|    Jun 20 Wed, 2018 10:56 am
Home   >  Sports  >  Cricket  >  

കേരളത്തിന്റെ ‘മുഖ ശ്രീ ‘ ഇന്ത്യക്കുവേണ്ടി വീണ്ടും തെളിയുമോ?

Published : 7th August 2017 | Posted By: ev sports

വിഷ്ണു സലി


കളിക്കളത്തിനകത്തും പുറത്തും വികൃതിക്കുട്ടിയായിരുന്നു ശാന്തകുമാരന്‍ ശ്രീശാന്ത്. കേരളത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക്  ചിറക് മുളപ്പിച്ച കൊച്ചിക്കാരന്‍ . വഴക്കും വക്കാണവും തല്ലുകൊള്ളിത്തരങ്ങളുമായി ചീത്തക്കുട്ടിയെന്ന സല്‍പ്പേര് നേടിയിട്ടും പ്രതിഭകൊണ്ട് നാടിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ താരം. ഇന്ത്യയുടെ ട്വന്റി ലോകകപ്പിന്റെ മധുരിക്കുന്ന ഓര്‍മകളില്‍ മുഖശ്രീയായി തെളിഞ്ഞ് നിന്ന മുഖം. ഇതായിരുന്നു ഒരു കാലഘട്ടത്തില്‍ ശ്രീശാന്ത്. പേസ് ബൗളിങില്‍ ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷയായി വളര്‍ന്ന് വന്ന ശ്രീശാന്തിന് പക്ഷേ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അവഗണനയുടെ കഴുമരം കയറേണ്ടി വന്നു.  കാരിരുമ്പ് ജീവിതത്തിലും ഒരടിപോലും പതറാതെ  ജീവിതാനുഭവങ്ങളെ ഗുരുവാക്കി മുന്നോട്ട് പോയ ശ്രീശാന്തിന്റെ മുന്നില്‍ വീണ്ടും ഇന്ത്യന്‍ ജഴ്‌സിയിലെ സുവര്‍ണ സ്വപ്‌നങ്ങള്‍ ചിറകടിക്കുന്നു. ഒത്തുകളി വിവാദത്തിന്റെ പേരില്‍ ശ്രീശാന്തിന് ബിസിസിഐ നല്‍കിയ ആജീവനാന്ത വിലക്കെന്ന കൂച്ചുവിലങ്ങിനെ ഹൈക്കോടതി വിധിയിലൂടെ ശ്രീ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. പക്ഷേ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നും ഓടിയടുത്ത് ഉയര്‍ന്ന ചാടി എതിരാളിയുടെ വിക്കറ്റ് തെറുപ്പിക്കുന്ന ശ്രീശാന്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കയാത്ര മാത്രം അത്ര എളുപ്പമല്ല. പണക്കൊഴുപ്പും ബിസിനസ് മാഗ്നറ്റുകളും ഭരിക്കുന്ന ക്രിക്കറ്റ് ലോകത്തേക്ക് ശ്രീശാന്തിന്റെ മടക്കയാത്ര കേരളക്കരയിലെ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു പക്ഷേ അത് ആഗ്രഹം മാത്രമായി അവശേഷിച്ചേക്കാം. വികൃതിത്തരങ്ങോട് വിടപറഞ്ഞ് തന്റെ സ്വപ്‌നസദൃശ്യമായ ബൗളിങിലൂടെ പ്രവചനങ്ങള്‍ക്കപ്പുറത്തെ ഇതിഹാസമായി മാറിയ ശ്രീശാന്തിനും ഇനിയും ഇന്ത്യയുടെ മുഖ ശ്രീ ആയി ഉയരാന്‍ കടമ്പകള്‍ ഏറെ.
ഏകദിനത്തില്‍ തല്ലുകൊള്ളി ബൗളറായപ്പോഴും പക്വതയോടെ പന്തെറിഞ്ഞ ശ്രീശാന്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി. വിക്കറ്റിന്റെ ഇരു വശങ്ങളിലേക്കും പന്ത് ചലിപ്പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നവനായി ശ്രീശാന്ത് മാറിയത് വളരെ വേഗത്തിലായിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവിനെ പോലും മറികടന്ന 16 ടെസ്റ്റുകളില്‍ നിന്ന് 50 വിക്കറ്റുകള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ടെസ്റ്റ് ബൗളറെന്ന ലേബലിലേക്ക് ശ്രീശാന്ത് എത്തി. പക്ഷേ ഓരോ വളര്‍ച്ചയിലും പ്രതിഭയ്‌ക്കൊപ്പം തല്ലുകൊള്ളത്തരവും കോപ്രായങ്ങളും വളര്‍ന്നതോടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പോലും കണ്ണിലെകരടായി ശ്രീശാന്ത് മാറി. പിന്നീട് ആസ്‌ത്രേലിയന്‍ താരങ്ങളെ നിരന്തരം ശുണ്ഠി പിടിപ്പിക്കുന്നവനായി മാറി നിരന്തരം വിവാദങ്ങളുടെ പുസ്തകത്തില്‍ ഇടം നേടിയതും കളിക്കളത്തില്‍ ഗോഷ്ടികള്‍ കാണിക്കുന്ന അച്ചടക്കമില്ലാത്തവനായി അംപയര്‍മാര്‍ വിധിയെഴുതിയും ശ്രീശാന്തെന്ന പ്രതിഭയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ ഹര്‍ഭജന്‍ സിങിന്റെ കരണത്തടികൂടി ഏറ്റുവാങ്ങിയതോടെ ശ്രീശാന്ത് കേരളക്കരയിലടക്കം വെറുക്കപ്പെട്ടവനായി. പിന്നീടുള്ള ചര്‍ച്ചകള്‍ ശ്രീശാന്ത് എന്ന താരത്തിന്റെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ചായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാതിലും ശ്രീക്ക് മുന്നില്‍ പതിയെ കൊട്ടിയടക്കപ്പെട്ടു. 2013ലെ ഐപിഎല്ലില്‍ ഒത്തുകളി ആരോപണത്തില്‍ ശ്രീശാന്തിന്റെ പേരും ഉയര്‍ന്നുവന്നപ്പോള്‍ ആര്‍ക്കും അദ്ഭുതം ഇല്ലായിരുന്നു. കാരണം കളിക്കളത്തിലെ സ്വഭാവദൂഷ്യം നേരത്തെ തന്നെ ലോക ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ശ്രീയെ ചീത്തക്കുട്ടിയായി പ്രതിഷ്ടിപ്പിച്ചിരുന്നു.
ഹൈക്കോടതി വിധി അനുകൂലമാണെങ്കിലും ശ്രീശാന്തിന്റെ കേസ് പഠിച്ച ശേഷം തീരുമാനമെന്ന ബിസിസിഐയുടെ വാക്കുകള്‍ ശ്രീശാന്തിന് പ്രതീക്ഷിക്ക് വകനല്‍കുന്നതല്ല. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ബൗളിങിനെ ഭരിക്കുന്ന നിലവിലെ ഇന്ത്യന്‍ ടീമില്‍ പലപ്പോഴും ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും പോലും ടീമില്‍ ഇടം ലഭിക്കുന്നില്ല. ഈയൊരു സാഹചര്യത്തില്‍ ശ്രീശാന്തിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ മടങ്ങിവരവ് ദുഷ്‌കരമാവുമെന്നത് വസ്തുതയാണ്. ക്രിക്കറ്റില്‍ അപ്പന്‍ അപ്പൂപ്പന്‍മാരുടെ പാരമ്പര്യം ഇല്ലാത്ത ശ്രീശാന്തെന്ന പ്രതിഭയുടെ ജീവിതം തല്ലിത്തകര്‍ത്തവരോട്. ചരിത്രത്തെ മായ്ച്ച് കളയാനാവില്ല. 2007ലെ ട്വന്റി ലോകകപ്പിന്റെ മാഹാത്മ്യം ജീവിക്കുന്നിടത്തോളം ശ്രീശാന്തെന്ന താരവും ഇന്ത്യയുടെ മുഖ ശ്രീയായി തന്നെ തിളങ്ങി നില്‍ക്കും. ഇനി നമുക്ക് ശുഭാപ്തി വിശ്വാസം കൈവിടാതെ കാത്തിരിക്കാം. ലക്ഷ്യവും പ്രാര്‍ഥനയും ഏകാഗ്രതയും നിറഞ്ഞ പന്തുകളുമായി വിമര്‍ശകരുടെ വായിടപ്പിക്കുന്ന ശ്രീയുടെ പന്തുകള്‍ക്കായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss