|    Nov 18 Sun, 2018 6:58 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന്റെ പെരുന്നാള്‍ പ്രാര്‍ഥനകളില്‍ കണ്ണീരോര്‍മയായി ഹാഫിസ് ജുനൈദ്

Published : 28th June 2017 | Posted By: shins

കോഴിക്കോട്: അജ്ഞാതനായ ഒരു ഹരിയാനക്കാരന്‍ ബാലന്‍ ഇത്തവണ കേരളത്തിന്റെ ചെറിയ പെരുന്നാള്‍ പ്രാര്‍ഥനകളില്‍ കണ്ണീരോര്‍മകളാല്‍ വിശിഷ്ടാതിഥിയായെത്തി. ഡല്‍ഹി-മഥുര തീവണ്ടിയാത്രയ്ക്കിടെ റമദാന്‍ 28ന് മുസ്‌ലിമാണെന്ന ഏക കാരണത്താല്‍ ഹിന്ദുത്വ ഭീകരര്‍ തല്ലിക്കൊന്ന് പുറത്തേക്കെറിഞ്ഞ ഹാഫിസ് ജുനൈദ് എന്ന 16കാരനാണ് മുസ്‌ലിം കേരളത്തിന്റെ നോവായി മാറിയത്.
വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയതിന് ഉമ്മ സമ്മാനം നല്‍കിയ 1,500 രൂപയുമായി പുതുവസ്ത്രം വാങ്ങി തീവണ്ടിയില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഘപരിവാര അക്രമികള്‍ ജുനൈദിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. മലയാളത്തിലടക്കം ചില മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യദിവസം ജുനൈദിന്റെ ദുരന്തവും ഹിന്ദുത്വഭീകരതയും മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ദാരുണ സംഭവം അറിഞ്ഞയുടന്‍ തന്നെ കേരളീയ മുസ്‌ലിം മനസ്സ് പ്രാര്‍ഥനകളും നിശ്ശബ്ദ പ്രതിഷേധവുമായി സംഘപരിവാര ഭീകരതയ്‌ക്കെതിരേ ഐക്യപ്പെട്ടു.
ഹിന്ദുത്വ ഫാഷിസത്തിനെതിരേ നിരന്തര ബോധവല്‍ക്കരണം നടത്തുന്ന പ്രസ്ഥാനങ്ങളെ  തീവ്രവാദം ആരോപിച്ച് അകറ്റിനിര്‍ത്തുന്ന ചില സംഘടനകള്‍പോലും ജുനൈദിനു മേല്‍ അരങ്ങേറിയ ആര്‍എസ്എസ് മതാന്ധതയ്‌ക്കെതിരേ രൂക്ഷമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. പെരുന്നാള്‍ ദിനത്തില്‍ ജുനൈദിന് മയ്യിത്തു നമസ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫാഷിസ്റ്റ് അതിക്രമത്തിനെതിരേ ഐക്യദാര്‍ഢ്യമറിയിച്ചത്. ഇതാദ്യമായാണ് ഉത്തരേന്ത്യന്‍ ഹിന്ദുത്വ വംശീയാതിക്രമത്തിനെതിരേ സമസ്ത പരസ്യ നിലപാടെടുത്തതെന്നതും ശ്രദ്ധേയം.
കേരളത്തിലെ ഭൂരിഭാഗം മസ്ജിദുകളിലും ജുനൈദിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നു. പെരുന്നാള്‍ ദിനത്തില്‍ ഇമാമുമാര്‍ നടത്തിയ ഉദ്‌ബോധന സന്ദേശങ്ങളിലും ആക്രമണോല്‍സുകമായി മുന്നേറുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ ആശങ്കകള്‍ പങ്കുവച്ചു. അതിക്രമകാരികള്‍ക്കുമേല്‍ ഒരു നാള്‍ അല്ലാഹുവിന്റെ ആത്യന്തിക നീതി പുലരുക തന്നെ ചെയ്യുമെന്ന വിശുദ്ധ വചനമാണ് മിംബറുകളിലും മിഹ്‌റാബുകളിലുമൊക്കെ ഇക്കുറി പെരുന്നാള്‍ സന്ദേശമായി മുഴങ്ങിയത്.
ഇത്തവണ കേരളത്തിലെ പള്ളിയങ്കണങ്ങളിലുയര്‍ന്ന റമദാന്‍ പ്രാര്‍ഥനകളില്‍ ആര്‍എസ്എസ് ഭീകരതയില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണകള്‍ ഇടംനേടി. പള്ളിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ റിയാസ് മൗലവിക്കു വേണ്ടിയും ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പകയില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിനുവേണ്ടിയുമെല്ലാം റമദാനില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.
പെരുന്നാളിനോടനുബന്ധിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ ആശയവിനിമയങ്ങളിലും ഹിന്ദുത്വര്‍ വംശീയവിദ്വേഷത്താല്‍ നടപ്പാക്കിയ അരുംകൊലകളാണ് നിറഞ്ഞുനിന്നത്. സംഘപരിവാരത്തിനെതിരായ പ്രതിഷേധങ്ങള്‍ ലഘൂകരിക്കാനും അവരുമായി സഹകരിക്കാനും ചില മുഖ്യധാര മുസ്‌ലിം സംഘടനകള്‍പോലും ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കവെയാണ് കേരളത്തില്‍ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ മുസ്‌ലിം പൊതുബോധം ശക്തമാവുന്നതെന്നതു ശ്രദ്ധേയമാണ്. കാസര്‍കോട്ട് സംഘപരിവാരത്തിന്റെ  ഇഫ്താര്‍ പ്രഹസനം സമുദായം ഒരുമയോടെ ചെറുത്തതും കൂട്ടിവായിക്കാനാവും.

 

പി സി അബ്ദുല്ല

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss