|    Oct 22 Mon, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിന്റെ വികസനത്തിന് എന്തു സഹായവും ചെയ്യാമെന്ന് പ്രധാനമന്ത്രി; ഉപേക്ഷ കാണിക്കില്ല

Published : 16th December 2015 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കേരളത്തിന്റെ വികസനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു ഉപേക്ഷയും കാണിക്കില്ലെന്നും സംസ്ഥാനത്തിന് ഏതു സഹായം ചെയ്യാനും കേന്ദ്രം തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലം എസ്എന്‍ കോളജ് കാംപസില്‍ ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കാനാണ് പ്രധാനമന്ത്രി സമയം ചെലവഴിച്ചത്. രാഷ്ട്രപതി പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് ആഴ്ചകളോളം ചര്‍ച്ച ചെയ്തവര്‍ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് അവഗണിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. പാര്‍ലമെന്ററി സംവിധാനത്തെക്കുറിച്ച് മൂന്നു ‘ഡി’കളാണ് രാഷ്ട്രപതി പറഞ്ഞത്. ഡിബേറ്റ്, ഡിസന്റ്, ഡിസിഷന്‍. ചര്‍ച്ചയ്ക്കുള്ള വേദി ഡിബേറ്റ്, വിയോജിപ്പിനുള്ള അവസരം ഡിസന്റ്, തീരുമാനമെടുക്കാനുള്ള ഘട്ടം ഡിസിഷന്‍. എന്നാല്‍, പ്രതിപക്ഷം ഇതെല്ലാം മറന്ന് പകരം മൂന്നു ‘ഡി’കള്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ഡിസ്രപ്റ്റ് (തടസ്സപ്പെടുത്തുക), ഡിസ്‌ട്രോയ് (തകര്‍ക്കുക), ഡിമോളിഷ് (ഇല്ലാതാക്കുക) എന്നതാണവ. രാഷ്ട്രപതി പറഞ്ഞ മൂന്നു ഡികള്‍ കൂടാതെ നാലാമതായി ഡെവലപ്‌മെന്റ് (വികസനം) കൂടി ചേര്‍ത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില ആള്‍ക്കാരെ ജനങ്ങള്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. ഞങ്ങള്‍ നശിച്ചു; ഇനി ഈ നാടിനെയും കൂടി നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ അവര്‍. ജനാധിപത്യം എവിടെയെത്തിനില്‍ക്കുന്നുവെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനം നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ ശ്രീനാരായണഗുരുവിന്റെ പാത പിന്തുടരണം. വളരെ ചുരുക്കം ആളുകള്‍ മാത്രമേ ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവരായിത്തീരാറുള്ളൂ. മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ആര്‍ ശങ്കര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാഷ്ട്രീയക്കാര്‍ പല തരത്തിലുള്ള വിട്ടുവീഴ്ചകളും നടത്താറുണ്ട്. ആര്‍ ശങ്കര്‍ വിട്ടുവീഴ്ച ചെയ്ത് പ്രായോഗിക രാഷ്ട്രീയക്കാരനാകാന്‍ ശ്രമിച്ചില്ല. ഗുരുവിന്റെ ദര്‍ശനങ്ങളില്‍ അടിയുറച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
ദലിതര്‍, പീഡിപ്പിക്കപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആര്‍ ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നാക്കക്കാര്‍ക്ക് ഇന്നും അപമാനം നേരിടേണ്ടിവരുന്നു. അത് അനുഭവിച്ചയാളാണ് ഞാന്‍. ആരും ഇക്കാര്യങ്ങള്‍ എനിക്കു പഠിപ്പിച്ചുതരേണ്ടതില്ല. വെറും രണ്ടു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ ഇന്നും ഓര്‍ക്കുന്നത് വെറും രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം സാമൂഹിക നേതാവ് എന്ന മഹത്ത്വമുള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss