|    Feb 25 Sat, 2017 10:34 am
FLASH NEWS

കേരളത്തിന്റെ ലിങ്കന്‍

Published : 31st May 2016 | Posted By: mi.ptk

karuppan

സുബ്രഹ്മണ്യന്‍  അമ്പാടി,  വൈക്കം
ബാലാകലേശ’ത്തെ ‘വാലാകലേശം’ എന്നു വിളിച്ചാല്‍ അതിന്റെ പൊരുളെന്താണ്? ജാതിബോധം തന്നെ. പണ്ഡിറ്റ് കെ പി കറുപ്പന്റെ ‘ബാലാകലേശം’ നാടകം പുറത്തുവന്നപ്പോഴായിരുന്നു ഈ പരിഹാസം. പരിഹാസം നടത്തിയത് മറ്റാരുമല്ല, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ച് ചരിത്രത്തില്‍ തന്റേതായ ഇടം നേടിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പന്‍. നവോത്ഥാനനായകന്‍, കവി, നാടകരചയിതാവ്, അധ്യാപകന്‍, മനുഷ്യാവകാശ സംരക്ഷകന്‍, നിയമസഭാംഗം, സംസ്‌കൃത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ നൂറ്റിമുപ്പത്തിയൊന്നാം ജന്മദിനമായിരുന്നു മെയ് 24ന്. കണ്ടത്തിപ്പറമ്പില്‍ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മെയ് 24ാം തിയ്യതി എറണാകുളത്ത് ചേരാനല്ലൂരിലാണ് കറുപ്പന്‍ ജനിച്ചത്. മല്‍സ്യബന്ധനം തൊഴിലാക്കിയ ധീവര(വാല) സമുദായക്കാരായിരുന്നു മാതാപിതാക്കള്‍. തീണ്ടലും തൊടീലും, സവര്‍ണനും അവര്‍ണനും ജാതിക്കുള്ളിലെ ജാതിയുമായി കേരളം ഇരുളടഞ്ഞിരുന്ന കാലം. കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും കൊച്ചുണ്ണിതമ്പുരാന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി. വിദ്യാഭ്യാസകാലത്ത് നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയിലും സാഹിത്യത്തിലും അതീവ താല്‍പര്യം കാട്ടിയിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയായ മുറയ്ക്ക് കൊച്ചിരാജ്യത്ത് അധ്യാപകനായി നിയമനം. അവര്‍ണന്‍ അധ്യാപകനായത് സവര്‍ണര്‍ക്ക് ഇഷ്ടപ്പട്ടില്ല. അവര്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതെ പ്രക്ഷോഭത്തിനൊരുങ്ങി. കൊച്ചി രാജാവും വിട്ടുകൊടുത്തില്ല. അദ്ദേഹം ‘രാജര്‍ഷി കറുപ്പനെ അധ്യാപകജോലിയില്‍ നിന്ന് മാറ്റുന്നില്ല’ എന്ന തിരുവെഴുത്ത് പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭത്തിനു വിരാമമായി.

 

ജാതിക്കുമ്മി
കൊച്ചിയിലെ ജീവിതത്തിനിടയില്‍ പുലയസമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഇതില്‍ മനംനൊന്ത് എഴുതിയ കവിതയാണ് ‘ജാതിക്കുമ്മി’. 1912ല്‍ പുറത്തുവന്ന ഈ കവിത ജാതിക്കെതിരേ മലയാളത്തിലുണ്ടായ ഏറ്റവും ശക്തമായ പ്രതികരണങ്ങളിലൊന്നായിരുന്നു. മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുമ്പാണ് ‘ജാതിക്കുമ്മി’ പുറത്തുവന്നതെന്നോര്‍ക്കണം. ലളിതമായ നാടോടിപ്പാട്ടിന്റെ ശൈലിയില്‍ നിരക്ഷരര്‍ക്കുപോലും കേട്ടുചൊല്ലാവുന്ന രീതിയില്‍ അയ്യഞ്ചുവരികളിലായാണ് ആ കവിതയുടെ രചന. അന്നത്തെ പുലയരുടെ ദുരവസ്ഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ:

‘പശുക്കളെയടിച്ചെന്നാലുടമസ്ഥര്‍ തടുത്തീടുംപുലയരെയടിച്ചെന്നാലൊരുവനില്ലറോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്തോട്ടിലേക്കിറങ്ങിയാല്‍ കല്ലേറുകൊള്ളും’

നിരക്ഷരരെങ്കിലും കേരളത്തിലെ പുലയരും മറ്റും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. എന്നു മാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങള്‍ ചൊല്ലുന്നതുപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരതുപാടി രസിക്കുക പതിവായിരുന്നുവെന്ന് ടി കെ സി വടുതല രേഖപ്പെടുത്തുന്നു. ‘ജാതിക്കുമ്മി’ അത്രയേറെ സ്വാധീനം ആര്‍ജിച്ച ശേഷമാണ് ‘ദുരവസ്ഥ’ പ്രത്യക്ഷപ്പെട്ടത്.
കായല്‍സമ്മേളനം
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21ാം തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വന്‍വിജയമായി.

‘ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാന്‍ ഇടയായിട്ടില്ല’ എന്നാണ് ടി കെ സി വടുതല എഴുതിയത്. ഈ കായല്‍നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്. എറണാകുളം നഗരത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താന്‍ കറുപ്പന്‍ തീരുമാനിച്ചിരുന്നു. ഒരു കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മഹാരാജാവ് വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവ് വന്നതോടെ പോരാളികള്‍ ചെണ്ടകൊട്ടി മഹാരാജാവിന്റെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചു. പ്രക്ഷോഭകര്‍ വിചാരിച്ചതു പോലെത്തന്നെ കാര്യങ്ങള്‍ നീങ്ങി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ രാജാവ് ആളയച്ചു വരുത്തി. ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതിത്തയ്യാറാക്കി തന്നെ കാണാന്‍ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ച രാജാവ് താഴ്ന്ന ജാതിക്കാര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭവും അവസാനിച്ചു.
അനീതിക്കെതിരേ നാടകം
1919 കറുപ്പന്‍ ‘ബാലാകലേശം’ എന്ന നാടകം രചിച്ചു. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമല്‍സരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ലക്ഷണമൊത്തൊരു സാമൂഹികവിമര്‍ശന നാടകമായിരുന്നു ‘ബാലാകലേശം’. നാടിന്റെ മൊത്തത്തിലുള്ള സാമൂഹികാവസ്ഥയും മഹാരാജാവിന്റെ ഭരണനേട്ടങ്ങളും അവതരിപ്പിക്കുന്നതോടൊപ്പം ജാതിആധിപത്യത്തിനെതിരേയുള്ള പ്രതിഷേധം കൂടിയായിരുന്നു അത്. രാജ്യത്തെ പൊതുവഴികളില്‍ എല്ലാ മനുഷ്യര്‍ക്കും വഴിനടക്കാം എന്നായിരുന്നു നാടകം നല്‍കുന്ന സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച പുലയനെ മര്‍ദ്ദിച്ച സവര്‍ണനെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും അയിത്താചാരണം ശിക്ഷാര്‍ഹമാണെന്ന നവോത്ഥാന സന്ദേശം നല്‍കിയും നാടകം അവസാനിക്കുന്നു. മല്‍സരത്തില്‍ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. പണ്ഡിറ്റ് കറുപ്പന്‍ കൊച്ചിരാജാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സര്‍വീസില്‍ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്.

ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ പുലയന്‍ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും നാടകം ചോദ്യംചെയ്തിരുന്നു. സ്വന്തം സമുദായത്തേക്കാള്‍ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കറുപ്പന്‍ സാഹിത്യരചന നിര്‍വഹിച്ചത്. ‘മറ്റ് നവോത്ഥാനനായകന്മാരെല്ലാവരും അവരവരുടെ സമുദായത്തിന്റെ  സംഘടനകള്‍ ഉണ്ടാക്കുകയും അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കില്‍ തന്റെ സമുദായത്തിലും താഴ്ന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന പുലയര്‍ മുതല്‍ നായാടി വരെയുള്ള സമുദായങ്ങള്‍ക്കു സംഘടന ഉണ്ടാക്കുകയും  അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം നയിക്കുകയും ചെയ്ത ഏക നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പനാണ്’ എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പഠനത്തില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ നിരീക്ഷിച്ചത്. അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാര്‍ച്ച് 23ന് 53ാമത്തെ വയസ്സില്‍ അന്തരിച്ചു.കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പരിശ്രമിച്ച കേരള ലിങ്കന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിറ്റ് കെ പി കറുപ്പനെ അനുസ്മരിക്കുന്നതില്‍ കേരള സമൂഹം കുറ്റകരമായ തമസ്‌കരണമാണ് നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക