|    Jul 28 Fri, 2017 12:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിനുള്ള ആനുകൂല്യം കുറച്ചു: അരിവിതരണം പ്രതിസന്ധിയില്‍; 24 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും

Published : 19th October 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിവിതരണം പ്രതിസന്ധിയില്‍. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്തത്തിനെ തുടര്‍ന്ന് കേന്ദ്രം കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിലാണിത്. ഇതോടെ സംസ്ഥാനത്തെ റേഷന്‍കടകളില്‍ എപിഎല്‍ വിഭാഗത്തിനുള്ള അരിവിഹിതം കുറയും. കൂടാതെ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്ന അരിക്ക് ഇനിമുതല്‍ 22.64 രൂപ നല്‍കണം. കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന എപിഎല്‍ കാര്‍ഡുടമകളെയാണ് പ്രശ്‌നം ബാധിക്കുക.
നിലവില്‍ ഈ മാസം അഞ്ച് കിലോ അരി മാത്രമാണ് എപിഎല്‍ വിഭാഗത്തിന് ലഭിക്കുക. ഭക്ഷ്യസുരക്ഷാനിയമം ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് കേരളത്തിന് അരി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനാല്‍ കൂടിയ വിലയ്ക്ക് എപിഎല്‍ വിഭാഗത്തിനുള്ള അരിയേറ്റെടുക്കാന്‍ ആവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തെ അറിയിച്ചു. അധിക ബാധ്യത സര്‍ക്കാരിനുണ്ടാവുമെന്നതിനാല്‍ ആണിത്. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി വില സംബന്ധിച്ച അവ്യക്തത തുടരുന്നതുകൊണ്ടാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
2016 നവംബര്‍ മാസം മുതല്‍ എപിഎല്ലുകാര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില ഈടാക്കിയിട്ടുണ്ട്. ഇതിനാല്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് എപിഎല്‍ നിരക്കില്‍ ലഭ്യമാവുന്ന അരിയും ഗോതമ്പും കൂടിയ വിലയ്ക്ക് മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരെ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം എപിഎല്‍ വിഭാഗക്കാര്‍ക്ക് വകമാറ്റി ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് ഉത്തരവിലുളളത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1.54 കോടി ജനങ്ങള്‍ക്കാണ് കേന്ദ്രം സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക. പുതിയ നിയമപ്രകാരം കേരളത്തിന് കിട്ടുന്ന ഭക്ഷ്യധാന്യ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണാണ്. ഇതില്‍ നിലവിലെ ബിപിഎല്‍, അന്ത്യോദയ എന്നിവരടങ്ങുന്ന മുന്‍ഗണനാ വിഭാഗത്തിന് 10.25 മെട്രിക് ടണ്‍ ധാന്യമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. ബാക്കി 4 ലക്ഷം മെട്രിക് ടണ്ണാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
നിയമം നടപ്പാക്കാന്‍ ഏപ്രില്‍ വരെ സമയം ചോദിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയില്ലെങ്കില്‍ എപിഎല്‍ വിഭാഗത്തിനുള്ള ആനുകൂല്യം കുറയ്ക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഈമാസം 5ന് മന്ത്രി പി തിലോത്തമന്‍ കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ കണ്ടിരുന്നു. 2017 മാര്‍ച്ച് 31 വരെ സമയം നീട്ടിച്ചോദിച്ചെങ്കിലും കേന്ദ്രം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. അതേസമയം, കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കേരളത്തിലെ റേഷന്‍കടകള്‍ 24 മുതല്‍ അടച്ചിടും. റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമിതിയുടേതാണ് തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക