ഉപദേശിയുടെ പ്രസംഗത്തിന്റെ പ്രതിഫലനം മാത്രമേ നിലവില്‍ ഈ സാഹസം സൃഷ്ടിക്കുന്നുളളൂ. ഒരോ ഇലക്ഷനിലും ഈയാംപാറ്റകളെപ്പോലെ ഒരു കൂട്ടര്‍ രാഷ്ട്രീയ ആത്മാഹുതി നടത്തുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ല.  വിവിധ മനുഷ്യാവകാശ/ആക്ടീവിസ്റ്റ് കൂട്ടായ്മകള്‍ക്കും ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വ്യത്യസ്ത പ്രത്യയശാസ്ത്ര പരിസരത്തു നിന്നു വരുന്ന ചെറു കക്ഷികള്‍ക്കും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ സാധിക്കുന്ന ഒരന്തരീക്ഷം സംജാതമാവുന്നതിലൂടെ മാത്രമേ മാവേലി നാടിന് ഒരു വട്ടം കൂടി ഒരു മാവേലി ഭരണം പ്രതീക്ഷിക്കാനാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss