|    Apr 19 Thu, 2018 9:28 pm
FLASH NEWS

കേരളത്തിന്റെ ഔഷധ പെരുമ വിളിച്ചോതി ആഗോള ആയുര്‍വേദ മഹോല്‍സവം നാലാം ദിവസത്തില്‍

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: മൂന്നുദിവസമായി കോഴിക്കോട് സ്വപ്‌നനഗരയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ കോഴിക്കോടിന് ആയുര്‍വേദ മഹോത്സവമാകുന്നു.
പ്രധാനമന്ത്രിയുടെ പരിപാടിക്കുശേഷം നാഷനല്‍ റോഡ് മാപ്പ് ഫോര്‍ ആയുര്‍വേദ ആന്റ് പെര്‍സ്പക്ടീവ് ഓഫ് ആയുര്‍വേദ ഇന്‍ഡസ്ട്രി എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാര്‍. ബാംഗളൂര്‍ എംഎസ് രാമയ്യ മെമ്മോറിയല്‍ ആശുപത്രി പ്രസിഡന്റ് ഡോ. നരേഷ് ഷട്ടിയാണ് സെമിനാര്‍ നിയന്ത്രിച്ചത്. ഡോ. വി ജി ഉദയകുമാര്‍, ഡോ. കെ എസ് ധീമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ഗ്ലോബല്‍ ഹെല്‍ത്ത് ആന്റ് ആയുര്‍വേദ സെമിനാര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിലെ ആയുര്‍വേദയുടെ പ്രാധാന്യമാണ് ചര്‍ച്ചചെയ്തത്. ജാപ്പാനില്‍ നിന്നുള്ള പ്രഫ. ഹരിശങ്കര്‍ ശര്‍മ സെമിനാര്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന കരിക്കുലം ചേഞ്ചസ് ഇന്‍ ആയുര്‍വേദഗ്രാജേറ്റ് എഡുക്കേഷന്‍ സെമിനാര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ. വനിത മുരളികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ജി വിനോദ് കുമാര്‍, ഡോ. വി കെ അജിത് കുമാര്‍, ഡോ. ഉമേഷ് ശുക്ല, ഡോ. രാഹുല്‍ ആര്‍ നായര്‍ പങ്കെടുത്തു.
ആയുര്‍വേദവിധികളെ ലോകത്തിന് പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കസ് (മലബാറിന്റെ പൂന്തോട്ടം) ഗ്രന്ഥത്തെ അടിസസ്ഥാനമാക്കികൊണ്ടുള്ള പ്രദര്‍ശനമാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ വേറിട്ട കാഴ്ച. ‘ഹോര്‍ത്തൂസ് വാലി ‘ എന്ന പേരില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 1678-1703 കാലഘട്ടത്തില്‍ ഇറങ്ങിയ ഗ്രന്ഥത്തില്‍ മലബാര്‍ മേഖലയില്‍ കണ്ടുവരുന്ന 742 സസ്യങ്ങളെയും ആവയുടെ ഉപയോഗവും ചികില്‍സാരീതിയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
ഈ ഗ്രന്ഥത്തെ ആധാരമാക്കി ഇതിലെ 453 സസ്യങ്ങളെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നു. ‘കേരളരാമം’ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹോര്‍ത്തൂസ് മലബാറിക്കസ്സില്‍ അച്ചടിച്ച ചിത്രങ്ങളുടെ പകര്‍പ്പാണ് ഓരോ ചെടികളുടെയും വിവരണങ്ങളില്‍ നല്‍കിയിരിക്കുന്നത്. മാരക രോഗങ്ങള്‍ക്കടക്കമുള്ള ഒറ്റമൂലികളാണ് ഹോര്‍ത്തൂസ് വാലിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിനെതിരെ വരെ ഫലപ്രദമായി ഉപയോഗിക്കുന്ന നെയ്തലാമ്പലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നൂറിലധികം ചെടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐയുസിഎന്‍ അപൂര്‍വവിഭാഗത്തില്‍ പെടുത്തിയതില്‍ ഇരുപതിലധികം സസ്യങ്ങള്‍ ഹോര്‍ത്തൂസ് വാലിയില്‍ ഉണ്ട്.
അല്‍സിമേഴ്‌സ് പ്രതിരോധിക്കുന്ന ക്രൈസംമലബാറിക്കം എന്ന സസ്യവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. കാസര്‍കോഡ് ജില്ലയിലെ പെരിയ ഗ്രാമത്തില്‍ മാത്രം കണ്ടുവരുന്നതാണ് ഈ അപൂര്‍വ ഇനം ചെടി. കാന്‍സറിനെ പ്രതിരോധിക്കുന്ന കടപ്ലാവും തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമലയില്‍ മാത്രം കണ്ടുവരുന്ന ആരോഗ്യപച്ചയും, അപൂര്‍വ വിഭാഗത്തില്‍ പെടുന്ന അല്‍പം, കാരപ്പൊന്ന്, ചൂവന്ന ചീരളം എന്നിവയും ഹോര്‍ത്തൂസ് വാലിയിലെ അപൂര്‍വ ശേഖരങ്ങളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss