|    Oct 16 Tue, 2018 2:54 am
FLASH NEWS

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിസ്തുലം: പി കെ കുഞ്ഞാലിക്കുട്ടി

Published : 20th September 2017 | Posted By: fsq

 

മലപ്പുറം: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖല വഹിച്ചിട്ടുള്ള പങ്ക് ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്തതാണെന്ന് പി കെ കുഞ്ഞാലികുട്ടി എംപി. “ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം എല്ലാവര്‍ക്കും, എയ്ഡഡ് വിദ്യാലയങ്ങള്‍ സംരക്ഷിക്കുക” എന്ന പ്രമേയത്തില്‍ കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാക്ഷര കേരളം അതിന്റെ സമ്പൂര്‍ണതയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ കേരളത്തില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കായി. പൊതുവിദ്യഭ്യാസ മേഖലയും എയ്ഡഡ് മേഖലയും കൈക്കോര്‍ത്തുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ നാം കണ്ടത്. മാറിവന്ന സര്‍ക്കാറുകള്‍ ഇതിന് പിന്തുണ നല്‍കിയതും കേരളത്തില്‍ വിദ്യഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലെ പ്രധാനഘടകമായി. മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പിലാക്കിയത്. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടായി എന്ന് ഒരിക്കലും നമ്മള്‍ക്ക് പറയാനാവില്ല. ആവശ്യമായ നിലവാരത്തിനൊപ്പം നമ്മള്‍ എത്താന്‍ ശ്രമിച്ചില്ല എന്നതാണ് അതിന്റെ ശരി. ഒരോ വിദ്യഭ്യാസ സ്ഥാപനങ്ങളും ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി കലാലയങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കണം. ഇങ്ങനെ വന്നാല്‍ മാത്രമെ വിദ്യാര്‍ത്ഥികളെ കിട്ടു. അതിന് എയ്ഡഡ് മേഖലയുടെ സഹകരണം ആവശ്യമാണ്. വ്യത്യസ്തങ്ങളായ വെല്ലുവളികള്‍ ഈ മേഖലയിലും കടന്നു കൂടിയിട്ടുണ്ട്. എല്ലാ വെല്ലുവിളകളേയും അതിജീവിക്കാന്‍ ഈ സംഘടനക്ക് സാധിക്കും. കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് അതാത് സന്ദര്‍ഭങ്ങളിലെ സര്‍ക്കാറുകള്‍ പരിഹാരം കണ്ടിട്ടുണ്ട്. നിലവിലെ സര്‍ക്കാറും അതിനു വേണ്ട സാഹചര്യമൊരുക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കെപിഎംഎസ്എ സംസ്ഥാന പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍,  ടി കെ ഹംസ, പി പി സുനീര്‍, ജനചന്ദ്രന്‍ മാസ്റ്റര്‍, ആര്‍ എം പരമേശ്വരന്‍, പാലേമേട് ഭാസ്‌കരന്‍പിള്ള, കെ പി കുഞ്ഞിമൊയ്തു കുറ്റൂര്‍, നാസര്‍ എടരിക്കോട് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ മൂസ അധ്യക്ഷത വഹിച്ചു. മാത്യൂ കെ ഉമ്മന്‍, കെ മണി കൊല്ലം, കെ പി ഭാസ്‌കരന്‍, അരവിന്ദന്‍ മണ്ണൂര്‍, എന്‍ സുരേന്ദ്രന്‍ തിരൂവനന്തപുരം, നന്ദകുമാര്‍ കൊല്ലം സംസാരിച്ചു. മുതിര്‍ന്ന വരെ ആദരിക്കല്‍  കെ വി കെ ഹാഷിം കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മമ്പ്രം മാധവന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss