|    Oct 18 Thu, 2018 4:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിനും ത്രിപുരയുടെ ഗതിവരും: കനയ്യകുമാര്‍

Published : 4th March 2018 | Posted By: kasim kzm

മലപ്പുറം: ജനകീയപ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കി നയനിലപാടുകള്‍ എടുക്കാന്‍ മടിച്ചുനിന്നാല്‍ കേരളത്തിനും ത്രിപുരയുടെ ഗതിയായിരിക്കുമെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവും എഐഎസ്എഫ് ദേശീയ സെക്രട്ടറിയുമായ കനയ്യകുമാര്‍. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസും ബിജെപിയും ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതിനെതിരേ ദേശീയതലത്തില്‍ ഐക്യമുന്നണി രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫാഷിസത്തെ ഫലപ്രദമായി തടയാന്‍ സാധിക്കൂ. ജനാധിപത്യത്തെ തകര്‍ത്ത് മനുവാദത്തിലധിഷ്ഠിതമായ വ്യവസ്ഥ സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും നാടായി ചിത്രീകരിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിയോഗികളാണെങ്കിലും ഗുജറാത്തില്‍ പ്രതിയോഗിയല്ല. ബിഹാറിലെ സാഹചര്യം മറ്റൊന്നാണ്. ഓരോ പ്രദേശത്തിന്റെയും സാഹചര്യം പരിഗണിച്ച് വിശാല സഖ്യമാണു വേണ്ടത്.
കേരളം ഇന്നു ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നൂവെന്ന് പൊതുവെ പറയാറുണ്ട്. ഉല്‍ബുദ്ധരായ സമൂഹമുള്ള കേരളത്തില്‍ നിന്ന് വിശാല സഖ്യത്തിനുള്ള മുന്‍കൈയുണ്ടാവണം. താടിയും തൊപ്പിയും വച്ച മുസ്‌ലിം, രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റും അനുഭവിക്കുന്ന പ്രയാസം അറിയണമെങ്കില്‍ ഒരു മുസ്്‌ലിമാവണം. അതുപോലെ ആദിവാസികളും ദലിതുകളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയാന്‍ അവരിലൊരാളാവണം. തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റുകള്‍ക്കു വേണ്ടത്. അടുത്ത ലോക്‌സഭയി ല്‍ കൂടി ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഇന്ത്യയുടെ ഭരണഘടന തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പാര്‍ശ്വവല്‍കൃതരും അശക്തരുമാണെങ്കിലും ശക്തര്‍ക്ക് വിടുപണി ചെയ്യാന്‍ ഒരുക്കമല്ല.
ഇന്ത്യയുടെ ചരിത്രം പോരാട്ടങ്ങളുടേതാണ്. ബ്രിട്ടിഷുകാരെ കെട്ടുകെട്ടിക്കാന്‍ ശക്തി കാണിച്ച ജനത അവരുടെ ചാരന്മാരെയും കെട്ടുകെട്ടിക്കാന്‍ ശക്തരാണെന്ന് ഓര്‍ക്കണം- കനയ്യകുമാര്‍ പറഞ്ഞു. ദാരിദ്ര്യവും അസമത്വവും നിലനില്‍ക്കുന്നിടത്തോളം ഇടതു ചിന്തകളെ ഇന്ത്യയില്‍ നിന്ന് തകര്‍ത്തെറിയാമെന്ന മോഹം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് കമ്പനികളെ പ്രകൃതിചൂഷണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജനകീയസമരങ്ങള്‍കൊണ്ടേ ആവൂ എന്ന് ഒഡീഷയിലെ പോസ്‌കോവിരുദ്ധ സമര നേതാവ് അഭയ് സാഹു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss