|    Mar 23 Fri, 2018 11:00 am
Home   >  Editpage  >  Lead Article  >  

കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക്

Published : 6th April 2016 | Posted By: SMR

ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പുള്ള അവസാന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങള്‍ എടുത്തെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കടുംവെട്ട് നടത്തിയാണ് മന്ത്രിസഭ ഇറങ്ങിപ്പോവുന്നതെന്ന് പ്രതിപക്ഷനേതാവ്. രണ്ടും തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. മാര്‍ച്ച് നാലിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതിനുമുമ്പ് മാര്‍ച്ച് ഒന്നിനും രണ്ടിനുമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. പിന്നീട് മാര്‍ച്ച് 9നും. മാര്‍ച്ച് ഒന്നിന് 35ഉം മാര്‍ച്ച് രണ്ടിന് 75ഉം തീരുമാനങ്ങളെടുത്തു. മാര്‍ച്ച് ഒന്നിന് 105 പേര്‍ക്ക് ചികില്‍സാ ധനസഹായവും അനുവദിച്ചു. രണ്ടിനു വരള്‍ച്ചാ പരിഹാര നടപടികളും വിശദമായി ചര്‍ച്ചചെയ്തിരുന്നു. ഇതല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 2010 ജൂലൈ 17ന് ഇറക്കിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് കുമരകം ഇക്കോ ടൂറിസം വില്ലേജ്. വ്യവസായവകുപ്പില്‍നിന്ന് അന്ന് രണ്ടു പദ്ധതികള്‍ നടപ്പാക്കാനാണു നിര്‍ദേശിച്ചത്. ആറന്മുള വിമാനത്താവളവും ഇതും. സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതികള്‍ പല വകുപ്പുകള്‍ ഉള്‍പ്പെട്ടതായതിനാല്‍ അന്നത്തെ മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
2009ല്‍ ഇവര്‍ കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ലേജ് പദ്ധതി എന്ന പേരില്‍ പദ്ധതി സമര്‍പ്പിക്കുകയും ഇടതുസര്‍ക്കാരിന്റെ കാലത്ത് 2010 ജൂലൈ 17ന് ഇതനുവദിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാം ടൂറിസം തുടങ്ങിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതി സമര്‍പ്പിച്ചത്. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം 2008, പരിസ്ഥിതി അനുമതി എന്നിവയ്ക്കു വിധേയമായി മാത്രം നടപ്പാക്കുന്നതിന് തത്ത്വത്തില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2,200 കോടി രൂപ നിക്ഷേപം വരുന്നതും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പദ്ധതി പരിഗണിക്കാവുന്നതാണെന്നു കോട്ടയം ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. 2007 മുതല്‍ ഇവിടെ കൃഷിചെയ്യുന്നില്ല. കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്ക് ഒരിഞ്ച് ഭൂമിപോലും നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, വന്‍തോതില്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന മട്ടില്‍ തെറ്റായ പ്രചാരണം നടക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഇതു റദ്ദാക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ നെല്ലിയാമ്പതിയിലെ പോബ്‌സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ഭൂമി ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതു വിവാദമായതോടെ, ഹൈക്കോടതിയിലുള്ള കേസിന്റെ അന്തിമവിധിക്കുശേഷം മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്നാണു സര്‍ക്കാരിന്റെ പുതിയ തീരുമാനം.
നെല്ലിയാമ്പതിയിലെ തര്‍ക്കഭൂമി സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണം നടത്തി 2014 ആഗസ്തില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ ഭൂമിയും സര്‍വേ നടത്തുന്നതിന് ഉത്തരവായി. ഇതിനെതിരേ പോബ്‌സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കി. സര്‍വേയില്‍ പോബ്‌സ് എസ്റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കറില്‍ സര്‍ക്കാര്‍ഭൂമി ഇല്ലെന്നും ഇവരുടെ കൈവശം 15 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് 833 ഏക്കറില്‍ കരം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിക്കുകയും റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം തേടുകയും ചെയ്തു. സര്‍ക്കാരിന്റേതല്ലെന്നു കണ്ടെത്തിയ ഭൂമിയില്‍ കരം ഒടുക്കുന്നതിന് അനുമതി നല്‍കാവുന്നതാണെന്നും കരം ഒടുക്കിയതുകൊണ്ടു മാത്രം വസ്തുവില്‍ ഉടമസ്ഥാവകാശം ലഭിക്കുകയില്ലെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ക്കു വിധേയമായി കരം ഒടുക്കാന്‍ അനുമതി നല്‍കിയത്.
സ്വകാര്യമേഖലയില്‍ ഹൈടെക്/ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മടത്തുംപടി വില്ലേജിലും ഉള്‍പ്പെട്ട 127.85 ഏക്കറില്‍ കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അപേക്ഷ നല്‍കിയിരുന്നു. 1,600 കോടി രൂപയുടെ നിക്ഷേപവും 20,000 മുതല്‍ 30,000 വരെ ആളുകള്‍ക്ക് ജോലിയും നല്‍കുന്ന പദ്ധതിയാണ് ഇതെന്നു കമ്പനി അവകാശപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ ഭൂപരിധി നിയമത്തില്‍ ഇളവനുവദിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. കര്‍ശനമായ വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ അതു പരിഗണിച്ചത്. ഹൈടെക്/ഐടി ഇതര ആവശ്യത്തിന് ഭൂമി ഉപയോഗിച്ചാല്‍ ഇളവ് ഇല്ലാതാവുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ആവശ്യമായ ക്ലിയറന്‍സ് നേടിയെന്നു ജില്ലാ കലക്ടര്‍ ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍, ഭൂമി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതും ഭൂപരിധി ഇളവിന് നേരത്തേ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചിരുന്നതും വ്യവസായവകുപ്പിനു നല്‍കിയ അപേക്ഷയില്‍ കമ്പനി മറച്ചുവച്ചിരുന്നു. ഇതു പിന്നീട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ഉത്തരവ് റദ്ദാക്കുകയുമാണ് ഉണ്ടായത്.
പീരുമേട് ഹോപ് പ്ലാന്റേഷന്‍ ഭൂപരിധി നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് 40 വര്‍ഷമായി നിയമപോരാട്ടം നടത്തിവരുകയാണ്. അവരുടെ കൈവശമുള്ള 4,266 എക്കര്‍ തോട്ടത്തില്‍ 3,984 ഏക്കര്‍ ഭൂമിക്ക് ഇളവുതേടി 1974ല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 2,945 ഏക്കറിന് 1976ല്‍ പീരുമേട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇളവനുവദിച്ച് ഉത്തരവു നല്‍കി. ഇത് നിയമപോരാട്ടത്തിനു തുടക്കമിട്ടു. കമ്പനിയും സര്‍ക്കാരും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോരാടി. ഏറ്റവുമൊടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം 2016 ജനുവരിയില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി കക്ഷികളെ നേരിട്ടു കേള്‍ക്കുകയും ഭൂപരിധി നിയമത്തില്‍ ഇളവനുവദിക്കുന്നതിനുള്ള അപേക്ഷ പുനപ്പരിശോധിക്കുകയും ചെയ്തു. പതിനായിരത്തോളം പേര്‍ക്ക് ജീവിതമാര്‍ഗം നല്‍കുന്ന ഈ എസ്റ്റേറ്റില്‍നിന്ന് ഒറ്റയടിക്ക് ഭൂമി ഏറ്റെടുക്കുന്നത് പ്ലാന്റേഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്നാല്‍ 302.76 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്നും കണ്ടെത്തി. ഇതില്‍നിന്നു 151 ഏക്കര്‍ ഭൂമി പൊതുആവശ്യത്തിന് ഏറ്റെടുക്കാനാണു മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വരുകയും ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയുമാണ്.
സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാണ് എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമത്തില്‍ 47 ഏക്കറില്‍ അനുമതി നല്‍കിയത്. 1,000 കോടി രൂപയുടെ നിക്ഷേപവും ഏഴായിരത്തോളം പേര്‍ക്ക് നേരിട്ടു തൊഴിലും ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കു വിധേയമായും ബന്ധപ്പെട്ട സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് 47 ഏക്കറില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്.
പരിസ്ഥിതിയും വികസനവുമെല്ലാം സമഞ്ജസമായി മുന്നോട്ടുകൊണ്ടുപോവുമ്പോഴാണ് നാടിനു മുന്നേറാന്‍ കഴിയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അത്തരമൊരു വികസന പരിപ്രേക്ഷ്യത്തോടെയാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍, ചില വിവാദങ്ങള്‍ വന്നപ്പോള്‍, തുറന്നമനസ്സോടെ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കുകയും ചിലത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതേസമയം, ഇടതുസര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടുകള്‍ അത്ര പെട്ടെന്നു വിസ്മരിക്കാന്‍ വയ്യ. അന്ന് യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് ഇഞ്ചോടിഞ്ച് പോരാടിയാണ് ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss