|    Apr 27 Fri, 2018 6:41 am
FLASH NEWS

കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാന്‍ പരിഷത്ത് കലാജാഥ

Published : 2nd February 2016 | Posted By: SMR

കല്‍പ്പറ്റ: ആധുനിക ജീവിത സൗകര്യങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിനിടയില്‍ വിഷലിപ്തമായ കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുന്നതിനു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര കലാജാഥ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം തുടരുന്നു. ‘ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ കല്‍പ്പറ്റ കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ആഭിമുഖ്യത്തില്‍ കലാജാഥയ്ക്ക് സ്വീകരണം നല്‍കി.
കഴിഞ്ഞ തലമുറയില്‍ നിന്നു വാങ്ങിയ ഈ ഭൂമി അടുത്ത തലമുറയ്ക്ക് ഒരു കോട്ടവും പറ്റാതെ തിരിച്ചുകൊടുക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു പീറ്റര്‍ ഒഴാങ്കലിന്റെ നേതൃത്വത്തില്‍ വയനാടന്‍ കാലാകാരന്‍മാര്‍ അവതരിപ്പിച്ച ‘ഈ ഭൂമി ആരുടേത്’ എന്ന ശാസ്ത്ര സംഗീത നാടകം.
തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ്, കാട്, മഴ, പുഴ തുടങ്ങിയ പ്രകൃതിസമ്പത്ത് മുഴുവന് ആദായ വില്‍പനയിലൂടെ വിറ്റു കാശാക്കിയപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോവുന്നത് അറിയുന്നില്ല.
പശ്ചിമഘട്ടത്തിലെ പച്ചപ്പ് മെല്ലെ മാഞ്ഞുപോവുകയാണ്, മൃതപ്രായയെങ്കിലും പശ്ചിമഘട്ടത്തില്‍ ഇനിയും മരിച്ചിട്ടില്ലാത്ത ജീവന്റെ പച്ചത്തുടിപ്പ് അവശേഷിക്കുന്നുണ്ട്. ഈ ഹരിതഭൂമിയെ സംരക്ഷിക്കേണ്ട ബാധ്യത വളര്‍ന്നുവരുന്ന തലമുറയ്ക്കുണ്ടെന്ന യാഥാര്‍ഥ്യം അടിവരയിട്ടു പറയുന്നതായിരുന്നു കലാജാഥ.
‘കേരളം മണ്ണും മനസ്സും’ എന്ന സന്ദേശത്തോടെ സംഘടിപ്പിക്കുന്ന കലാജാഥ ജനുവരി 30ന് മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍ മന്ത്രി തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്.
വന നശീകരണം, മലിനീകരണം, പാറ പൊട്ടിക്കല്‍, മണല്‍ ഖനനം, കുന്നിടിക്കല്‍, വയല്‍ നികത്ത്, കാര്‍ഷികത്തകര്‍ച്ച, ഭക്ഷ്യ ദൗര്‍ലഭ്യം, വ്യവസായിക മുരടിപ്പ് തൊഴിലില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളാണ് ഭൗതിക സമ്പത്തിനെ ദുര്‍ബലപ്പെടുത്തിയതെന്ന് കലാജാഥ ഓര്‍മപ്പെടുത്തുന്നു.
ജാഥാ മാനേജര്‍ എം ഡി ദേവസ്യ, പ്രിന്‍സിപ്പല്‍ ഒ ടി അബ്ദുല്‍ അസീസ്, അധ്യാപകന്‍ കെ യു സുരേന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധി ജിനു ജോണ്‍ സംസാരിച്ചു. കെ ടി ശ്രീവല്‍സന്‍, എം കെ ദേവസ്യ, മാട്ടില്‍ അലവി നേതൃത്വം നല്‍കി. കരിവെള്ളൂര്‍ മുരളിയുടേതാണ് കലാജാഥയുടെ രചന. മനോജ് നാരായണന്‍ സംവിധാനം നിര്‍വഹിച്ചു.
ഒമ്പതു വരെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ചുള്ളിയോട് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss